വലിയ സ്കെയിലിൽ ഒരുങ്ങുന്ന പടമാണ് നഹാസ് ഹിദായത്ത് ഒരുക്കുന്ന ഐ ആം ഗെയിം എന്ന് ഛായാഗ്രാഹകൻ ജിംഷി ഖാലിദ്. ആർഡിഎക്സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ ആം ഗെയിം. ആലപ്പുഴ ജിംഖാനയെക്കാൾ വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് ഐ ആം ഗെയിം എന്ന് ജിംഷി ഖാലിദ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ജിംഷി ഖാലിദ് പറഞ്ഞത്:
ഐ ആം ഗെയിം എന്ന പടത്തിന്റെ കഥയില്‍ സ്‌പോര്‍ട്‌സിന് വലിയൊരു പ്രാധാന്യമുണ്ട്. ആലപ്പുഴ ജിംഖാനയെക്കാൾ വലിയൊരു സ്കെയിലിലുള്ള പടമാണ് ഐ ആം ഗെയിം. ജിംഖാനയെക്കാള്‍ ഐം ഗെയിമിന്റെ സ്‌കെയില്‍ വളരെ വളരെ വലുതാണ്. രണ്ട് പടങ്ങളും സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ടതുകൊണ്ടാണ് ഇത്തരത്തിൽ ഞാൻ താരതമ്യം ചെയ്യുന്നത്. അല്ലാതെ നോക്കിയാല്‍ ആലപ്പുഴ ജിംഖാന വളരെ ലൈറ്റ് ഹാര്‍ട്ടഡാണ്. ആലപ്പുഴ ജിംഖാനയിലെ കോൺഫ്ലിക്ടുകൾക്ക് അനുരാഗ കരിക്കിൻ വെള്ളത്തിലെ കോണ്‌ഫ്ലിക്ടുകളുടെ അത്രപോലും ഡെപ്ത്ത് ഇല്ല. നമ്മൾ ഈ പിണങ്ങി എന്നൊക്കെ പറയുന്ന തരത്തിലുള്ള കോൺഫ്ലിക്ടുകൾ ആണ് ആ സിനിമയിൽ. അത്രയും ലൈറ്റ് ആണ്. ഒരു കൂട്ടം പിള്ളേര്‍ ബോക്‌സിങ് പഠിക്കാന്‍ പോകുന്നതും അതില്‍ നിന്ന് അവര്‍ക്ക് കിട്ടുന്ന ടേക്ക് എവേയുമാണ് ആലപ്പുഴ ജിംഖാനയിൽ കാണിക്കുന്നത്. നഹാസിന്റെ പടം അങ്ങനെയല്ല. അതിന്റെ സ്കെയിൽ വലുതാണ്. സ്പോർട്ട്സും വലുതാണ്.
ഐ ആം ഗെയിം ഒരു ആക്ഷൻ പാക്ക്ഡ് സിനിമയാണെന്നും ഒരു അഭിനേതാവ് എന്ന നിലയിലും ഒരു മാസ്സ് ഹീറോ എന്ന നിലയിലും ദുൽഖറിന് പെർഫോം ചെയ്യാനുള്ള സ്പേയ്സ് ചിത്രത്തിൽ ഉണ്ടെന്നും മുമ്പ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംഗീതസംവിധായകൻ ജെയ്ക്സ് ബിജോയ് പറഞ്ഞിരുന്നു.
ജെയ്ക്സ് ബിജോയ് പറഞ്ഞത്:
ഐ ആം ഗെയിം നഹാസിന്റെ ആദ്യ സിനിമയായ ആർഡിഎക്സ് പോലെ ഒരു ആക്ഷൻ പാക്ക്ഡ് സിനിമയാണ്. അതിൽ ഒരു ആക്ടർ എന്ന നിലയിലും ഒരു മാസ്സ് ഹീറോ എന്ന തരത്തിലും ദുൽഖറിന് ഒരുപാട് എക്സ്പ്ലോർ ചെയ്യാനുള്ള സ്പേസ് ഐ ആം ഗെയ്മിലുണ്ട്. ആ സിനിമയുടെ സൗണ്ട് സ്കേപ്പും വളരെ ഇന്ററസ്റ്റിംഗ് ആണ്. അതിൽ ഗാംബ്ലിങ് മൊമെന്റ്‌സ് ഉണ്ട്, ക്രിക്കറ്റ് മൊമെന്റ്‌സ് ഉണ്ട്. അങ്ങനെ എല്ലാം കൂടി ചേർന്നൊരു ബിഗ് കാൻവാസ് എന്റർടെയ്നിങ് മൂവി ആകും ഐ ആം ഗെയിം. അത് അടിപൊളിയായിരിക്കും.
2023 ൽ പുറത്തിറങ്ങിയ 'കിംഗ് ഓഫ് കൊത്ത'യാണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. ഒരു ഇടവേളയ്ക്ക് ശേഷം ദുൽഖർ മലയാള സിനിമയിലേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണ് ഐ ആം ഗെയിം. നഹാസ് ഹിദായത്തിന്റെ കഥയിൽ സജീർ ബാബ, ബിലാൽ മൊയ്‌തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. ജെയ്ക്സ് ബിജോയ് ആണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കർ ആണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.