പൃഥ്വിരാജിനെ സിനിമയിൽ ഉൾപ്പെടുത്തിയാൽ പ്രശ്നമുണ്ടാകുമെന്ന് അമർ അക്ബർ അന്തോണി എന്ന സിനിമയ്ക്ക് മുൻപ് ചിലർ തങ്ങളെ ഉപദേശിച്ചുവെന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ. അമർ അക്ബർ അന്തോണി ഓൺ ആക്കിയപ്പോൾ ഒരുപാട് ഉപദേശങ്ങൾ വന്നു. പൃഥ്വിരാജ് വന്നാൽ അലമ്പാകുമെന്നും സ്ക്രിപ്റ്റ് തിരുത്തും എന്നൊക്കെയാണ് ചിലർ പറഞ്ഞത്. അപ്പോൾ തങ്ങൾക്കും പേടി തോന്നി. പക്ഷെ അദ്ദേഹം തങ്ങളോട് നല്ല രീതിയിലാണ് പെരുമാറിയത്. ഷൂട്ടിന്റെ ആദ്യ ദിവസം ഒരു റിയാക്ഷൻ ഷോട്ടിൽ അത്രയും വേണ്ടാ എന്ന് തോന്നിയപ്പോൾ രാജു ചേട്ടനോട് പറഞ്ഞു. ചെയ്തുകാണിക്കാനാണ് അദ്ദേഹം പറഞ്ഞത്. അത് ഇൻസൾട്ട് ഒന്നുമായിരുന്നില്ല. തങ്ങൾക്കെന്താണ് വേണ്ടത് എന്ന് ചോദിച്ചു മനസ്സിലാക്കിയാണ് പൃഥ്വിരാജ് അഭിനയിച്ചതെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞു.
വിഷ്ണു ഉണ്ണികൃഷ്‌ണൻ പറഞ്ഞത്:
അമർ അക്ബർ അന്തോണിയുടെ ഷൂട്ടിന് മുൻപ് പൃഥ്വിരാജ് ഒക്കെ സിനിമയിൽ വന്നാൽ വലിയ പ്രശ്നമായിരിക്കുമെന്നാണ് ആളുകൾ ഞങ്ങളോട് പറഞ്ഞത്. ഇവരെ വെച്ച് പടം ഓണാക്കിയപ്പോൾ ഉപദേശം കൊണ്ട് ഒരു രക്ഷയും ഉണ്ടായില്ല. രാജുവൊക്കെ വന്നാൽ അലമ്പായിരിക്കും എന്നാണ് ചിലർ പറഞ്ഞത്. രാജു സ്ക്രിപ്റ്റ് തിരുത്തും എന്നതുൾപ്പെടെയുള്ള ആവശ്യമില്ലാത്ത കാര്യങ്ങളും പേടിപ്പെടുത്തലുകളും ഒക്കെയാണ് കേട്ടത്. അപ്പോൾ ഞങ്ങൾക്കും പേടിയായി. പക്ഷെ അദ്ദേഹം ഞങ്ങളോട് വളരെ നല്ല രീതിയിലാണ് ഇടപെട്ടത്. ഷൂട്ടിന്റെ ആദ്യത്തെ ദിവസം ഒരു ഷോട്ടിന്റെ രാജു ചേട്ടന്റെ റിയാക്ഷൻ വേണമായിരുന്നു. ഷോട്ടെടുത്തു കഴിഞ്ഞപ്പോൾ ചെയ്തത് അത്രയും വേണ്ടാ എന്ന് തോന്നി.
നാദിർഷിക്കയോട് പറഞ്ഞപ്പോൾ നീ പോയി രാജുവിനോട് പറയ് എന്നാണ് പറഞ്ഞത്. നാദിർഷിക്കയും ആദ്യമായി സംവിധാനം ചെയ്യുകയാണ്. അതിന്റെ പേടികളും ഉണ്ടായിരുന്നു. ഞാൻ ചെന്ന് അത്രയും വേണ്ട എന്ന് പറഞ്ഞപ്പോൾ എങ്ങനെയായാണ് വേണ്ടത് എന്ന് കാണിച്ചു തരാനാണ് രാജു ചേട്ടൻ പറഞ്ഞത്. അപ്പോൾ ഞാൻ ചെയ്തു കാണിച്ചു കൊടുത്തു. അത് നമ്മളെ ഇൻസൾട്ട് ചെയ്തതൊന്നും അല്ല. നമ്മൾക്കെന്താണ് വേണ്ടത് എന്ന് ചോദിച്ചു മനസ്സിലാക്കിയാണ് രാജു ചേട്ടൻ ചെയ്യുന്നത്.