എം80 മൂസ എന്ന സിറ്റ്‌കോം പരമ്പരയിലെ പാത്തുവിൽ നിന്ന് ARM ലെ മാണിക്യത്തിലേക്ക് വരുമ്പോൾ ഓർക്കാൻ പുതിയ കഥാപാത്രത്തെ ലഭിക്കുകയായിരുന്നു എന്ന് നടി സുരഭി ലക്ഷ്മി. ടൊവിനോയുടെ നായികയായി അഭിനയിക്കും എന്ന് നേരത്തെ സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ അവർ പരിഹസിക്കുകയായിരുന്നു. അലുവയും മത്തിക്കറിയും പോലെ ആകുമെന്നാണ് അവർ പറഞ്ഞത്. അവർ അതിനെ നോക്കിക്കണ്ടത് മുൻവിധിയോടെയാണ്. എന്നാൽ ഒരു നടി എന്ന നിലയിൽ അങ്ങനെയൊരു കഥാപാത്രം ചെയ്യാൻ കഴിയുമെന്ന വിശ്വാസം തനിക്കുനുണ്ടായിരുന്നു. രൂപം കൊണ്ടോ സ്വഭാവം കൊണ്ടോ യാതൊരു ബന്ധവുമില്ലാത്ത കഥാപാത്രങ്ങളായിരുന്നു പാത്തുവും മാണിക്യവും റൈഫിൾ ക്ലബ്ബിലെ സൂസനും എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സുരഭി ലക്ഷ്മി പറഞ്ഞു.
സുരഭി ലക്ഷ്മി പറഞ്ഞത്:
എല്ലാ ക്ലാസ്സിക്കൽ കലകൾക്കും അതിന്റെതായ ഒരു ഫ്രെയിം ഉണ്ട്. കൂടിയാട്ടത്തിനും ഭാരത നാട്യത്തിലും എല്ലാം തന്നെ അതിന്റെതായ ഫ്രെയിം ഉണ്ട്. നമ്മൾ ആ ഫ്രെയിമിന്റെ ഉള്ളിൽ കയറി അതിനെ എത്രത്തോളം ഭംഗിയാക്കുന്ന എന്നതിനനുസരിച്ചാണ് ആ കലാരൂപം ഭംഗിയാകുക. എന്നാൽ തിയറ്ററിനെ സംബന്ധിച്ച് നമ്മൾ എത്രത്തോളം ഈ ഫ്രെയിമിനെ പൊളിക്കുന്നു എന്നതിന് അനുസരിച്ചാണ് ആ കലാരൂപം ഭംഗിയാകുക. ആ പൊളിച്ചെറിയലിലാണ് നമ്മളൊരു നല്ല നടനോ നടിയോ ആകുന്നത്. എനിക്ക് ആ പൊളിച്ചെറിയാലാണ് കുറച്ചുകൂടി കഴിയുക.
എം80 മൂസയിലെ പാത്തു എന്നൊരു കഥാപാത്രം അതിൽ തന്നെ നിൽക്കുന്ന ഒരാളാണ്. മാണിക്യത്തിലേക്ക് മാറി വരുമ്പോൾ ഇന്നുള്ള ഒരു പുതിയ നടനോടൊപ്പം റോമൻസാണ് ചെയ്യുന്നത്. മുൻപ് ഞാൻ ടൊവിനോയുടെ നായികയായി അഭിനയിക്കുന്ന കാര്യം പറഞ്ഞാൽ പരിഹസിക്കുമായിരുന്നു. ആലുവയും മത്തിക്കറിയും പോലെ ഉണ്ടാകും എന്ന് പറയും. അവർക്കത് സങ്കൽപ്പിക്കാൻ കഴിയുന്നില്ല. പക്ഷെ ഒരു നടിയെന്ന നിലയിൽ അത് സാധിക്കുമെന്ന് എനിക്കറിയാം.
മുൻവിധികൾ ഉണ്ടായിരുന്നു അവർക്കെല്ലാം. ARM വന്നപ്പോൾ പാത്തു എന്ന പേരിൽ നിന്ന് മാണിക്യം എന്ന പേരിലേക്ക് നമുക്ക് നമ്മളെ തന്നെ ഓർക്കാൻ കഴിയുന്ന പുതിയ ഒരു പേരിലേക്ക് മാറി. ഓർമ്മയിൽ വേറെ ഒരാളെ കൊണ്ടുവരാൻ കഴിഞ്ഞു എന്നുള്ളതാണ്. രൂപം കൊണ്ടോ സ്വഭാവം കൊണ്ടോ അതുമായി യാതൊരു സാമ്യവുമില്ലാത്ത ഒരാളായിട്ടാണ് റൈഫിൾ ക്ലബ്ബിലെ സൂസനെ എനിക്ക് തോന്നിയിട്ടുള്ളത്. നാഷണൽ അവാർഡ് കിട്ടിയപ്പോൾ ലോറി പോലെ ഒരു സ്പേസ് കിട്ടി. പക്ഷെ അതിലേക്ക് നിറയ്ക്കാൻ പാകത്തിനുള്ള കഥാപാത്രങ്ങൾ എന്റെ കയ്യിൽ ഇല്ല. അതിൽ ഉള്ളവരെല്ലാം ആടിയുലഞ്ഞ് എവിടെയെങ്കിലും പിടിച്ചു നിൽക്കുക എന്ന അവസ്ഥയാണിപ്പോൾ. കാലങ്ങൾ കഴിയുന്തോറും അതിലേക്ക് കഥാപാത്രങ്ങളെ നിറച്ച് ആ സ്പേസ് നിറച്ചാൽ മാത്രമേ ജനങ്ങൾക്ക് നാഷണൽ അവാർഡ് തരാൻ തോന്നുന്ന തരത്തിലുള്ള ഒരു നടിയായി ഞാൻ മാറുകയുള്ളൂ.