ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകരോട് നമ്മൾ നീതി പുലർത്തണം എന്ന് നിർമാതാവ് രജപുത്ര രഞ്ജിത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും. തിയറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായം നേടുന്ന ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുകയാണ്. കിട്ടുന്ന ശബളത്തിൽ നിന്നും ഒരു തുക മാറ്റി വച്ച് സിനിമ കാണാൻ എത്തുന്ന ഒരു വലിയ പ്രേക്ഷകർ നമുക്കുണ്ടെന്നും ഒരു നിർമാതാവ് എന്ന നിലയിൽ താൻ അവരോട് നീതി കാണിക്കേണ്ടതാണെന്നും രഞ്ജിത് പറയുന്നു. ഒരു സംവിധായകൻ നിർമാതാവിനെക്കാൾ പ്രേക്ഷകരോടാണ് നിതീ പുലർത്തേണ്ടതെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ രജപുത്ര രഞ്ജിത് പറഞ്ഞു.
രജപുത്ര രഞ്ജിത് പറഞ്ഞത്:
ചെറിയ പ്രായത്തിൽ കിട്ടുന്ന ശമ്പളത്തിന്റെ ഒരു ഭാഗം സിനിമ ടിക്കറ്റിന് വേണ്ടി മാറ്റി വച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു എനിക്ക്. അന്നും സിനിമയോട് വലിയ ഇഷ്ടമായിരുന്നു. അങ്ങനെ സിനിമ കാണുമ്പോൾ അതൊരു മോശം സിനിമയാണെങ്കിൽ ഞാൻ പ്രാകിയിട്ടുണ്ട്. അതുപോലെയുള്ള പ്രേക്ഷകർ ഉണ്ട് ഇവിടെ. അവരാണ് ഇവിടുത്തെ ഭൂരിപക്ഷം. അവരോട് നമ്മൾ നീതി കാണിക്കണം. മാത്രമല്ല ഒരു ഫാമിലിയെ ഉൾപ്പടെ ഇന്ന് സിനിമ കാണിക്കണമെങ്കിൽ എത്ര രൂപ ചിലവ് വരും. അതുകൊണ്ട് അവരോട് നീതി കാണിക്കാൻ ശ്രമിക്കുക എന്നതാണ്. അത് ഞാൻ സംവിധായകരോടും പറയാറുണ്ട്. നിങ്ങൾ എന്നോടല്ല എന്നെക്കാൾ കൂടുതൽ പ്രേക്ഷകരോടാണ് നിങ്ങൾ നീതി പുലർത്തേണ്ടത് എന്ന്.
പെർഫോമർ എന്ന തരത്തിൽ മോഹൻലാലിന്റെ കംബാക്ക് ആണ് തുടരും എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മോഹൻലാലിനെക്കൂടാതെ ചിത്രത്തില്‍ ശോഭന, പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ഇൻഡസ്ട്രി ഹിറ്റ് ചിത്രമായ എമ്പുരാന്റെ റെക്കോര്‍ഡ് തകര്‍ത്താണ് തുടരും മലയാള സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ കെ ആർ സുനിലും തരുൺ മൂർത്തിയുമാണ്. ഷാജി കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്.