അനന്തഭദ്രം എന്ന സിനിമയിലെ ദിഗംബരൻ എന്ന കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്ന് തനിക്കിപ്പോഴും അറിയില്ലെന്ന് നടൻ മനോജ് കെ ജയൻ. ആ കഥാപാത്രത്തെക്കുറിച്ച് ഇപ്പോഴും അത്ഭുതമാണ് തോന്നുന്നത്. സിനിമയുടെ സ്ക്രിപ്റ്റ് നേരത്തെ വായിച്ചിട്ടില്ല. ദിഗംബരനെ അവതരിപ്പിക്കാൻ കഴിയുമെന്ന് തോന്നിയിരുന്നില്ല. മണിയൻപിള്ള രാജുവാണ് ആത്മവിശ്വാസം നൽകിയത്. ആ കഥാപാത്രം എന്നെ ബാധിക്കുമോ എന്ന് പേടിയുണ്ടായിരുന്നു. അത്രയും വലിയ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ തനിക്കെങ്ങനെ കഴിഞ്ഞു എന്ന് ഇപ്പോഴും അറിയില്ലെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ മനോജ് കെ ജയൻ പറഞ്ഞു. മനോജ് കെ ജയന് ഏറെ നിരൂപക പ്രശംസ നേടിക്കൊടുത്ത കൊടുത്ത കഥാപാത്രമായിരുന്നു അനന്തഭദ്രം സിനിമയിലെ ദിഗംബരൻ എന്ന കഥാപാത്രം. ആസിഫ് അലി നായകനായി, തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന രേഖാചിത്രമാണ് മനോജ് കെ ജയന്റേതായി അവസാനം പുറത്തിറങ്ങിയ സിനിമ.
മനോജ് കെ ജയൻ പറഞ്ഞത്:
ദിഗംബരൻ എന്ന കഥാപാത്രത്തെക്കുറിച്ച് ഇപ്പോഴും അത്ഭുതമാണ് തോന്നുന്നത്. അനന്തഭദ്രത്തിന്റെ സ്ക്രിപ്റ്റ് ഞാൻ ഇതുവരെ വായിച്ചിട്ടില്ല. ഷൂട്ടിങ്ങിന് കുറെ മുൻപ് സുനിൽ പരമേശ്വരൻ പറഞ്ഞ ഒരു വൺ ലൈൻ മാത്രമാണ് അറിയാമായിരുന്നത്. മദ്രാസിൽ വന്നാണ് എന്നോട് കഥ പറഞ്ഞത്. അന്ന് മണിയൻപിള്ള രാജു ചേട്ടനും കൂടെ ഉണ്ടായിരുന്നു. ചേട്ടാ ഇതെന്ത് കണ്ടാണ് എന്നെ കാസ്റ്റ് ചെയ്യുന്നത് എന്നാണ് കഥ കേട്ടപ്പോൾ തന്നെ ഞാൻ ചോദിച്ചത്. എന്നെക്കൊണ്ട് ചെയ്യാൻ കഴിയുമോ എന്നും ഞാൻ ചോദിച്ചു. മനോജിനെക്കൊണ്ടേ ചെയ്യാൻ കഴിയൂ എന്ന് കോൺഫിഡൻസ് തന്നത് മണിയൻപിള്ള രാജു ചേട്ടനാണ്. പേടിച്ചു പേടിച്ച് നിന്ന എന്നെക്കൊണ്ട് സിനിമ കമ്മിറ്റ് ചെയ്യിപ്പിച്ചത് രാജു ചേട്ടനാണ്. അന്ന് കേട്ട് മറന്ന കഥയാണ്.
ആ കഥാപാത്രം ചെയ്‌താൽ എന്നെ അത് ബാധിക്കുമോ എന്നെല്ലാം ഭയമുണ്ടായിരുന്നു. അതുപോലെ മന്ത്രങ്ങളും തന്ത്രങ്ങളും എല്ലാം ഈ കഥാപാത്രം ചെയ്യുന്നുണ്ട്. അതുകൊണ്ട് സ്ക്രിപ്റ്റ് വായിക്കാൻ എനിക്ക് പേടിയായിരുന്നു. പിന്നീട് ഷൂട്ടിങ്ങിന് ചെന്ന് തിര നുരയും ചുരുൾ മുടിയിൽ പാട്ടിന് വേണ്ടി മേക്കപ്പും എല്ലാം ചെയ്തപ്പോൾ എവിടെന്നോ കിട്ടിയ ഒരു ശക്തിയിലാണ് ഞാൻ അത് ചെയ്തത്. ആദ്യം മുതൽ അങ്ങനെ തന്നെ പോകാം എന്ന് തീരുമാനിക്കുകയായിരുന്നു. അത്രയും വലിയ കഥാപാത്രം എങ്ങനെ എനിക്ക് ചെയ്യാൻ കഴിഞ്ഞു എന്ന് എനിക്കിപ്പോഴും അറിയില്ല.