Film Talks

ഒരു ചെറു ചിത്രം പ്രതീക്ഷിച്ച് പ്ലേ ബട്ടണ്‍ ഞെക്കുക; ട്രെയിലറിൽ കണ്ട പോലെ തന്നെയാണ് 'സാറാസ്' എന്ന് ജൂഡ് ആന്റണി ജോസഫ്

നര്‍മത്തിന്‍റെ മേമ്പൊടി ചേര്‍ത്ത് സൂക്ഷ്മതയോടെ ഒരു കാര്യം പറയാനുള്ള എളിയ ശ്രമമാണ് സാറാസിലൂടെ നടത്തിയിരിക്കുന്നതെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ട്രെയിലറിൽ കണ്ട പോലെ തന്നെയാണ് സിനിമയെന്നും ജൂഡ് സോഷ്യൽ മീഡിയയിൽ കുറിച്ചു. നാളെ ഈ സമയത്ത് സാറാസിന്‍റെ വിധി നിശ്ചയിക്കപ്പെട്ട് കഴിഞ്ഞിരിക്കും. എന്തുതന്നെ ആയാലും, പൂര്‍ണ മനസോടെ ശരീരത്തോടെ ഞങ്ങള്‍ ചെയ്ത സിനിമയാണ് സാറാസ്. ജീവന്‍ പണയപ്പെടുത്തി എന്ന് അക്ഷരാർഥത്തിൽ പറയാം. അതുകൊണ്ട് നിങ്ങളും അല്പം റിസ്ക് എടുക്കുന്നതില്‍ തെറ്റില്ല. ഒരു ചെറു ചിത്രം പ്രതീക്ഷിച്ച് പ്ലേ ബട്ടണ്‍ ഞെക്കുക. കണ്ടിട്ട് ഇഷ്ടമായാലും ഇഷ്ട്ടപ്പെട്ടില്ലെങ്കിലും മെസേജ് അയക്കുകയോ വിളിക്കുകയോ ചെയ്യണമെന്ന് ജൂഡ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

അന്ന ബെൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സാറാസ് ജൂലൈ നാലിന് ആമസോൺ പ്രൈം വീഡിയോയിൽ പ്രീമിയർ ചെയ്യും. കുട്ടികളോട് താത്പര്യക്കുറവുള്ള ഒരു പെൺകുട്ടിയുടെ കഥാപാത്രമാണ് അന്ന ബെൻ സിനിമയിൽ അവതരിപ്പിക്കുന്നത്. സണ്ണി വെയ്‌നാണ് നായകൻ. അന്ന ബെന്നിന്റെ അച്ഛനും തിരക്കഥാകൃത്തുമായ ബെന്നി പി. നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിനീത് ശ്രീനിവാസൻ, മല്ലിക സുകുമാരൻ, കളക്ടർ ബ്രോ പ്രശാന്ത് നായർ, ധന്യ വർമ്മ, സിദ്ദീഖ്, വിജയകുമാർ, അജു വർഗീസ്, സിജു വിൽസൺ, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങിയാണ് മറ്റ് താരങ്ങൾ. ശാന്ത മുരളിയും പി.കെ മുരളീധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കഥ അക്ഷയ് ഹരീഷ്, നിമിഷ് രവിയാണ് ക്യാമറ.

ജൂഡിന്റെ സോഷ്യൽ മീഡിയ കുറിപ്പ്

ഇതിന് മുന്‍പ് ഇങ്ങനെ എഴുതിയത് 2014 February 7ന് ' ഓം ശാന്തി ഓശാന ഇറങ്ങിയപ്പോഴും 2016 September 14ന് ഒരു മുത്തശ്ശി ഗദ ഇറങ്ങിയപ്പോഴുമാണ്. ആദ്യ ചിത്രം ജീവിതം തന്നെ മാറ്റിമറിച്ചു. ഒരുപാട് അഭിനന്ദനങ്ങള്‍, പുരസ്കാരങ്ങള്‍. രണ്ടാമത്തെ ചിത്രം അത്രയേറെ ഇല്ലെങ്കില്‍ പോലും നല്ലൊരു കുടുംബ ചിത്രം തന്നെയാണെന്ന് ഇന്നും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. രണ്ടു ചിത്രങ്ങളും തിയേറ്ററില്‍ തന്നെയാണ് ഇറങ്ങിയത്. ആളുകളുടെ ആരവത്തിനിടയില്‍ സിനിമ കണ്ട് കണ്ണ് നിറഞ്ഞ ആ ദിനങ്ങള്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു. ലോകം മുഴുവന്‍ ഒരു മഹാമാരിയില്‍ പകച്ച് നില്‍ക്കുമ്പോള്‍ എനിക്കും ഒരു കൂട്ടം സിനിമ പ്രവര്‍ത്തകര്‍ക്കും തൊഴിലും ഉപജീവനവും നൽകിയ സിനിമയാണ് സാറാസ്. നിര്‍മാതാവ് മുരളിയേട്ടനും ശാന്ത ചേച്ചിയും ചങ്കൂറ്റത്തോടെ കൂടെ നിന്നത് കൊണ്ടാണ് എല്ലാ പ്രതിസന്ധികളും കടന്ന് ആമസോണ്‍ പ്രൈമില്‍ വേള്‍ഡ് പ്രീമിയര്‍ ആയി ഈ സിനിമ വരുന്നത്. ലോകം മുഴുവനും ഒരേ സമയം ഒരുപാട് പേര്‍ സിനിമ കാണുകയും അഭിപ്രായം പറയുകയും ചെയ്യും എന്നുള്ളത് ആവേശം കൊള്ളിക്കുന്നുണ്ടെങ്കില്‍ പോലും, തീയേറ്റര്‍ എക്സ്പീരിയന്‍സ് മിസ്സ് ആകുമെന്നതില്‍ സംശയമില്ല. തിയേറ്ററുകള്‍ പൂരപ്പറമ്പാകുന്ന ഒരു സിനിമ ഉടനെ ചെയ്യാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. സാറാസ്, ട്രെയിലറിൽ കണ്ട പോലെ തന്നെയാണ്. പക്ഷേ ഒരുഗ്രന്‍ ചിരിപ്പടമല്ല സാറാസ്. വളരെ സൂക്ഷമതയോടെ ഒരു കാര്യം നര്‍മത്തിന്‍റെ മേമ്പൊടി ചേര്‍ത്ത് പറയാനുള്ള എളിയ ശ്രമം മാത്രം. ഇതുവരെ കൂടെ നിന്ന എല്ലാവരെയും സ്നേഹത്തോടെ ഓര്‍ക്കുന്നു. നാളെ ഈ സമയത്ത് സാറാസിന്‍റെ വിധി നിശ്ചയിക്കപ്പെട്ട് കഴിഞ്ഞിരിക്കും. അത് എന്തു തന്നെ ആയാലും, പൂര്‍ണ മനസോടെ ശരീരത്തോടെ ഞങ്ങള്‍ ചെയ്ത സിനിമയാണ് സാറാസ്. ജീവന്‍ പണയപ്പെടുത്തി എന്ന് അക്ഷരാർഥത്തിൽ പറയാം. അതുകൊണ്ട് നിങ്ങളും അല്പം റിസ്ക് എടുക്കുന്നതില്‍ തെറ്റില്ല. ഒരു ചെറു ചിത്രം പ്രതീക്ഷിച്ച് പ്ലേ ബട്ടണ്‍ ഞെക്കുക. കണ്ടിട്ട് ഇഷ്ടമായാല്‍ /ഇല്ലെങ്കിലും മെസേജ് അയക്കുക/വിളിക്കുക.

ഒത്തിരി സ്നേഹത്തോടെ

നിങ്ങളുടെ സ്വന്തം

ജൂഡ്.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT