Film Talks

അനിയത്തിപ്രാവില്‍ ചാക്കോച്ചന് കിട്ടിയ പ്രതിഫലം, ആദ്യ പ്രതിഫലം വെളിപ്പെടുത്തി സുരേഷ് ഗോപിയും

ആദ്യമായി നായകനായി അഭിനയിച്ച 'അനിയത്തിപ്രാവ'് എന്ന സിനിമക്ക് അമ്പതിനായിരം രൂപയാണ് പ്രതിഫലമായി ലഭിച്ചതെന്ന് കുഞ്ചാക്കോ ബോബന്‍. സൂര്യ ടിവിയില്‍ അഞ്ചിനോട് ഇഞ്ചോടിഞ്ച് എന്ന ഗെയിംഷോയില്‍ സുരേഷ് ഗോപിയുടെ ചോദ്യത്തിന് മറുപടി ആയാണ് വെളിപ്പെടുത്തല്‍.

നവോദയ അപ്പച്ചന്‍ നിര്‍മ്മാതാവായ സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. 2500 രൂപയുടെ ചെക്ക് ആണ് ഈ സിനിമക്ക് പ്രതിഫലമായി കിട്ടിയതെന്ന് സുരേഷ് ഗോപി. അപ്പച്ചന്‍ സാറില്‍ നിന്ന് നേരിട്ട് തന്നെ പ്രതിഫലം വാങ്ങണം, അത് ഒരു പൈസയാണെങ്കിലും. ഭയങ്കര വളര്‍ച്ചയുണ്ടാകും എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. ചെക്കിലെ പൂജ്യം കണ്ടോ , ആ പൂജ്യമങ്ങ് കൂട്ടിക്കൂട്ടി കൊണ്ടുവരണം എന്നാണ് അപ്പച്ചന്‍ സാര്‍ അന്ന് പറഞ്ഞത്.

1997ലാണ് അനിയത്തിപ്രാവ് പുറത്തിറങ്ങുന്നത്. ഫാസില്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മ്മിച്ചത്. ഉദയ നിര്‍മ്മിച്ച ധന്യ എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും നായകനായി കുഞ്ചാക്കോ ബോബനെ ലോഞ്ച് ചെയ്ത ചിത്രം അനിയത്തിപ്രാവ് ആയിരുന്നു. ഉദയാ എന്ന ബാനറുമായി വീണ്ടും സജീവമാവുകയാണ് ചാക്കോച്ചന്‍. മാലിക്, സീ യു സൂണ്‍ എന്നീ സിനിമകള്‍ക്ക് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന അറിയിപ്പ് നിര്‍മ്മിക്കുന്നത് ഉദയയുടെ ബാനറില്‍ കുഞ്ചാക്കോ ബോബനാണ്.

ഈ വര്‍ഷം ഇനി വരാനിരിക്കുന്ന മികച്ച പ്രൊജക്ടുകളില്‍ പലതും ചാക്കോച്ചന്റേതാണ്. അരവിന്ദ് സ്വാമിക്കൊപ്പം ഒറ്റ്, ഭീമന്റെ വഴി, പട, അറിയിപ്പ്, അഞ്ചാം പാതിര രണ്ടാം ഭാഗം, എന്നാ താന്‍ കേസ് കൊട് എന്നിവയാണ് ചാക്കോച്ചന്റെ പുതിയ സിനിമകള്‍.

അനിയത്തിപ്രാവിനെക്കുറിച്ച് ദ ക്യുവിനോട് ചാക്കോച്ചന്‍ മുമ്പ് പറഞ്ഞത്

ആര് ചെയ്താലും അത് ഓക്കെ ആകും. എനിക്ക് കിട്ടിയത് എന്റെ ഭാഗ്യമാണ്. ഞാനല്ല വേറാര് ചെയ്തിരുന്നെങ്കിലും സുധി അയാളിലൂടെ നിലനിന്നുപോയേനെ. പാച്ചിക്കയുടെ ഭാര്യ റോസി ആന്റിയാണ് എന്നെ സജസ്റ്റ് ചെയ്യുന്നത്. എനിക്ക് തീരെ താല്പര്യമില്ലായിരുന്നു. പിന്നീട് ഓഡിഷന് പോകുന്നില്ല എന്നൊക്കെ പറഞ്ഞാണ് ഞാനിരുന്നത്. എന്റെ ഒരു കൂട്ടുകാരനാണ് വന്നുപറയുന്നത്, നീ അഹങ്കാരിയാണ്. നിനക്കിത്രയും വലിയൊരു അവസരം കിട്ടിയിട്ട് പോകാതിരിക്കുന്നു. എത്രയോ പേര് ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. അവന്‍ അന്ന് അങ്ങനെ പറഞ്ഞതുകൊണ്ടുമാത്രം ചുമ്മാ പോയെന്നെ ഉള്ളു. ഓഡിഷന്‍ നടത്തി. നല്ല ബോറായിട്ടാണ് ഞാന്‍ ചെയ്തത്. അന്ന് ഞാനുറപ്പിച്ചു എനിക്ക് കിട്ടില്ല എന്ന്. അപ്പോഴും ഞാന്‍ ഹാപ്പിയാണ്. എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. പക്ഷെ പാച്ചിക്ക വന്നുപറഞ്ഞു ഓക്കെയാണ്. നമുക്ക് തുടങ്ങാം. അങ്ങനെയാണ് അതിലേക്ക് പോകുന്നത്.

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

"വേണ്ടെന്നേ.. ഞാന്‍ മൂന്നാമത്തെ ടേക്കേ വയ്ക്കൂ.." ഫഹദിനോട് അല്‍ത്താഫ് ചൂടായ സംഭവം

SCROLL FOR NEXT