ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത 'നരിവേട്ട' ഇപ്പോൾ തിയറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ്. ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി സമൂഹത്തില്‍ അരിക് വല്‍ക്കരിക്കപ്പെട്ടവരെ എങ്ങനെ ഭരണകൂടം അടിച്ചമർത്തുന്നു എന്ന ചരിത്രത്തെയാണ് നരിവേട്ട ഓർമ്മിപ്പിക്കുന്നത്. മുത്തങ്ങ സമരത്തിന്റെ പശ്ചാത്തലത്തിൽ എത്തിയ ചിത്രത്തിന് എന്തുകൊണ്ട് നരിവേട്ട എന്നു പേരിട്ടു എന്നു പറയുകയാണ് ഇപ്പോൾ സംവിധായകൻ അനുരാജ് മനോഹർ. ആദിവാസികളുടെ നരിതൂക്കുക എന്ന ആചാരത്തിൽ നിന്നും ആണ് നരിവേട്ട എന്ന പേര് വരുന്നത് എന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അനുരാജ് മനോഹർ പറഞ്ഞു.
അനുരാജ് മനോഹർ പറഞ്ഞത്:
നരിവേട്ട എന്നത് നരി തൂക്കുക എന്നൊരു ആചാരം ഉണ്ട് ആദിവാസികൾക്കിടെയിൽ. ഉൾക്കാട്ടിൽ നിന്ന് കൃഷി നശിപ്പിക്കാൻ വരുന്ന വന്യ മൃഗങ്ങളെ തപ്പും തുടിയുമായി വളഞ്ഞ് ആക്രമിച്ച് കാട്ടുമുത്തപ്പന് കൊണ്ടു കൊടുക്കുന്ന ആചാരമാണ് അത്. പുലി വേഷം കെട്ടിയ ആളായിരിക്കും അത് ചെയ്യുന്നുണ്ടാവുക. അതിനെ നരി തൂക്കുക എന്നാണ് പറയുന്നത്. എങ്ങനെയാണ് കാടിനോട് ചേർന്ന് നിൽക്കുന്ന ആദിവാസി സമൂഹം കാട്ടിലെ മൃഗങ്ങളോട് ചെയ്യുന്നത് അതാണ് തിരിച്ച് ആദിവാസികളോട് സിസ്റ്റം ചെയ്യുന്നത് എന്നുള്ള ഒരു കണക്ഷനാണ് നമ്മൾ സെറ്റ് ചെയ്തിരുന്നത്. സിനിമയ്ക്ക് അകത്തുള്ള പൊളിറ്റിക്സ് ആണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. അത് രണ്ടും തമ്മിൽ ബന്ധമുണ്ട്. കാടിന്റെ നീതി എങ്ങനെയാണ് ഇരു സമൂഹങ്ങൾക്കും വർക്ക് ആവുന്നത് എന്നാണ് അത് പറയുന്നത്.
പൊലീസിന്റെ ഏകപക്ഷീയമായ ആക്രമണങ്ങളിലേക്കുള്ള സൂചനകൾ കാണിച്ചു കൊണ്ട് ചെങ്ങറ, മുത്തങ്ങ, പുഞ്ചാവി, നന്ദിഗ്രാമം പോലുള്ള ഭൂസമര ചരിത്രവും പ്രധാന വിഷയമാക്കിയാണ് നരിവേട്ട ഒരുങ്ങിയത്. വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കോൺസ്റ്റബിളിന്‍റെ ഔദ്യോഗിക ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും കഥ പറഞ്ഞു പോകുന്ന സിനിമയാണ് നരിവേട്ട. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട് നിർമിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, വരികൾ- കൈതപ്രം, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് - അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.