മോഹൻലാൽ സംവിധാനം ചെയ്ത ബറോസിന്റെയും ജോജു ജോർജ്ജ് സംവിധാനം ചെയ്ത പണിയുടെയും ഭാഗമാകാൻ കഴിഞ്ഞത് കഴിഞ്ഞ വർഷത്തെ ഭാഗ്യങ്ങളിൽ ഒന്നാണെന്ന് പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമൻ.നടൻമാർ സംവിധായകരാകുമ്പോൾ അവർക്ക് പരിമിതികൾ കുറവായിരിക്കും. നടന്മാരായ രണ്ടു പേരുടെ ആദ്യ സംവിധാന സംരംഭത്തിന്റെ ഭാഗമായത് ഭാഗ്യമായി കാണുന്നു. പണി സിനിമയിലെ ബ്ലാസ്റ്റ് സീൻ ആദ്യം സിജിയായി ചെയ്യാം എന്ന് ആലോചിച്ചെങ്കിലും പിന്നീട് ആർട്ട് ചെയ്യുകയായിരുന്നു. ബ്ലാസ്റ്റിംഗ് ഷൂട്ട് ചെയ്യുമ്പോൾ റീടേക്ക് ഉണ്ടാകില്ലെന്നും കാര്യങ്ങൾ സെറ്റ് ചെയ്‌താൽ നന്നായി വരുമെന്ന പ്രതീക്ഷ മാത്രമാണ് ഉള്ളതെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സന്തോഷ് രാമൻ പറഞ്ഞു.
സന്തോഷ് രാമൻ പറഞ്ഞത്:
കഴിഞ്ഞ വർഷം എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നായിരുന്നു 2 നടൻമാർ സംവിധായകരാകുന്ന ചിത്രത്തിൽ വർക്ക് ചെയ്യാൻ കഴിഞ്ഞു എന്നത്. നടൻമാർ സംവിധായകരാകുമ്പോൾ അവർക്ക് പരിമിതികളില്ല എന്നുള്ളതാണ്. പണി സിനിമയിലെ ബ്ലാസ്റ്റ് സീൻ ആദ്യം ആലോചിക്കുമ്പോൾ തന്നെ സിജിയിലേക്ക് പോകാം എന്നായിരുന്നു പറഞ്ഞിരുന്നത്. സിജിയിൽ ചെയ്‌താൽ അത്രയും എഫക്റ്റ് അതിന് കിട്ടില്ല എന്ന് തോന്നിയതുകൊണ്ടാണ് ആർട്ടിലൂടെ ഉണ്ടാക്കിയെടുക്കാം എന്ന് തീരുമാനിച്ചത്. പ്രോസ്തെറ്റിക്ക്‌സിൽ രണ്ടുപേരുടെയും ബോഡി ക്രിയേറ്റ് ചെയ്താണ് അത് രൂപപ്പെടുത്തിയത്.
ബ്ലാസ്റ്റിന് റീടേക്ക് ചെയ്യാൻ പറ്റില്ല എന്നുള്ളതാണ്. പൊട്ടിയാൽ അത് തീർന്നു. ഒന്നാമത്തെ കാര്യം ബ്ലാസ്റ്റ് പോലുള്ള കാര്യങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ നമുക്ക് ഒന്നും പ്രവചിക്കാൻ കഴിയില്ല. ഏതു രീതിയിൽ ഇത് തെറിക്കും എന്നുള്ളത് പറയാനാകില്ല. ഒരു തല തെറിച്ചു പോകണം എന്ന് ആലോചിച്ച് ബോൾട്ടുകൾ ഉപയോഗിച്ച് അതിന് അനുസരിച്ച് സെറ്റ് ചെയ്താലും തെറിക്കുമായിരിക്കും എന്ന് പ്രതീക്ഷിക്കാനേ കഴിയൂ. ഇതുപോലെയുള്ള നിമിഷങ്ങളിൽ കാര്യങ്ങൾ സെറ്റ് ചെയ്യുക പ്രാർത്ഥിക്കുക എന്ന് മാത്രമേയുള്ളു.
ജോജു ജോർജ്ജ് സംവിധാനം ചെയ്ത പണി റിലീസിനെത്തിയത് കഴിഞ്ഞ ഒക്ടോബർ 24 നായിരുന്നു. മികച്ച അഭിപ്രായം നേടിയ ചിത്രം 60 കോടിയോളം തിയറ്ററിൽ നിന്ന് കളക്ട് ചെയ്തു. ഡിസംബർ 25 നു തിയറ്ററിലെത്തിയ ബറോസ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു. കുട്ടികളുടെ ചിത്രം എന്ന നിലയിലാണ് സിനിമ തിയറ്ററുകളിലെത്തിയത്.