Film Review

'സ്വാതന്ത്ര്യ സമരം', കാഴ്ചയും രാഷ്ട്രീയവും

സിനിമ എന്ന കലാരൂപത്തിൻ്റെ സ്വതസിദ്ധമായ കാല്പനികാംശം താൻ പറയുന്ന പ്രമേയത്തിൻ്റെ ഗൗരവത്തെ തെല്ലും ചോർത്തിക്കളയരുതെന്ന നിലപാടുള്ള സംവിധായികയെ ചിത്രത്തിൽ കണ്ടുമുട്ടാൻ കഴിയും.

ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയെക്കുറിച്ച് സംവിധായകന്‍ പ്രേംലാല്‍ എഴുതുന്നു

സ്വാതന്ത്ര്യം എന്ന സങ്കല്പത്തെ സാമൂഹ്യബോധവുമായി പ്രത്യക്ഷത്തിൽ തന്നെ കലാപത്തിലേർപ്പെടും വിധത്തിൽ ആവിഷ്ക്കരിച്ചുകൊണ്ട് പ്രേക്ഷകനെ ഉലച്ചുകളയുന്നുണ്ട് 'സ്വാതന്ത്ര്യ സമരം'.

സ്ത്രീയുടെ പ്രാഥമികാവശ്യങ്ങൾക്കു വേണ്ടിയുള്ള സ്വത്വപരം കൂടിയായ പോരാട്ടത്തെ പുരുഷകേന്ദ്രീകൃതമായ തൊഴിലിട സംസ്കാരത്തിലെ തൊഴിലാളി - മുതലാളി വർഗ്ഗരാഷ്ട്രീയത്തിൻ്റെ ഭാഗമായി കൂടി ചേർത്തുവയ്ക്കുന്നുണ്ട് കുഞ്ഞില മാസിലാമണി സംവിധാനം ചെയ്തിരിക്കുന്ന അസംഘടിതർ. നിയമപരമായി  സ്ത്രീയെന്ന നിലയിലും തൊഴിലാളിയെന്ന നിലയിലുമുള്ള തങ്ങളുടെ അവകാശങ്ങളെ തിരിച്ചറിയാതെ പോവുകയോ നിലനില്ക്കുന്ന സാഹചര്യങ്ങളോട് നിസ്സഹായതയോടെ പൊരുത്തപ്പെട്ടു പോകേണ്ടിവരികയോ ചെയ്യുന്ന സ്ത്രീത്തൊഴിലാളികളുടെ മാനസികാവസ്ഥകളും അതിനു കാരണമായ സാമൂഹ്യാവസ്ഥകളും ചേർന്നു സൃഷ്ടിക്കുന്ന നീതിരാഹിത്യത്തിൻ്റെയും മനുഷ്യാവകാശനിഷേധങ്ങളുടെയും അസ്വസ്ഥപ്പെടുത്തുന്ന പുകച്ചിലിനെയും ചൊറിച്ചിലിനെയും തന്നെയാണ് പരിസരം പോലും ശ്രദ്ധിക്കാതെ സ്വകാര്യഭാഗത്ത് ചൊറിയുന്ന കഥാപാത്രത്തിലൂടെ സിനിമ അടയാളപ്പെടുത്തുന്നത്. ഒന്നു മൂത്രമൊഴിക്കണമെങ്കിൽ തൊഴിലിടത്തിനു പുറകിലെ മതിലിനപ്പുറത്ത് ഒളിച്ചും പതുങ്ങിയും ചെല്ലുകയും പ്ലാസ്റ്റിക് കുപ്പികളിൽ കാര്യം സാധിക്കുകയുമൊക്കെ ചെയ്യേണ്ടി വരുന്ന തൊഴിലാളിസ്ത്രീകളുടെ പ്രശ്നങ്ങൾ സമൂഹത്തിൻ്റെ പ്രശ്നമോ വർഗ്ഗത്തിൻ്റെ പ്രശ്നമോ ആകാതെ, തൊഴിലാളി എന്ന സംജ്ഞയെപ്പോലും റദ്ദു ചെയ്തുകൊണ്ട് സ്ത്രീയുടെ മാത്രം പ്രശ്നമാകുന്നതെങ്ങനെ എന്ന ചോദ്യത്തിൻ്റെ ഉത്തരം തിരഞ്ഞാൽ സ്വത്വപരമായ പ്രതിസന്ധികളോട് പുരുഷകേന്ദ്രീകൃതവും സ്ഥാപനവൽക്കരിക്കപ്പെട്ടതുമായ അധികാരത്തിൻ്റെ മേലാളലോകം മാത്രമല്ല സമത്വവും തുല്യനീതിയും വാഗ്ദാനം ചെയ്യുന്ന പ്രത്യയശാസ്ത്രം പോലും സ്വീകരിക്കുന്ന നിഷേധാത്മക സമീപനങ്ങളിലേയ്ക്ക് വിരൽ ചൂണ്ടപ്പെടും.

ഒരു തുണിക്കടയിലെ സെയിൽസ് ഗേളിന് മുഖപ്രസാദം പരമപ്രധാനമെന്നും അവളുടെ മൂത്രാശയം നിറഞ്ഞുപൊട്ടിയാലും ആ മുഖപ്രസാദം അവൾ കാത്തുസൂക്ഷിക്കണമെന്നും നിഷ്ഠയുള്ള ഒരു കടയുടമ സിനിമയിലുണ്ട്. ലൈംഗികച്ചുവയുള്ള വാക്കുകൾ കൊണ്ടും ധ്വനികൾ കൊണ്ടും തെറിയായും തമാശയായും പാട്ടായും  സ്ത്രീയെ അവഹേളിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും അത് ലൈംഗികാതിക്രമം ആവില്ലെന്നും കരുതുന്ന ആ കടയുടമയുടെ 'നിഷ്ക്കളങ്ക' ക്ലോണുകളെത്തന്നെയാണ് തീവണ്ടിക്കൂപ്പകളിലെ ശൗചാലയങ്ങളിലെ ചുമർച്ചിത്രങ്ങൾക്കു പുറകിലും നവമാദ്ധ്യമങ്ങളിലെ തെറിച്ചുമരുകൾക്കു പുറകിലും കണ്ടെത്താൻ കഴിയുകയെന്നത് പ്രതി പുറത്തല്ല അകത്താണ് എന്നതിൻ്റെ സാക്ഷ്യമായി പുരുഷകുലത്തിന് ഏറ്റെടുക്കാവുന്നതാണ്.

സിനിമ എന്ന കലാരൂപത്തിൻ്റെ സ്വതസിദ്ധമായ കാല്പനികാംശം താൻ പറയുന്ന പ്രമേയത്തിൻ്റെ ഗൗരവത്തെ തെല്ലും ചോർത്തിക്കളയരുതെന്ന നിലപാടുള്ള സംവിധായികയെ ചിത്രത്തിൽ കണ്ടുമുട്ടാൻ കഴിയും. മിഠായിത്തെരുവിലെ സമരനായിക വിജിയുടെയും  വിപ്ലവസഹയാത്രിക അജിതയുടെയും സാന്നിദ്ധ്യവും ഒപ്പം  ശ്രിൻറയും പൂജ മോഹൻരാജും മറ്റു വേഷങ്ങൾ ചെയ്ത പുതുമുഖങ്ങളും അടക്കമുള്ള അഭിനേതാക്കളിലെ കൃത്യമായ തിരഞ്ഞെടുപ്പും ഡോക്യുമെൻ്ററി ഫുട്ടേജുകളും ചിത്രത്തിന് ഗുണപരമായ യാഥാർത്ഥ്യബോധം നല്കുന്നു. യഥാർത്ഥത്തിൽ സിനിമയുടെ പ്രമേയം മുന്നോട്ടുവയ്ക്കുന്ന പൊളിറ്റിക്സിനേക്കാൾ തൻ്റെ സിനിമയെ വെറുമൊരു ഭാവനാസൃഷ്ടി കണ്ടിറങ്ങുന്ന ലാഘവത്തോടെ സമീപിക്കാൻ പ്രേക്ഷകരെ അനുവദിക്കില്ലായെന്ന സംവിധായികയുടെ നിലപാടും അതിലൂടെ സിനിമയ്ക്ക് കൈവന്ന ഘടനാപരമായ മികവും 'അസംഘടിത'രെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.

ജാതിയെ പുരോഗമന ചിന്തയോടെ തൊടാതിരിക്കാൻ പരമാവധി ശ്രമിക്കുകയും അതേസമയം, നിലനില്ക്കുന്ന സവർണ്ണപൊതുബോധത്തെ കൂടിയതോ കുറഞ്ഞതോ ആയ അളവുകളിൽ വിരുന്നൂട്ടിയവയുമാണ് മലയാളത്തിൽ നാളിതുവരെയുണ്ടായിട്ടുള്ള മിക്കവാറും സിനിമകളും. അവിടെയാണ് ജിതിൻ ഐസക് തോമസ് തൻ്റെ പ്ര.തൂ.മൂ (പ്രജാപതിക്ക് തൂറാൻ മുട്ടി) എന്ന ചിത്രത്തിലൂടെ, നമ്മളൊക്കെ ടാങ്കിനകത്താക്കി അടച്ചുവച്ച് 'ഇല്ല' എന്ന് അഭിനയിക്കുന്ന തീട്ടക്കൂമ്പാരത്തെ തോട്ടിപ്പണിക്കാരൻ വലിച്ചെടുത്ത് പുറത്തിടുംപോലെ ജാതിയെ തോണ്ടിയെടുത്ത് നമ്മുടെ മുഖത്ത് തേച്ചൊട്ടിക്കുന്നത്.

''ആ തോട്ടിപ്പണിക്കാരൻ അല്ലെങ്കിലേ മലക്കുഴിയിലിറങ്ങി നില്ക്കുകയല്ലേ? അപ്പോൾപ്പിന്നെ ശകലം മലം മുഖത്തേക്ക് വന്നു വീണതിന് ഇത്രയും പ്രശ്നമുണ്ടാക്കേണ്ട കാര്യമുണ്ടായിരുന്നോ " എന്ന് സിനിമ കണ്ടതിനു ശേഷം ഒരു സുഹൃത്ത് എന്നോടു സംശയിച്ചു. ഒരു വ്യക്തി സ്വയം നിശ്ചയിച്ച് അയാളുടെ തൊഴിലിൻ്റെ ഭാഗമായി മലക്കുഴിയിലിറങ്ങുന്നതും അയാളുടെ ദേഹത്തെ മറ്റൊരാൾ മലിനപ്പെടുത്തുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നും അതിനു പുറകിലെ സാമൂഹ്യാവസ്ഥകളുടെ രാഷ്ട്രീയം ചർച്ചചെയ്യപ്പെടേണ്ടതുണ്ടെന്നും പുരോഗമനമലയാളിയോടും പറയേണ്ടിവരുന്നുവെന്നത് ഖേദകരം. വരേണ്യതയുടെ അധികാരവർഗ്ഗം എന്നും തീണ്ടാപ്പാടകലത്തു മാത്രം നിർത്തുകയും തങ്ങൾ സൃഷ്ടിക്കുന്ന രാഷ്ട്രീയ-സാമൂഹ്യ മാലിന്യങ്ങൾ കോരാനും അതിൻ്റെ ഭാരം പേറാനും മാത്രം വിളിച്ചുവരുത്തുകയും ചെയ്യുന്ന കീഴാളൻ്റെ സ്വാതന്ത്ര്യപ്പോരാട്ടത്തെയാണ് സിനിമ ഉള്ളടക്കമാക്കുന്നത്. നാടു ഭരിക്കുന്ന  തൻ്റെ വിസർജ്യം സ്പെഷ്യലാണെന്നും അത് തലയിൽ ചൂടാൻ കിട്ടിയ അവസരം നിൻ്റെ ഭാഗ്യമല്ലേയെന്നും തോട്ടിപ്പണിക്കാരനോട് ഘോഷിക്കുന്ന മന്ത്രിയിൽ മാത്രമല്ല, 'നിങ്ങൾ നാട് സ്തംഭിപ്പിക്കുമോ ' എന്ന് ചോദിക്കുന്ന മാദ്ധ്യമപ്രവർത്തകനിൽ വരെ സഹസ്രാബ്ദങ്ങൾ നീളുന്ന കീഴാളവിരുദ്ധതയും പുച്ഛവും ദൃശ്യപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെയാണ്  "നിങ്ങളുടെ മലം നിങ്ങൾ തന്നെ കോരിക്കോ. ഞങ്ങൾ ഇനിയതു കോരില്ല'' എന്ന് തോട്ടിപ്പണിക്കാർ സമരം പ്രഖ്യാപിക്കുമ്പോൾ അത് വിശാലാർത്ഥത്തിൽ അവരുടെമാത്രമല്ല കീഴാളസമൂഹത്തിൻ്റെ തന്നെ സ്വാതന്ത്ര്യപ്രഖ്യാപനം കൂടിയാകുന്നത്.

യഥാർത്ഥത്തിൽ ഇത്രമേൽ തുറന്നും 'ബോൾഡ്' ആയും ജാതിയെ സമീപിച്ച മറ്റൊരു സിനിമ മലയാളത്തിലെന്നല്ല അന്യഭാഷകളിലും കണ്ട സമീപകാല ഓർമ്മയില്ല. ജാതി എന്ന വർണ്ണവ്യവസ്ഥയുടെ പിന്തുടർച്ചാവകാശിയെ ബ്ലാക്ക് ആൻഡ് വൈറ്റ് ടോണിലൂടെ വർണ്ണപരമായിത്തന്നെ വ്യാഖ്യാനിക്കാനുള്ള സംവിധായകൻ്റെ ശ്രമം ശ്രദ്ധേയമാണ്.

തമിഴിലോ മറ്റോ ഇറങ്ങിയിരുന്നെങ്കിൽ മലയാളി പോലും ആകാശപ്പൊക്കത്തിലേയ്ക്ക്  പ്രതിഷ്ഠിക്കുമായിരുന്ന സിനിമയാണിത്. പക്ഷേ സ്വന്തം വീട്ടുമുറ്റത്തെ വിസർജ്യത്തെ ആരെങ്കിലും ഓർമ്മപ്പെടുത്തുമ്പോൾ നാം വിവസ്ത്രരെപ്പോലെ ലജ്ജിതരാവുന്നതും നിശ്ശബ്ദത അഭിനയിക്കുന്നതും സംശയാലുക്കളാകുന്നതും സ്വാഭാവികം.

ഒരു പ്രജാപതി വെളിക്കിരിക്കുമ്പോൾ വിസർജ്യത്തോടൊപ്പം പുറത്തു വരുന്ന അതിദേശീയതയും വിഭാഗീയചിന്തയും സാമ്പത്തിക അസമത്വവും പ്രസരിപ്പിക്കുന്ന സങ്കുചിതരാഷ്ട്രീയനയങ്ങളും അജണ്ടകളും ചേർന്ന് പ്രജയുടെ തലയെയും തലച്ചോറിനെയും മുതൽ ദേശത്തിൻ്റെ ആത്മാവിനെ വരെ മലിനപ്പെടുത്തുന്നതിൻ്റെ രാഷ്ട്രീയവ്യാഖ്യാനങ്ങൾക്കും പ്ര.തൂ.മു ഇടം നൽകുന്നുണ്ട് എന്നതും ശ്രദ്ധേയം.

മുമ്പേ സൂചിപ്പിച്ച രണ്ടു ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, ജിയോ ബേബി സംവിധാനം ചെയ്തിരിക്കുന്ന 'ഓൾഡ് ഏജ് ഹോം' അവതരണ രീതിയിൽ പ്രശാന്തവും പ്രേക്ഷകൻ്റെ കാഴ്ചാശീലങ്ങളോട് ഇണങ്ങിനില്ക്കുന്നതുമാണ്.  പ്രായമാകുന്ന മനുഷ്യരുടെ ഇടുങ്ങിപ്പോകുന്ന ലോകത്തെയും അതിനകത്ത് മറ്റുള്ളവരുടെ തീരുമാനങ്ങൾക്കനുസരിച്ച് പരുവപ്പെടേണ്ടി വരുന്ന ജീവിതാവസ്ഥകളെയും രണ്ടോ മൂന്നോ കഥാപാത്രങ്ങളിലൂടെ വരച്ചുകാട്ടാൻ ജിയോബേബിക്ക് കഴിഞ്ഞിട്ടുണ്ട്. ജോജു ജോർജ് അവതരിപ്പിക്കുന്ന മറവിരോഗവും മറ്റ് ആരോഗ്യപരമായ പ്രശ്നങ്ങളുമുള്ള ബേബി ജോർജ് എന്ന റിട്ടയേർഡ് സർക്കാരുദ്യോഗസ്ഥന്  വല്ലപ്പോഴും ബാറിൽ പോയി രണ്ടെണ്ണമടിക്കുന്ന ആഹ്ലാദത്തിലേയ്ക്കും ഇടയ്ക്ക് ലഡു എന്ന മധുരാനുഭവത്തിലേയ്ക്കും  കയറിച്ചെല്ലണമെന്നുണ്ട്. പക്ഷേ, കടലിനക്കരെയിരുന്നു കൊണ്ടു പോലും മക്കൾ അയാളെയും അയാളുടെ ഭാര്യയെയും നിയന്ത്രിക്കുന്നു. വീട്ടിലെ വേലക്കാരിയായ തനു എന്ന തമിഴ് സ്ത്രീയിലൂടെയാണ് ബേബി തൻ്റെ കൊച്ചുകൊച്ചു സ്വാതന്ത്ര്യസമരങ്ങൾ വിജയിക്കുന്നത്. അവിടെയും മറ്റുള്ളവരുടെ തീരുമാനങ്ങൾ വിലക്കുകൾ തീർക്കുന്നു. അതിനൊപ്പം നിന്നുകൊണ്ട് ബേബിയുടെ ഭാര്യ ആദ്യം തനുവിനെ പറഞ്ഞുവിടുന്നുണ്ടെങ്കിലും പിന്നീട് തൻ്റെയും ഭർത്താവിൻ്റെയും ജീവിതങ്ങളുടെയും ആനന്ദങ്ങളുടെയും അവസാന തീരുമാനം തങ്ങളിൽ തന്നെ നിക്ഷിപ്തമെന്ന് തിരിച്ചറിഞ്ഞ് തനുവിനെ മടക്കിവിളിക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.

വാർദ്ധക്യമെന്നത് സ്വന്തം തീരുമാനങ്ങൾക്കോ അഭിപ്രായങ്ങൾക്കോ പോലും സാദ്ധ്യതയില്ലാതെ വീടിൻ്റെ മൂലയിൽ ഒതുങ്ങിക്കൂടുന്ന നിസ്സഹായതയാണെന്ന പൊതുബോധത്തെയും വൈയക്തികബോധത്തെയും ഭാവനാത്മകമായി ചോദ്യംചെയ്തുകൊണ്ട് അത്തരം ആത്മനിരാസങ്ങളുടെയും ആനന്ദനിഷേധങ്ങളുടെയും ദീർഘനിശ്വാസങ്ങൾ കുടുങ്ങിക്കിടക്കുന്ന ഓരോ വീടും  ഓരോ വൃദ്ധസദനമാണെന്ന് പറയുന്നു ജിയോബേബി. ചിത്രത്തിൻ്റെ ഒരു പ്രധാന ആകർഷണം ജോജു ജോർജിൻ്റെ പ്രകടനമാണ്.പെൻഷൻ പറ്റിയ സർക്കാരുദ്യോഗസ്ഥൻ്റെ പ്രായവും മറവിരോഗത്തോടൊപ്പം ആരോഗ്യപ്രശ്നങ്ങളും ബാധിച്ച ശരീരഭാഷയും ഭാവചലനങ്ങളും ജോജു കൃത്യമായി ഉൾക്കൊണ്ടിരിക്കുന്നു. സംഭാഷണരീതിയിലും മോഡുലേഷനിലും കൊണ്ടുവന്ന പ്രത്യേകതകളും കഥാപാത്രത്തിന് മിഴിവു കൂട്ടിയിട്ടുണ്ട്.

ചിത്രത്തിലെ വലിയൊരു മൈനസ് ആയി ശ്രീകാന്ത് വെട്ടിയാരുടെ നടനെന്ന നിലയിലെ കൃത്രിമത്വം നിറഞ്ഞ പ്രകടനവും വ്യക്തിയെന്ന നിലയിലെ കളങ്കം പുരണ്ട സാന്നിദ്ധ്യവും ചൂണ്ടിക്കാട്ടാതെ വയ്യ. സ്ത്രീകളുടെ മാനാഭിമാനവും തുല്യനീതിയുമൊക്കെ ചർച്ച ചെയ്യുന്ന സിനിമകളുടെ ഒരു ഫ്രെയിമിൽ നിന്നുപോലും അത്തരമൊരു സാന്നിദ്ധ്യം ഒഴിവാക്കപ്പെടേണ്ടതായിരുന്നു.

മറ്റു ചിത്രങ്ങളേക്കാൾ ചെറുസിനിമ എന്ന നിലയിൽ, ഏറ്റവും മികച്ച രീതിയിൽ സിനിമാ വ്യാകരണങ്ങളോടും സൗന്ദര്യശാസ്ത്ര സങ്കല്പനങ്ങളോടും ഇണങ്ങിനില്ക്കുന്ന വിധത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ചിത്രമാണ് ഫ്രാൻസിസ് ലൂയിസിൻ്റെ 'റേഷൻ' എന്ന ചിത്രം. ഒരു മതിലിനപ്പുറവും ഇപ്പുറവുമായി നില്ക്കുന്ന വ്യത്യസ്ത സാമൂഹിക-സാമ്പത്തിക നിലകളിലുള്ള രണ്ട് കുടുംബങ്ങളിലേയ്ക്ക് അങ്ങോട്ടുമിങ്ങോട്ടും കൈമാറ്റം ചെയ്യപ്പെടുന്ന ഭക്ഷണം നിറച്ച പാത്രങ്ങൾ നല്ലൊരു സൗഹൃദക്കാഴ്ചയാണ്. എന്നാൽ ഒരു തവണ, സൂക്ഷിക്കാനേല്പിച്ചതാണ് എന്നറിയാതെ ഉപരിവർഗ്ഗക്കാരിയായ സുഹൃത്തിൻ്റെ നെന്മീൻ എടുത്ത് കറി വച്ച് ഉപയോഗിച്ചുപോകുന്ന സാധാരണക്കാരിയെങ്കിലും മാനാഭിമാനിയായ സ്ത്രീയുടെ സംഘർഷങ്ങളെ അവതരിപ്പിച്ചുകൊണ്ട് സമൂഹത്തിൻ്റെ വ്യത്യസ്ത തട്ടുകളിൽ നിലനില്ക്കുന്ന അസമത്വമെന്ന യാഥാർത്ഥ്യത്തെയും അതിൻ്റെ രാഷ്ട്രീയത്തെയും സർഗ്ഗാത്മകമായി അഭിസംബോധന ചെയ്യാൻ കഴിഞ്ഞുവെന്നത് ഈ ചിത്രത്തിൻ്റെ മികവായി എടുത്തുപറയേണ്ടതുണ്ട്.

'ഗീതു അൺചെയിൻഡ്' കുടുംബം എന്ന സങ്കല്പവുമായി ബന്ധപ്പെടുത്തി ഒരു പെൺകുട്ടിയുടെ സ്വാതന്ത്ര്യബോധത്തെ സമീപിക്കുന്ന ചിത്രമാണ്. തൻ്റെ ജീവിതത്തെ താൻ തന്നെ നിശ്ചയിക്കുമെന്ന നിശ്ചയദാർഢ്യത്തിലേയ്ക്കു മാത്രമല്ല, തൻ്റെ തീരുമാനം തെറ്റാണെന്ന തിരിച്ചറിവുണ്ടാകുമ്പോൾ വിധിയെന്നു കരുതി അതിൽ കുടുങ്ങിക്കിടന്ന് ജീവിതം നരകിച്ചുതീർക്കാൻ തയ്യാറാകാതെ, പഴയ തീരുമാനത്തെ റദ്ദു ചെയ്യുന്ന പുതിയ തീരുമാനത്തിലേയ്ക്കും എത്തിപ്പെടാൻ ഗീതുവിന് കഴിയുന്നുണ്ട്. അതിന് കുടുംബത്തോട് കലഹിക്കാനും അമ്മയെപ്പോലെയാകാൻ തനിക്ക് കഴിയില്ലെന്ന് തുറന്നു പറയാനും ഗീതു വളരുന്നുണ്ട്. അമ്മയോടാണ് ഗീതു സംസാരിക്കുന്നതെങ്കിലും കേൾക്കുന്നത് ഒതുങ്ങാനും വഴങ്ങാനും സ്വന്തം സ്വാതന്ത്ര്യവാഞ്ഛയെ താഴിട്ട് പൂട്ടാനും ശീലിച്ച ഒരുപാട് അമ്മമാരെ സൃഷ്ടിച്ച പുരുഷകുലം തന്നെയാണ്.

ചിത്രത്തിൻ്റെ അവസാനത്തിൽ, തന്നെ വീണ്ടും വരിഞ്ഞുമുറുക്കാൻ ശ്രമിക്കുന്ന പുരുഷൻ്റെ ഉപാധികളുടെ ചങ്ങല വലിച്ചുപൊട്ടിച്ചുതന്നെയാണ് ഗീതു 'പോടാ മൈരേ' എന്ന് ആൺകുലത്തിൻ്റെ മുഖത്തു നോക്കിത്തന്നെ വിളിക്കുന്നത്. അതിനുശേഷം 'നിനക്ക് ചങ്ങല തീർത്തവരിൽ ഞാൻ പെടില്ല ഗീതൂ' എന്ന് കപടനാട്യത്തോടെ സ്വയം ആശ്വസിക്കാൻ ശ്രമിച്ച് കാഴ്ചകണ്ടു നില്ക്കുന്ന എൻ്റെയും നിങ്ങളുടെയും മുഖത്തുനോക്കി (ക്യാമറയെ നോക്കി) "ഓഫ് ചെയ്യടാ കോപ്പ്" എന്ന് ആക്രോശിച്ച് കാഴ്ചക്കാരുടെ പുരുഷക്കൂട്ടത്തെ ബാഗു വീശിയടിക്കാനും ചങ്കൂറ്റമുള്ള പെൺകുട്ടിയാകുന്നുണ്ട് ഗീതു.

'ആദാമിൻ്റെ വാരിയെല്ലി'ൽ ക്യാമറയെയും സംവിധായകനെയും തട്ടിമാറ്റി സ്വാതന്ത്ര്യത്തിലേയ്ക്ക് ഓടിയിറങ്ങുന്ന അമ്മിണിയുടെയും മറ്റു സ്ത്രീകളുടെയും വിഖ്യാതമായ ആ ഷോട്ടിൻ്റെ ജൈവികതയോ സ്വാഭാവികതയോ 'ഗീതു അൺചെയിൻ'ഡിലെ അവസാന ഷോട്ടിന് അവകാശപ്പെടാനാവില്ല.

കെജി ജോർജിൻ്റെ സൂക്ഷ്മവും കണിശതയാർന്നതും യാഥാർത്ഥ്യബോധം സൃഷ്ടിക്കുന്നതുമായ ചലച്ചിത്രപരിചരണവുമായി താരതമ്യത്തിന് ഇടം പോലുമില്ലാത്ത വിധം 'ഗീതു അൺചെയിൻഡി'ൽ സംവിധായകൻ്റെ ബോധപൂർവ്വമായ ഇടപെടൽ ദൃശ്യങ്ങളിലും എഡിറ്റിങ്ങിലുമെല്ലാം പ്രകടമാണ്. അതിനാൽത്തന്നെ ചിത്രം പലയിടങ്ങളിലും കൃതിമത്വം അനുഭവപ്പെടുത്തുന്നുമുണ്ട്. എങ്കിലും പുതിയ കാലത്തിൻ്റെ പെൺകുട്ടികളുടെ തുറന്ന ജീവിതസങ്കല്പങ്ങളെയും വിട്ടുവീഴ്ചകൾക്കോ ഉപാധികൾക്കോ കീഴ്പ്പെടാത്ത സ്വാതന്ത്ര്യബോധത്തെയും കാലത്തിൻ്റെ വൈകാരിക-പ്രതികരണ സ്വഭാവങ്ങളോട് ഏറെക്കുറെ ഇണങ്ങിനില്ക്കും വിധത്തിൽ ആവിഷ്ക്കരിക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.

കീഴാളൻ്റെ ലോകവും സാമൂഹ്യാവസ്ഥയുമൊക്കെ പ്രമേയമാകുമ്പോൾ പോലും, വരേണ്യത അനുഭവിക്കുകയോ അനുഭവിപ്പിക്കുകയോ ചെയ്യുന്ന നായകനിലൂടെ അവയെ അവതരിപ്പിച്ച സിനിമകൾ കണ്ടാണ് നമുക്കു ശീലം. 70-കളിൽ ഇറങ്ങിയ 'നെല്ല്' ആയാലും സമീപകാലത്തിറങ്ങിയ 'കമ്മട്ടിപ്പാട'മായാലും അത്തരത്തിൽ നരേറ്റ് ചെയ്യപ്പെട്ട സിനിമകളായിരുന്നുവല്ലോ. എന്നാൽ ഇപ്പോൾ തോട്ടിക്ക് പറയാനുള്ളത് തോട്ടിയെക്കൊണ്ടു തന്നെ, അയാളുടെ കാഴ്ചപ്പാടിലൂടെ തന്നെ പറയുന്ന, സ്ത്രീയുടെ പ്രശ്നങ്ങൾ പുരുഷൻ്റെ ഔദാര്യത്തിലൂടെയല്ലാതെ സ്ത്രീയുടെ പോരാട്ടങ്ങളിലൂടെ തന്നെ അഭിസംബോധന ചെയ്യപ്പെടുന്ന സിനിമകൾ ഉണ്ടാകുന്നു. സ്വാഭാവികമായും ഇത്തരം സിനിമകൾ കൂടുതൽ 'ലൗഡ് ' ആയി അനുഭവപ്പെടാൻ ഇടയുണ്ട് എന്നത് വാസ്തവം തന്നെ.

പുരുഷകേന്ദ്രീകൃതവും വരേണ്യനിർമ്മിതവുമായ പൊതുബോധങ്ങളെ ഉല്പാദിപ്പിക്കുകയും പ്രസരിപ്പിക്കുകയും ചെയ്ത ആയിരക്കണക്കിന് സിനിമാകാഴ്ചകളുടെ തടവുകാരല്ലോ നാം ! അതു കൊണ്ടു തന്നെ, സഹസ്രാബ്ദങ്ങളായി കേൾക്കപ്പെടാതിരുന്ന ഇരകൾ ഇപ്പോൾ തങ്ങളുടെ ശബ്ദം കേൾപ്പിക്കുമ്പോൾ അത് വലിയ ശബ്ദഘോഷമായി നമുക്ക് അനുഭവപ്പെടുന്നതിൽ അത്ഭുതമില്ല. എന്നാൽ അതിൽ പൊളിറ്റിക്കൽ കറക്ട്നസ് മാത്രമേ ഉള്ളൂവെന്നും സിനിമയില്ലെന്നും ധരിച്ചുവശായാൽ അത് കലയെ കുറിച്ചും സമൂഹവും കലയും തമ്മിൽ നടക്കുന്ന കൊടുക്കൽവാങ്ങലിനെ കുറിച്ചുമുള്ള നമ്മുടെ മുൻധാരണകളുടെയും സെൻസിബിലിറ്റിയുടെയും പ്രശ്നമാണെന്ന് തിരിച്ചറിയാവുന്നതുമാണ്.

പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് എന്ന ആശയമൊന്നു കൊണ്ടു മാത്രം യാഥാർത്ഥ്യത്തിൻ്റെ മൂർത്തരൂപനിർമ്മിതി പൂർത്തിയാകില്ല. എന്നാൽ ഒരു കാലത്ത് ആ ആശയത്തെ പരിപൂർണ്ണമായി തഴഞ്ഞുകൊണ്ട് വളരെയെളുപ്പത്തിൽ ഹാസ്യരസമോ വൈകാരിക സംഘർഷങ്ങളോ ഉല്പാദിപ്പിക്കാൻ കഴിഞ്ഞിരുന്നതു പോലെ ഇനിയങ്ങോട്ടു കഴിയില്ല എന്നിടത്താണ് പൊളിറ്റിക്കൽ കറക്ട്നസ് അതിൻ്റെ പ്രധാനപ്പെട്ട ഒരു റോൾ നിർവ്വഹിക്കുന്നത് എന്നത് തിരിച്ചറിയപ്പെടേണ്ടതുണ്ട്. 'ചാന്തുപൊട്ട്' എന്ന സിനിമ ആ രൂപത്തിൽ ഈ പുതിയ കാലത്ത് സംഭവിക്കില്ല എന്ന് ഉറപ്പിച്ചു പറയാൻ കഴിയുന്നത് അതുകൊണ്ടാണ്. അത്തരത്തിൽ ലിംഗത്തെയോ ജാതിയെയോ ശാരീരികാവസ്ഥകളെയോ അധിക്ഷേപിച്ചുകൊണ്ടോ പരിഹാസ്യമാക്കി ചിത്രീകരിച്ചു കൊണ്ടോ സൃഷ്ടിക്കപ്പെടുന്ന കലയോ സാഹിത്യമോ ഇനിയുള്ള കാലത്ത് ചോദ്യം ചെയ്യപ്പെടാതെ പോകില്ല എന്നും മനസ്സിലാക്കപ്പെടേണ്ടതുണ്ട്.

ജ്ഞാനപീഠം കിട്ടിയ മഹാപ്രതിഭകളുടെ കലാ-സാഹിത്യ സൃഷ്ടികളിൽ പോലും സംവരണം മൂലം ദരിദ്രരാക്കപ്പെട്ട സവർണ്ണ 'ദയനീയാവസ്ഥകൾ' കേന്ദ്രപ്രമേയമായിപ്പോലും വന്നിട്ടുണ്ട്. എന്നാൽ ഇന്ന് അത്തരത്തിലൊരു 'സർഗ്ഗാത്മകപ്രകടനം' ഉണ്ടായാൽ അതിനെ രണ്ടായിരത്തിയഞ്ഞൂറു വർഷത്തെ ചൂഷണത്തിൻ്റെയും കൊള്ളയുടെയും ഫലമായി ഉല്പാദിപ്പിക്കപ്പെട്ട അവർണ്ണ സാമൂഹികാവസ്ഥകളെ ഓർമ്മിപ്പിച്ചുകൊണ്ട് ചരിത്രപരമായും സർഗ്ഗാത്മകമായും നേരിടാൻ കെല്പുള്ളവർ ഇപ്പുറത്തും രൂപപ്പെട്ടിട്ടുണ്ട് എന്നത് വിസ്മരിക്കാനാവില്ല.

ജീവിതത്തിലെ ആഴമേറിയ വൈരുധ്യങ്ങളിലാണ് കലയുടെ വേരുകൾ എന്നത് പരിപൂർണ്ണമായും സത്യമായിരിക്കെത്തന്നെ ആ വൈരുദ്ധ്യങ്ങളുടെ, ബൈനറികളുടെ വീക്ഷണകോണുകൾ എല്ലാക്കാലത്തും ഒരുപോലെ ഏകപക്ഷീയമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നത് അവിവേകമാകും. പൊളിറ്റിക്കൽ കറക്ട്നെസ്സിന് കലയുടെ വിഭാവനതത്വമാകാൻ കെല്പില്ലായിരിക്കും. എന്നാൽ നിശ്ചയമായും അതിന് കലയിലെ പുതുവഴികളുടെയും പുതുകാഴ്ചകളുടെയും നവശബ്ദങ്ങളുടെയും പുതിയ സാദ്ധ്യതകൾ സൃഷ്ടിക്കാൻ ശേഷിയുണ്ടാകുക തന്നെ ചെയ്യും. അത് കലയിൽ ഉപരിപ്ലവതയെയല്ല, മറിച്ച് ഏകപക്ഷീയവും ഏകതാനവുമായ ആസ്വാദനാനുഭവത്തിനപ്പുറം ബഹുസ്വരതയുടെ വൈവിദ്ധ്യക്കാഴ്ചകളെ സൃഷ്ടിക്കാനാണ് സാദ്ധ്യത. കാരണം കലയ്ക്ക് വിഷയത്തെ മാത്രമല്ല, ഒരേ സമയം അതിൻ്റെ സൗന്ദര്യാത്മകവും വ്യാകരണപരവുമായ ഭാവുകത്വത്തെക്കൂടി നവീകരിക്കാതെ മുന്നോട്ടുപോകാൻ കഴിയില്ല എന്ന തിരിച്ചറിവില്ലാത്തവരല്ല ഇവിടെ പുതിയ ശബ്ദങ്ങളെയും കാഴ്ചകളെയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

ഒരു വനിതാസംവിധായികക്കുമാത്രം കഴിയുന്ന വിധത്തിൽ, വനിതകളുടെ ജൈവികവും വൈകാരികവുമായ അവസ്ഥകളിലൂന്നി നിന്നുകൊണ്ട് അവതരിപ്പിക്കപ്പെടുന്ന ഒരു സിനിമ വരേണ്യആണഭിമാനത്തിൻ്റെ വീക്ഷണകോണുകളിൽ നിന്നുള്ള കാഴ്ചാശീലത്തിന് അത്രയെളുപ്പം വഴങ്ങിയെന്നും മെരുങ്ങിയെന്നും വരില്ല എന്ന സാമാന്യതത്വവും പറഞ്ഞുവെക്കേണ്ടതുണ്ട്.

അസംഘടിതരും പ്രതൂമുവും 2 മണിക്കൂർ ദൈർഘ്യമുള്ള വ്യത്യസ്ത സിനിമകളായി പരിണമിക്കപ്പെടാമായിരുന്ന വിധത്തിൽ ആഴമുള്ള വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. അര മണിക്കൂറിലേയ്ക്ക് ഒതുക്കപ്പെടുമ്പോൾ വൈകാരികാംശങ്ങളുടെ ഡീറ്റെയ്ലിങ്ങിൻ്റെയും തുടർച്ചകളുടെയും ചില പ്രശ്നങ്ങൾ സംഭവിച്ചിട്ടുണ്ട്. പ്രത്യേകിച്ചും അസംഘടിതരിൽ നിയമപരമായതും സ്വത്വപരമായതുമായ ഒരുപാടു വിഷയങ്ങളും ചോദ്യങ്ങളും ഉൾക്കൊള്ളിക്കുവാനുള്ള തത്രപ്പാടിൽ വൈകാരികമായ ആഴം ചിലയിടങ്ങളിലെങ്കിലും നഷ്ടപ്പെട്ടുപോയിട്ടുണ്ട്.

എന്നാൽ "ഞങ്ങള് കക്കാൻ വന്നതല്ല, കക്കൂസുണ്ടാക്കാൻ വന്നതാ'' എന്ന് സ്വന്തം പ്രശ്നങ്ങൾ സ്വയം വെട്ടിത്തുറന്ന് അവതരിപ്പിക്കുന്നതിലേക്ക് വളരുകയും

" ഞാൻ തന്നെയല്ലേ ചുരിദാറടിക്കുന്നത്, അപ്പൊ എനിക്ക് കീശയും അടിക്കാലോ '' എന്ന് സ്ത്രീയുടെ സമരങ്ങൾ സ്ത്രീ തന്നെ നടത്തണമെന്ന് ധ്വനിപ്പിക്കുകയും ചെയ്തുകൊണ്ട് ഈ സിനിമകൾ പ്രേക്ഷകനെ/ പ്രേക്ഷകയെ സ്വത്വബോധത്തോടെ വ്രണപ്പെടുത്തുകയോ ആന്തരികമായി പ്രകോപിപ്പിക്കുകയോ ചെയ്യുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത. അവിടെയാണ് തങ്ങളുടെ സ്വാതന്ത്ര്യസമരങ്ങൾ ആത്യന്തികമായി തങ്ങൾ തന്നെ നിർവ്വഹിക്കേണ്ടതുണ്ടെന്ന് വിളിച്ചുപറഞ്ഞു കൊണ്ട് ആ സിനിമകൾ അവയുടെ സമകാലീനദൗത്യം നിർവ്വഹിക്കുന്നത്.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT