Film Talks

കഥ പറയുന്നതിനിടെ അപമര്യാദയായി പെരുമാറി, അലന്‍സിയറിനെതിരെ ഫെഫ്കയില്‍ സംവിധായകന്‍ വേണുവിന്റെ പരാതി

നടന്‍ അലന്‍സിയര്‍ ലേ ലോപ്പസിനെതിരെ സംവിധായകനും ഛായാഗ്രാഹകനുമായ വേണുവിന്റെ പരാതി. കാപ്പ എന്ന സിനിമയുടെ കാസ്റ്റിംഗിനായി കഥ പറയുന്നതിനിടെ അലന്‍സിയര്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന് വേണ്ടിയുള്ള ചിത്രവുമാണ് കാപ്പ. ജി ആര്‍ ഇന്ദുഗോപനാണ് തിരക്കഥ.

പൃഥ്വിരാജ് സുകുമാരന്‍, മഞ്ജു വാര്യര്‍, ആസിഫലി, അന്ന ബെന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രമാകുന്ന കാപ്പ എന്ന ചിത്രത്തില്‍ നിര്‍ണായക റോളിലേക്ക് അലന്‍സിയര്‍ ലേ ലോപ്പസിനെ പരിഗണിച്ചിരുന്നു. സിനിമയുടെ കഥ കേള്‍ക്കാനെത്തിയ അലന്‍സിയര്‍ സംവിധായകന്‍ വേണുവിനോട് മോശമായി പെരുമാറിയെന്നാണ് പരാതിയുടെ ഉള്ളടക്കം.

ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക വേണുവിന്റെ പരാതി അഭിനേതാക്കളുടെ സംഘടനയായ അമ്മക്ക് കൈമാറും. പരാതിയില്‍ താരസംഘടനയാവും നടപടികള്‍ കൈക്കൊള്ളുക.

ഡോല്‍വിന്‍ കുര്യാക്കോസിനൊപ്പം തിരക്കഥാകൃത്തുക്കളായ ജിനു വി എബ്രഹാം, ദിലീഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് കാപ്പ നിര്‍മ്മിക്കുന്നത്. ഗാംഗ്സ്റ്റര്‍ ഡ്രാമാ സ്വഭാവത്തില്‍ തിരുവനന്തപുരം നഗരത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രവുമാണ്.

ദയ, മുന്നറിയിപ്പ്, കാര്‍ബണ്‍, ആണും പെണ്ണും ആന്തോളജിയിലെ രാച്ചിയമ്മ എന്നീ സിനിമകള്‍ക്ക് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രവുമാണ് കാപ്പ.

കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് എന്നതിന്റെ ചുരുക്കമാണ് കാപ്പ. ഗുണ്ടാ നിയമം എന്നും അറിയപ്പെടുന്നു. നടന്‍ നന്ദുവിന്റെ ശബ്ദത്തിലുള്ള മോഷന്‍ ടീസറിലെ ഡയലോഗ് സിനിമയുടെ പ്രമേയത്തെക്കുറിച്ച് സൂചന നല്‍കുന്നുണ്ട് ' 'കേരളത്തില് കാപാ എന്നൊരു നിയമമുണ്ട്. ഗുണ്ടാ ആക്ട് എന്നും പറയും. നാല് കൊല്ലം മുമ്പ് എറണാകുളത്ത് പ്രമാദമായ ഒരു കേസുണ്ടായില്ലേ, അപ്പോ നമ്മുടെ മുഖ്യമന്ത്രി പിണറായി സാറ് കാപാ ലിസ്റ്റ് പുതുക്കാന്‍ ഇന്റലിജന്‍സിനോട് ആവശ്യപ്പെട്ടു. അതില്‍ 2011 ഗുണ്ടകളുടെ ലിസ്റ്റ് ഉണ്ടാക്കി. അതില്‍ 237 പേര് നമ്മുടെ ഈ തിരുവനന്തപുരത്ത് ഉള്ളവരായിരുന്നു.''

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT