'അം അഃ' എന്ന സിനിമ നിർമ്മിച്ചത് 165 സുഹൃത്തുക്കൾ തന്ന പണം കൊണ്ടാണെന്ന് സിനിമയുടെ സംവിധായകൻ തോമസ് സെബാസ്റ്റ്യൻ. സിനിമ കണ്ടു കഴിയുമ്പോൾ അവസാനം റോളിങ്ങ് ടൈറ്റിലിൽ 165 പേരുടെ പേര് കാണാം. അവരെല്ലാം സുഹൃത്തുക്കളാണ്. ഈ 165 പേരും പതിനായിരം മുതൽ 15 ലക്ഷം വരെ സിനിമയ്ക്കായി തന്നിട്ടുള്ളവരാണ്. സിനിമ നിർമ്മിക്കുന്നതിന് പിന്നിൽ തിരക്കഥാകൃത്ത് കൂടിയായ കവി പ്രസാദിന്റെ വലിയ അധ്വാനമുണ്ടെന്ന് തോമസ് സെബാസ്റ്റ്യൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 'അം അഃ' ജനുവരി 24 ന് തിയറ്ററുകളിലെത്തും.
തോമസ് സെബാസ്റ്റ്യൻ പറഞ്ഞത്:
നിർമ്മാതാവ് എന്ന നിലയിൽ സാധാരണ ഒരു വ്യക്തി എടുക്കുന്നതിന്റെ നൂറിരട്ടി അധ്വാനിച്ച ആളാണ് സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ കവിപ്രസാദ് ഗോപിനാഥ്. ഈ സിനിമ കണ്ടു കഴിയുമ്പോൾ അവസാനം റോളിങ്ങ് ടൈറ്റിലിൽ 165 പേരുടെ പേര് കാണാം. അവരെല്ലാം സുഹൃത്തുക്കളാണ്. ഈ 165 പേരും പതിനായിരം മുതൽ 15 ലക്ഷം വരെ സിനിമയ്ക്കായി തന്നിട്ടുള്ളവരാണ്. അതിൽ കുറവും കൂടുതലുമായി തന്നിട്ടുള്ളവരുണ്ട്. സിനിമയുടെ പ്രോമോ ഷൂട്ടിന് ചെന്നപ്പോൾ കുറെ പേർ കവി പ്രസാദിന് കൈ കൊടുക്കുന്നത് കണ്ടു. എനിക്ക് കൈ തന്നവരെല്ലാം എന്റെ പ്രൊഡ്യൂസേഴ്‌സാണ് എന്നാണ് കവി പ്രസാദ് പറഞ്ഞത്. ഇതൊരു ചെറിയ എഫർട്ടല്ല. ഓരോരുത്തർക്കും എത്ര പെർസെന്റേജ് വെച്ചിട്ടാണ് കൊടുക്കേണ്ടത് എന്ന് കൃത്യമായി ഡാറ്റയുണ്ട്. ബ്രോഡ്‌കാസ്റ്റ് ഗ്രൂപ്പുണ്ടാക്കി കൃത്യമായി എല്ലാ ദിവസവും അത് സംസാരിക്കുന്നുണ്ട്.
ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'അം അഃ'. പേരിൽത്തന്നെ പുതുമയാർന്ന ചിത്രം, കാപി പ്രൊഡക്ഷൻസിന്റെ ബാനറിൽ തോമസ് സെബാസ്റ്റ്യനാണ് സംവിധാനം ചെയ്യുന്നത്. തമിഴ്‌താരം ദേവദർശിനി പ്രധാനവേഷത്തിലെത്തുന്ന ആദ്യ മലയാളചിത്രം കൂടിയാണിത്. ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ മീരാ വാസുദേവൻ, ടി. ജി. രവി, ശ്രുതി ജയൻ, അലൻസിയർ, മാലാ പാർവ്വതി, ജയരാജൻ കോഴിക്കോട്, മുത്തുമണി, നവാസ് വള്ളിക്കുന്ന്, നഞ്ചിയമ്മ, ശരത് ദാസ്, രഘുനാഥ് പലേരി, നീരജ രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.