അൻവർ എന്ന സിനിമയിൽ ആദ്യം നായകനാകേണ്ടിയിരുന്നത് സംവിധായകനും നിർമ്മാതാവുമായ അൻവർ റഷീദ് ആയിരുന്നുവെന്ന് സൗബിൻ ഷാഹിർ. കോളേജിൽ പഠിക്കുന്ന സമയത്ത് ബെസ്റ്റ് ആക്ടറായ ആളാണ് അൻവർ റഷീദ്. അമൽ നീരദ് ആദ്യം അൻവർ സിനിമയിൽ നായകനാക്കാൻ ആലോചിച്ചിരുന്നു. പിന്നീട് അൻവർ റഷീദ് അതിനു വിസമ്മതിക്കുകയായിരുന്നു. അമൽ നീരദും അൻവർ റഷീദും കോളേജിൽ ജൂനിയർ - സീനിയറായി പഠിച്ചവരാണ്. കണ്ടത് വെച്ച് പറയുമ്പോൾ അൻവർ റഷീദ് മികച്ച നടനാണ്. ട്രാൻസ് സംവിധാനം ചെയ്യുന്ന സമയത്ത് പറഞ്ഞു തരുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ അഭിനയത്തിലേക്ക് അദ്ദേഹം ഒരിക്കലും വരില്ലെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സൗബിൻ ഷാഹിർ പറഞ്ഞു. പ്രാവിൻകൂട് ഷാപ്പ് എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു നടൻ.
സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പ്രാവിൻകൂട് ഷാപ്പ് ജനുവരി 16 ന് തിയറ്ററുകളിലെത്തി. ഒരു കള്ള് ഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും തുടർന്ന് നടക്കുന്ന അന്വേഷണവുമാണ് സിനിമയുടെ ഇതിവൃത്തം. നവാഗതനായ ശ്രീരാജ് ശ്രീനിവാസനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ശ്രീരാജിന്റെ തൂമ്പ എന്ന ഷോർട്ട് ഫിലിം കണ്ടിട്ടാണ് സിനിമ ഉറപ്പിച്ചതെന്ന് നേരത്തെ ബേസിൽ ജോസഫ് അഭിമുഖത്തിൽ പറഞ്ഞിരുന്നു.
സൗബിൻ ഷാഹിർ പറഞ്ഞത്:
കോളേജിൽ പഠിക്കുന്ന സമയത്ത് അംബുക്ക ബെസ്റ്റ് ആക്ടർ ആയിരുന്നു. നന്നായിട്ട് അഭിനയിക്കും. അമലേട്ടൻ പല തവണ ശ്രമിച്ചതാണ് അംബുക്കയെ വെച്ച് പടം എടുക്കാൻ. അൻവർ എന്ന സിനിമ ആദ്യം പ്ലാൻ ചെയ്തത് അൻവർ റഷീദിനെ വെച്ചിട്ടാണ്. വളരെ പണ്ട് ആലോചിച്ചതാണ്. പിന്നെ അംബുക്ക സമ്മതിക്കാത്തതുകൊണ്ടാണ് നടക്കാതിരുന്നത്. അമലേട്ടനും അംബുക്കയും ഒരുമിച്ചായിരുന്നല്ലോ. അവർ കോളേജിൽ സീനിയർ ജൂനിയറായി ഉണ്ടായിരുന്നതാണ്. അംബുക്ക കലക്കൻ നടനാണ് ഞങ്ങൾ കണ്ടതിൽ വെച്ചിട്ട്. സംവിധാനം ചെയ്യുന്ന സമയത്ത് പറഞ്ഞു തരുന്നതൊക്കെ ശ്രദ്ധിച്ചിട്ടുണ്ട്. ഒരു കഥാപാത്രത്തെ എങ്ങനെ ഉൾക്കൊള്ളണം എന്നൊക്കെ പറഞ്ഞു തരുമ്പോൾ മനസ്സിലാകും. ട്രാൻസിന്റെ സമയത്തൊക്കെ കണ്ടിട്ടുണ്ട്. ഇനിയങ്ങനെ അഭിനയിക്കണം എന്ന ആഗ്രഹം അംബുക്കയ്ക്ക് ഒരിക്കലും വരില്ല.