Film Talks

നിയന്ത്രണങ്ങളോടെ സിനിമാ ഷൂട്ടിംഗ് അനുമതി, 50 പേരില്‍ കൂടുതല്‍ പേര്‍ പാടില്ല

സിനിമകളുടെ ഷൂട്ടിംഗ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സ്റ്റുഡിയോയ്ക്കകത്തും ഇന്‍ഡോര്‍ ലൊക്കേഷനിലുമാകാമെന്ന് മുഖ്യമന്ത്രി. അമ്പത് പേരില്‍ കൂടുതല്‍ ചിത്രീകരണത്തില്‍ പാടില്ലെന്നും മുഖ്യമന്ത്രി. ചാനലുകളുടെ ഷൂട്ടിംഗില്‍ പരമാവധി ആളുകളുടെ എണ്ണം 25 ആയിരിക്കണമെന്നും മുഖ്യമന്ത്രി. മാര്‍ച്ച് രണ്ടാം വാരം മുതല്‍ സിനിമകളും ടെലിവിഷന്‍ പ്രോഗ്രാമുകളും സീരിയലുകളും ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്.

സിനിമാ ചിത്രീകരണം കൊവിഡ് നിയന്ത്രണങ്ങളോടെ പുനരാരംഭിക്കുന്നതിന് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച കരട് പ്രോട്ടോക്കോള്‍ നിര്‍ദ്ദേശങ്ങള്‍ നിര്‍മ്മാതാക്കള്‍ക്കും ജനറല്‍ കൗണ്‍സിലിനും സമര്‍പ്പിച്ചിരുന്നു. ഈ കരട് നിര്‍ദേശങ്ങള്‍ ഭേദഗതികളോടെ ചിത്രീകരണത്തില്‍ നടപ്പാക്കാനാണ് ആലോചന.

1) നിര്‍മ്മാതാവും സംവിധായക ഡിപ്പാര്‍ട്ട്‌മെന്റും പ്രൊഡക്ഷന്‍ കണ്‍ട്രോളറും ഷൂട്ടിങ്ങില്‍ പങ്കെടുക്കേണ്ട ആളുകളുടെ എണ്ണം പരമാവധി കുറച്ച് ലിസ്റ്റിടുക. സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന 50 ആളുകളിലേക്ക് പരിമിതിപ്പെടുത്തുക.

2) ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നവരുടെ ആരോഗ്യവിവരങ്ങള്‍ പരിചയ സമ്പന്നനായ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ടീം പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുക. രോഗ സാധ്യതയുള്ളവരെയും പ്രതിരോധ ശേഷി കുറഞ്ഞവരേയും അവരുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കി മാറ്റി നിര്‍ത്തുക. ഷൂട്ടിങ്ങിലുടനീളം ഈ മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമായിരിക്കണം.

ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടും ഡാറ്റയും പ്രൊഡക്ഷന്‍ ടീമിന്റെ ഉത്തരവാദിത്തത്തിലാണ് സൂക്ഷിക്കേണ്ടത്.

3) റാപിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം ഒരുക്കുക. ICMR അംഗീകാരമുള്ള മൊബൈല്‍ ലാബിന്റെ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.

4) ഡോക്ടറുടെ അനുവാദത്തോടെ ആളുകള്‍ നിലവില്‍ കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകളുടെ ആവശ്യകതയും ലഭ്യതയും ഉറപ്പ് വരുത്തുക. പ്രതിരോധ ശേഷി വര്‍ദ്ധിക്കാനുള്ള ഹൊമിയോപതി / ആയുര്‍വ്വേദ മരുന്നുകള്‍ എല്ലാ യൂണിറ്റ് അംഗങ്ങള്‍ക്കും ലഭ്യമാക്കുക.

5) 65 വയസ്സിന് മുകളിലുള്ളവരെ ഡോക്ടറുടെ പ്രത്യേക അനുവാദത്തോടെ മാത്രം പങ്കെടുപ്പിക്കുക.

6) സെറ്റില്‍ വരുന്ന ഓരോ ആളിനേയും തെര്‍മല്‍ & ഒപ്റ്റിക്കല്‍ ഇമേജിങ്ങ് ക്യാമറ ഗേറ്റിലൂടെ കടത്തിവിട്ട് രോഗ സാധ്യത പരിശോധിക്കുക.

7) സെറ്റില്‍ സന്ദര്‍ശകരെ കര്‍ശനമായും ഒഴിവാക്കുക.. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് വന്നുപോകുന്നവരുടെ വിവരങ്ങള്‍ അടങ്ങുന്ന Log book സൂക്ഷിക്കുക. ഇതിന്റെ വിവരശേഖര ഉത്തരവാദിത്വം പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ ഡിപ്പാര്‍ട്ട്‌മെന്റിന് ആയിരിക്കും. വിവര സൂക്ഷിപ്പിന് സഹസംവിധായകരുടെ സഹായം തേടാവുന്നതാണ്.

9) എല്ലാവരും മാസ്‌ക് മുഴുവന്‍ സമയവും ഉപയോഗിക്കണം.

10) N-95, N-99 മുതല്‍ സാധാരണ മാസ്‌കുകള്‍ വരെ കൊറോണ വ്യാപനം തടയാന്‍ ഉപയോഗിച്ച് വരുന്നുണ്ട്. ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നവരുടെ നിലവിലുള്ള രോഗ - ആരോഗ്യ സ്ഥിതി പരിഗണിച്ച് ഡോക്ടറുടെ നിര്‍ദ്ദേശം പ്രകാരം ആവശ്യമായ ശ്രേണിയിലുള്ള മാസ്‌കുകള്‍ വിതരണം ചെയ്യുക.

11) മാസ്‌കിന്റെ നിര്‍ദ്ദേശിക്കപ്പെട്ട ഉപഭോഗ സമയം കഴിയുമ്പോള്‍ പുതിയ മാസ്‌കുകള്‍ വിതരണം ചെയ്യുക.

12) 80% ആല്‍ക്കഹോള്‍ കണ്ടെന്റുള്ള അംഗീകൃത ഹാന്‍ഡ് സാനിറ്ററൈസറുകളുടെ; കൊണ്ടു നടന്ന് ഉപയോഗിക്കാവുന്ന 100 ml ബോട്ടില്‍ ഓരോ അംഗത്തിനും പ്രത്യേകം നല്‍കുക. തീരുന്നതനുസരിച്ച് നല്‍കാനുള്ള ശേഖരം ഉറപ്പുവരുത്തുക.

13) മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ ജോലി തുടങ്ങുന്നതിന് മുമ്പ് ആര്‍ട്ടിസ്റ്റുകളുടെ മുമ്പില്‍ വെച്ച് തന്നെ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമായി അവര്‍ക്ക് ആത്മവിശ്വാസം പകരാന്‍ ശ്രദ്ധിക്കുക.

14) എല്ലാ അംഗങ്ങള്‍ക്കും ഗുണമേന്മയുള്ള ഗ്ലൗസ് വിതരണം ചെയ്യുക.

15) ഉപയോഗിച്ച മാസ്‌കുകള്‍ ഗ്ലൗസുകള്‍ എന്നിവ നിക്ഷേപിക്കാനുള്ള ഡസ്റ്റ് ബിന്നുകളും അവ നശിപ്പിക്കാനുള്ള സംവിധാനങ്ങളും കരുതേണ്ടതാണ്.

16) ഷൂട്ടിങ്ങ് ലൊക്കേഷന്‍, വാഹനങ്ങള്‍, ഹോട്ടല്‍ മുറികള്‍ എന്നിവിടങ്ങളില്‍ ആളുകളുടെ കൃത്യമായ എണ്ണം കണക്കാക്കി സാമൂഹിക അകലം പാലിക്കാന്‍ ആവശ്യമായ മുറികളുടേയും വാഹനങ്ങളുടെയും എണ്ണവും സൗകര്യവും നടപ്പിലാക്കുക.

17 ) പരമാവധി Single occupation അനുവദിക്കുക.

18) കൂട്ടംകൂടി നില്‍ക്കാതിരിക്കുക. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒന്നിച്ച് നില്‍ക്കരുത്. പരസ്പരം ഒന്നര മീറ്ററെങ്കിലും അകലം പാലിക്കുക. എല്ലാവരും ശാന്തമായി അച്ചടക്കം പാലിച്ച് ജോലിചെയ്യുക.

19) ലൊക്കേഷനില്‍ അതാത് സമയം / ഷോട്ടിനു ആവശ്യമുള്ള വിഭാഗം ഒഴിച്ച് മറ്റുള്ളവര്‍ നിശ്ചിത ദൂരത്ത് നിലയുറപ്പിക്കുക.

20) ആര്‍ട്ടിസ്റ്റുകളുമായി ഡീല്‍ ചെയ്യേണ്ടി വരുന്ന ഓരോ വിഭാഗവും (ഉദാ : മെയ്ക്കപ്പ്, കോസ്റ്റ്യും) നേരത്തെ ജോലി തീര്‍ത്ത് നിശ്ചിത അകലം മാറി നില്‍ക്കുക.

21) ലൈറ്റപ്പ് ചെയ്യുന്ന സമയത്ത് യൂണിറ്റിന്റെ ആളുകളും ക്യാമറമാനോ അദ്ദേഹത്തിന്റെ പ്രതിനിധിയോ മാത്രമേ സെറ്റില്‍ ഉണ്ടാകാവൂ. അതുപോലെ ക്രെയിന്‍, ട്രാക്ക് എന്നിവ ഒരുക്കുമ്പോള്‍ അതാത് സാങ്കേതിക വിഭാഗം ആളുകളും.

മറ്റുള്ളവര്‍ അകലം പാലിച്ച് നിലകൊള്ളുക.

22) ഷൂട്ടിങ്ങ് സ്‌പോട്ടില്‍ മാറ്റങ്ങള്‍ വരുത്തേണ്ട സമയം ആര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിലെ ആളുകള്‍ മാത്രമേ സെറ്റില്‍ ഉണ്ടാകാവൂ.

23) സ്‌പോട്ട് എഡിറ്ററുടെ സ്ഥാനവും അകലം പാലിക്കാന്‍ ശ്രദ്ധിക്കുക.

24) സഹസംവിധായകര്‍ അവര്‍ മേല്‍നോട്ടം വഹിക്കുന്ന വിഭാഗങ്ങളുടെ പ്രവര്‍ത്തന സമയം കഴിയുമ്പോള്‍ സംവിധായകന്റെ ശ്രദ്ധ കിട്ടുന്ന അകലത്തില്‍ മാറിനില്‍ക്കുക.

25) സെറ്റിലുള്ളവര്‍ തമ്മിലുള്ള ആശയ വിനിമയത്തിന് വാക്കി ടോക്കിയും മൊബൈല്‍ ഫോണും പരമാവധി ഉപയോഗിക്കുക.

26) സെറ്റിലെ പ്രോപ്പര്‍ടീസ് ആര്ട്ട് ഡിപ്പാര്‍ട്ട്‌മെന്റും കോസ്റ്റ്യുസുകള്‍ കോസ്റ്റ്യും ഡിപ്പാര്‍ട്ട്‌മെന്റും മാത്രമേ സ്പര്‍ശിക്കാന്‍ പാടുള്ളു. ഗ്ലൗസുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം. ഇവ അണുവിമുക്തമാക്കാന്‍ അതാത് വിഭാഗം ശ്രദ്ധിക്കേണ്ടതാണ്.

27) സീനിന്റെ ആവശ്യാര്‍ഥം ഒന്നില്‍ കൂടുതല്‍ ആര്‍ട്ടിസ്റ്റുകള്‍ ഇവ സ്പര്‍ശിക്കേണ്ടി വരുമ്പോള്‍ സാനിട്ടറൈസ് ഉപയോഗിച്ച് അണുവിമുക്തമാക്കാന്‍ ആര്‍ട്ടിസ്റ്റുകളെ അതാത് ഡിപ്പാര്‍ട്ട്‌മെന്റിലെ സെറ്റിലെ പ്രതിനിധികള്‍ ഓര്‍മ്മപ്പെടുത്തേണ്ടതാണ്. ഇക്കാര്യത്തില്‍ സഹസംവിധായകരുടെ മേല്‍നോട്ടം ഉണ്ടാകേണ്ടതാണ്.

28) ഷൂട്ട് ചെയ്യാന്‍ പോകുന്ന സീനുകളുടെ ഫോട്ടോകോപ്പിയോ PDF ഫയലോ സംവിധാന ഡിപ്പാര്‍ട്‌മെന്റിന് പുറമെ ഓരോ ഡിപ്പാര്‍ട്ട്‌മെന്റിലേയും ആവശ്യമായ ആളുകളുടെ എണ്ണം കണക്കാക്കി നല്‍കേണ്ടതാണ്. അതാത് സീനുകളില്‍ വരുന്ന ഓരോ ആര്‍ട്ടിസ്റ്റിനും ഓരോ കോപ്പി വെച്ച് നല്‍കണം. ഫോട്ടോസ്റ്റാറ്റ് ആണെങ്കില്‍ ഇതിന്റെ എണ്ണം തീരുമാനിക്കേണ്ടതും വിതരണം ചെയ്യേണ്ടതും സഹസംവിധായകരുടെ ഉത്തരവാദിത്വമാണ്.

29) ഭക്ഷണം ഉണ്ടാക്കുന്നവരും, ഭക്ഷണം വിതരണം ചെയ്യുന്നവരും എപ്പോഴും വ്യക്തി ശുദ്ധി പാലിക്കുക. ഭക്ഷണം ഉണ്ടാക്കുന്ന ഇടവും കഴിക്കുന്ന ഇടവും അണുവിമുക്തമായിരിക്കണം.

30) ഭക്ഷണപ്പൊതികളായി മാത്രം ആഹാരം വിതരണം ചെയ്യുക. ഉപയോഗശേഷം പൊതികള്‍ ശേഖരിക്കാനും പ്രകൃതി സൗഹൃദമായി സംസ്‌കരിക്കാനും ശ്രദ്ധിക്കുക.

31) കൂട്ടം കൂടി ഭക്ഷണം കഴിക്കാതിരിക്കുക. എല്ലാവര്‍ക്കും ഒരൊറ്റ ബ്രെക്ക് ടൈം പ്രഖ്യാപിക്കാതെ ഫ്രീയായി നില്‍ക്കുന്നവര്‍ ഭക്ഷണം കഴിച്ച് തിരക്ക് ഒഴിവാക്കുക. സംവിധായകന്റെ അനുവാദത്തോടെ പ്രൊഡക്ഷന്‍ ടീമാണ് ഇതിന്റെ സമയ അറിയിപ്പ് അംഗങ്ങള്‍ക്ക് നല്‍കേണ്ടത്.

32) ഒരു ലിറ്റര്‍, 500 ml, 250 ml എന്നിങ്ങനെ വെള്ള ബോട്ടിലുകള്‍ ആവശ്യാനുസരണം വിതരണം ചെയ്യുക. ഉപയോഗിച്ച ബോട്ടിലുകളില്‍ വെള്ളം നിറച്ച് വിതരണം ചെയ്യരുത്.

33) താമസിക്കുന്ന മുറി, വാഹനങ്ങള്‍, ഭക്ഷണം ഉണ്ടാക്കുന്ന ഇടം, പാത്രങ്ങള്‍ എന്നിവ അണുവിമുക്തമാണെന്ന് ഉറപ്പുവരുത്തേണ്ടത് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ടീമിന്റെ ഉത്തരവാദിത്തമാണ്.

34) സെറ്റ്, പ്രോപ്പര്‍ട്ടീസ്, കോസ്റ്റ്യും എന്നിവ അണു വിമുക്തമാക്കേണ്ടത് അതാത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉത്തരവാദിത്തമാണ്.

35) സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ ഫെഫ്കയുടെ പ്രതിനിധികള്‍ ഷൂട്ടിങ്ങ് സെറ്റുകള്‍ സന്ദര്‍ശിക്കുന്നതായിരിക്കും.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT