ഗെയിമിംഗ് പശ്ചാത്തലമാക്കി പോലീസ് അന്വേഷണവും കൊള്ളയും ട്വിസ്റ്റും എല്ലാമുള്ള ചിത്രമാണ് ബസൂക്ക എന്ന് ഗൗതം വാസുദേവ് മേനോൻ. സ്റ്റൈലിഷ് ലൂക്കിൽ മമ്മൂട്ടി നായകനായെത്തുന്ന മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ബസൂക്ക. നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ ബെഞ്ചമിൻ ജോഷ്വ എന്ന പോലീസ് ഉദ്ധ്യോഗസ്ഥന്റെ കഥാപാത്രമാണ് തനിക്ക് എന്നും ചിത്രത്തിന്റെ കഥ കേട്ടപ്പോൾ തന്നെ തനിക്ക് ഇഷ്ടപ്പെട്ടുവെന്നും ഗൗതം വാസുദേവ് മേനോൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഗൗതം വാസുദേവ് മേനോൻ പറഞ്ഞത്:
ബസൂക്കയിൽ ബെഞ്ചമിൻ ജോഷ്വ എന്ന ഒരു പൊലീസ് ഉദ്ധ്യോഗസ്ഥൻ ആണ് ഞാൻ. വലിയൊരു റോളാണ് എനിക്ക് അതിൽ. 30 ദിവസത്തിൽ കൂടുതൽ ഈ സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. മറ്റ് സിനിമകളിലൊന്നും ഞാൻ ഇത്രയും ദിവസം അഭിനയിച്ചിട്ടില്ല. മമ്മൂക്ക ഈ സിനിമ എന്നോട് പറഞ്ഞപ്പോൾ തന്നെ എനിക്ക് ഇത് ഇഷ്ടപ്പെട്ടു, അതുകൊണ്ടാണ് ഞാൻ ഈ സിനിമ ചെയ്തത്. പിന്നെ ഈ സിനിമയിൽ എനിക്കുണ്ടായിരുന്ന വെല്ലുവിളി എന്നത് ലൈവ് സൗണ്ട് ആയിരുന്നു ഈ പടം എന്നതാണ്. എനിക്ക് കുറേ ഡയലോഗ്സ് ഉണ്ടായിരുന്നു. ഇതൊക്കെ പഠിക്കണം, അത് കൃത്യമായി അവതരിപ്പിക്കണം എന്നൊക്കെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ബസൂക്ക എനിക്കൊരു ലേണിംഗ് പ്രൊസസ്സ് ആയിരുന്നു. അതുകൊണ്ടാണ് ഇത് ഞാൻ ചെയ്തത്.
ഒരു ഗെയിമിംഗ് ബാക്ക് ഡ്രോപ്പിൽ ഒരു പൊലീസ് ഇൻവസ്റ്റിഗേഷൻ ആണ് ഒപ്പം ഇതൊരു Heist ഫിലിം ആണ്. വില്ലൻ ഉണ്ട് ഹീറോ ഉണ്ട്. അതിലൊരു ട്വിസ്റ്റ് ഉണ്ട്. അങ്ങനെ കുറേ കാര്യങ്ങൾ പുതിയ ഫിലിംമേക്കറായ ഡീനോ ചെയ്തിട്ടുണ്ട്. എനിക്ക് അത് ഇഷ്ടപ്പെട്ടു. മാത്രമല്ല മമ്മൂക്ക എന്നോട് പറഞ്ഞു ഡീനോ കഥ പറയാൻ വന്നപ്പോൾ അദ്ദേഹം ഒരു എഴുത്തുകാരൻ എന്ന നിലയിലാണ് എനിക്ക് അടുത്തേക്ക് വന്നത്. ആ സമയത്ത് സംവിധായകൻ ആരാണെന്ന് ഒന്നും തീരുമാനിച്ചിരുന്നില്ല. ഈ കഥ കേട്ടിട്ട മമ്മൂക്കയാണ് അവനോട് നിനക്ക് എന്താ സംവിധാനം ചെയ്താൽ എന്ന് ചോദിച്ചത്. ചെന്നൈയിൽ വന്ന് എന്നോട് കഥ പറഞ്ഞപ്പോഴേ എനിക്ക് ഇത് ഇഷ്ടപ്പെട്ടിരുന്നു. GVM ന്റെ പേര് മമ്മൂക്കയാണ് പറഞ്ഞത് എന്നും അവൻ എന്നോട് പറഞ്ഞു. എനിക്ക് മമ്മൂക്ക സാറിനൊപ്പം വർക്ക് ചെയ്യണമെന്ന് പണ്ടുമുതൽക്കേ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ ഇത് ചെയ്യുന്നത്. ആ സമയത്ത് എനിക്ക് മമ്മൂക്കയെ ഡയറക്ട് ചെയ്യാൻ ആഗ്രഹമുണ്ട് എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഇത് കഴിഞ്ഞ് കുറേ നാൾ കഴിഞ്ഞിട്ടാണ് ഞാൻ മമ്മൂക്കയോട് ഡൊമനിക്കിന്റെ കഥ പറയാൻ പോകുന്നത്. അതുകൊണ്ട് തന്നെ എനിക്ക് ബസൂക്ക ഈസ് മമ്മൂക്ക.