'നാരായണീന്റെ മൂന്നാണ്മക്കൾ' ബോറടിപ്പിക്കാത്ത ഒരു ചിത്രമായിരിക്കുമെന്ന് നിർമ്മാതാവ് ജോബി ജോർജ്ജ്. ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള കുറെയധികം ആളുകൾ നാടക പശ്ചാത്തലമുള്ളവരാണ്. ചടുലതയും സ്വാഭാവികതയുമുള്ള അഭിനയമാണ് അവരുടേത്. ഏറ്റവും മികച്ച അഭിനേതാക്കളുള്ള ചിത്രമാണ് നാരായണീന്റെ മൂന്നാണ്മക്കൾ എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ജോബി ജോർജ്ജ് പറഞ്ഞു. ജോജു ജോർജ്ജ്, സുരാജ് വെഞ്ഞാറമ്മൂട്, അലൻസിയർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് നാരായണീന്റെ മൂന്നാണ്മക്കൾ. നവാഗതനായ ശരൺ വേണുഗോപാലാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഫെബ്രുവരി 7 ന് ചിത്രം തിയറ്ററുകളിലെത്തും.
ജോബി ജോർജ്ജ് പറഞ്ഞത്:
ഏറ്റവും മികച്ച കുറച്ച് അഭിനേതാക്കളുള്ള സിനിമയാണ് നാരായണീന്റെ മൂന്നാണ്മക്കൾ. ഈ സിനിമയിലുള്ള കുറെയധികം പേരും നാടക പശ്ചാത്തലത്തിൽ നിന്ന് വരുന്നവരാണ്. അഭിനയത്തിൽ സ്വാഭാവികതയും ചടുലതയും ഉള്ള അഭിനേതാക്കളാണ് അവർ. കാണുമ്പോൾ ബോറടിക്കാത്ത ഒരുപാട് ശകാലങ്ങളുള്ള സിനിമയാണ് നാരായണീന്റെ മൂന്നാണ്മക്കൾ. ടീസർ കാണുന്ന പ്രേക്ഷകർക്ക് ഒരു കൺഫ്യൂഷൻ ഉണ്ടാകുന്നത് നല്ലതാണെന്നാണ് തോന്നുന്നത്. നമ്മൾ ആലോചിക്കുന്നതിനു വിപരീതമായി സിനിമയിൽ സംഭവിക്കുന്നത് എക്സൈറ്റ്മെന്റ് കൂട്ടുമെന്ന് തോന്നുന്നുണ്ട്.
നാട്ടിന്‍ പുറത്തെ ഒരു തറവാട് വീട് കേന്ദ്രീകരിച്ച് നടക്കുന്ന കഥയാണ് 'നാരായണീന്റെ മൂന്നാണ്മക്കള്‍'. കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനമായ ഒരു കുടുംബത്തിലെ അംഗമായ നാരായണിയമ്മയുടെ മൂന്ന് ആണ്‍മക്കളും അവരുടെ ജീവിതവുമാണ് സിനിമയുടെ പ്രമേയം. കുടുംബത്തില്‍ നിന്നും ചില സാഹചര്യങ്ങളാല്‍ മാറി നിന്നിരുന്ന ഇളയ മകന്റെ കടന്നു വരവോടെ ആ കുടുംബത്തില്‍ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്. ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങൾക്കൊപ്പം നര്‍മ്മവും കൂട്ടിച്ചേർത്ത ഒരു ഫാമിലി ഡ്രാമ ആയിരിക്കും ചിത്രമെന്നാണ് സൂചനകൾ.
ആസിഫ് അലി ചിത്രം 'കിഷ്‌കിന്ധാ കാണ്ഡ'ത്തിന് ശേഷം ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്സ് നിർമ്മിക്കുന്ന അടുത്ത ചിത്രം കൂടിയാണ് 'നാരായണീന്റെ മൂന്നാണ്മക്കള്‍'. തോമസ് മാത്യു, ഗാര്‍ഗി അനന്തന്‍, ഷെല്ലി എന്‍ കുമാര്‍, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂന്ന് ആൺമക്കൾ എന്ന ഘടകം തന്നെയാണ് 'നാരായണീന്റെ മൂന്നാണ്മക്കള്‍' എന്ന ചിത്രത്തിലേക്ക് തന്നെ ആകർഷിച്ചതെന്ന് നടി ഷെല്ലി കിഷോർ നേരത്തെ പറഞ്ഞിരുന്നു. ഇത്രയും കഥാപാത്രങ്ങൾ ഒരുമിച്ച് വരുന്ന സിനിമകൾ മലയാളത്തിൽ ചുരുക്കമായി മാത്രമേ സംഭവിക്കാറുള്ളൂ എന്നും കഥാപാത്രങ്ങൾ തമ്മിലുള്ള കെമിസ്ട്രി എത്രത്തോളമുണ്ടെന്ന് സിനിമ കണ്ടാൽ മാത്രമേ മനസ്സിലാവുകയുള്ളൂ എന്നും ഷെല്ലി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.