മാലിക്, ടേക്ക് ഓഫ് പോലെയുള്ള സിനിമകളിൽ തങ്ങൾ റിവീൽ ചെയ്തപ്പോഴാണ് പലതും സെറ്റ് വർക്കാണെന്ന് ആളുകൾ തിരിച്ചറിയുന്നതെന്ന് കലാസംവിധായകൻ സന്തോഷ് രാമൻ. റിയലിസ്റ്റിക്ക് സിനിമകൾ ചെയ്യുമ്പോൾ ആരും അതിലെ ആർട്ട് ഡയറക്ഷൻ എടുത്ത് അറിയരുത് എന്ന ആഗ്രഹത്തിലാണ് ചെയ്യുന്നത്. ടേക്ക് ഓഫായാലും മാലിക്ക് ആയാലും ആ രൂപത്തിൽ ചെയ്തിട്ടുള്ള സിനിമകളാണ്. ആർട്ട് വർക്കാണെന്ന് തിരിച്ചറിയാൻ എന്തെങ്കിലും ഒരു കാര്യം സിനിമയിൽ തന്നെ വെച്ചാൽ മാത്രമേ അത് ആളുകൾക്ക് മനസ്സിലാകൂ എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സന്തോഷ് രാമൻ പറഞ്ഞു.
സന്തോഷ് രാമൻ പറഞ്ഞത്:
റിയലിസ്റ്റിക്ക് ആയ സിനിമകളിൽ ആർട്ട് ഡയറക്ഷൻ അറിയരുത് എന്ന നിലയിലാണ് ഇതുവരെയും സിനിമകൾ ചെയ്തു വന്നത്. അത് പിന്നീട് റിവീൽ ചെയ്യുമ്പോൾ ആളുകൾ മനസ്സിലാക്കുന്നത്. ടേക്ക്ഓഫായാലും മാലിക്ക് ആയാലും നമ്മൾ റിവീൽ ചെയ്യുമ്പോഴാണ് ഇതെല്ലാം സെറ്റ് വർക്ക് എന്ന് ആളുകൾ തിരിച്ചറിയുന്നത്. അത് തിരിച്ചറിയാനുള്ള എന്തെങ്കിലും ഒരു കാര്യം നമ്മളും എന്തെങ്കിലും ഇട്ടു കൊടുക്കുക എന്നതേ ഒള്ളൂ. അങ്ങനെ എന്തെങ്കിലും പ്രേക്ഷകർക്ക് കൊടുത്താൽ തിരിച്ചറിയാം, ഇല്ലെങ്കിൽ വേണ്ട എന്ന രീതിയിലാണ്.
കഴിഞ്ഞ വർഷം പുറത്തുവന്ന രണ്ടു പ്രധാനപ്പെട്ട സിനിമകളിൽ കലാസംവിധാനം നിർവഹിച്ചത് സന്തോഷ് രാമൻ ആയിരുന്നു. മോഹൻലാലിന്റെ സംവിധാനത്തിൽ പുറത്തുവന്ന ബറോസും ജോജു ജോർജിന്റെ സംവിധാനത്തിൽ പുറത്തുവന്ന പണിയും. ജോജു ജോർജ്ജ് തന്നെ നായക വേഷവും കൈകാര്യം ചെയ്ത പണി റിലീസിനെത്തിയത് കഴിഞ്ഞ ഒക്ടോബർ 24 നായിരുന്നു. മികച്ച അഭിപ്രായം നേടിയ ചിത്രം 60 കോടിയോളം തിയറ്ററിൽ നിന്ന് കളക്ട് ചെയ്തു. ഡിസംബർ 25 നു തിയറ്ററിലെത്തിയ ബറോസ് മോഹൻലാൽ കുട്ടികൾക്ക് വേണ്ടി ഒരുക്കിയ ചിത്രമായിരുന്നു. രണ്ട് നടൻമാർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞത് തന്റെ ഭാഗ്യമായിരുന്നു എന്ന് നേരത്തെ അഭിമുഖത്തിൽ സന്തോഷ് രാമൻ പറഞ്ഞിരുന്നു. നടൻമാർ സംവിധായകരാകുമ്പോൾ അവർക്ക് പരിമിതികൾ കുറവായിരിക്കുമെന്നും ആ ചിത്രങ്ങളിൽ പ്രൊഡക്ഷൻ ഡിസൈൻ നിർവഹിച്ചത് കഴിഞ്ഞ വർഷത്തെ ഭാഗ്യമായി കാണുന്നുവെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സന്തോഷ് രാമൻ പറഞ്ഞു.