Churuli movie review
Churuli movie review Churuli
Film Review

ചുരുളിയിൽ ചുരുളഴിയുന്നത്

വിനോയ് തോമസിന്റെ 'കളിഗെമിനാറിലെ കുറ്റവാളികൾ' എന്ന കഥയെ ആസ്പദമാക്കി എസ് ഹരീഷിന്റെ തിരക്കഥയിൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയാണ് ചുരുളി (Churuli movie review) വിനോയ് തോമസിന്റെ കഥ വായിക്കുമ്പോൾ തന്നെ അതിനൊരു ചലച്ചിത്ര സാധ്യത വായനക്കാരുടെ മനസ്സിൽ തെളിഞ്ഞുവരും. ഈ സാധ്യതയാണ് ലിജോ ഉപയോഗപ്പെടുത്തുന്നത്. കഥാഗതിയിൽ കാര്യമായ മാറ്റമൊന്നും വരുത്താതെ കഥാന്ത്യത്തിൽ വരുത്തിയ ചില്ലറ മാറ്റങ്ങൾ ഒഴിച്ചാൽ ഒരു അനുകല്പനം എന്ന നിലയിൽ കണ്ടിരിക്കാവുന്ന സിനിമയാണ് ചുരുളി .കഥയുടെ പേര് സിനിമയിലെത്തുമ്പോൾ മാറുന്നു .എന്നാൽ കഥാപാത്രങ്ങളും അവരുടെ പേരുകളും കഥാ പരിസരങ്ങളും അതുപോലെ നിലനിർത്തുകയും ചെയ്തിട്ടുണ്ട്.

പിടികിട്ടാപ്പുള്ളിയായ മൈലാടും പറമ്പിൽ ജോയി എന്ന കുറ്റവാളിയെ തേടി ഷാജിവൻ(വിനയ് ഫോർട്ട്) ആന്റണി(ചെമ്പൻ വിനോദ്) എന്നീ രണ്ട് പോലീസുകാർ വേഷം മാറി കൊടുങ്കാട്ടിനു നടുവിലെ ചുരുളി എന്ന ഗ്രാമത്തിൽ എത്തുന്നതും തുടർന്ന് സംഭവിക്കുന്ന വിചിത്രാനുഭവങ്ങളുമാണ് കഥയുടെ ആകെതുക.കഥയിലെ കളിഗെമിനാർ സിനിമയിൽ ചുരുളി എന്ന മലയോര ഗ്രാമമായി പരിണമിക്കുന്നു ഈ പേര് സിനിമക്ക് അധികമായ പല മാനങ്ങളും നൽകുന്നുണ്ട് .

ചുരുളി

ചുരുളിയെ മൂടി നിൽക്കുന്ന മൂടൽമഞ്ഞു പോലെ ദുരൂഹമാണ് ആ പ്രദേശവും . ചുരുളി യഥാർത്ഥത്തിൽ സാങ്കൽപ്പികമായ ഒരു ഭൂമികയാണ്(fictional land).ദുരൂഹതകൾ നിറഞ്ഞ ഒരിടം . ഒരുതരം രാവണൻകോട്ട / ദുർഘടമാർഗ്ഗം (Labyrinth).ഉള്ളിൽ കടന്നാൽ വെളിയിൽ വരാൻ പറ്റാത്ത തരത്തിലുള്ള സങ്കീർണ്ണമായ നിർമ്മിതി. അതൊരു തരത്തിലുള്ള ഉട്ടോപ്യൻഗ്രാമമാണ്. എല്ലാവിധ സുഖങ്ങളും അനുഭവിച്ച ജീവിതം നയിക്കുന്നവരാണ് ഉട്ടോപ്യകാർ. 'ഇത് സ്ഥലം വേറെയാണ് ' എന്ന സിനിമയിൽ തന്നെ ഒന്ന് രണ്ടിടത്ത് കഥാപാത്രങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഭൂപ്രകൃതി, വേഷം, ഭാഷ, ആചാരങ്ങൾ എന്നിവ കൊണ്ടും വേറിട്ടു നിൽക്കുന്ന സ്ഥലരാശിയാണ് ചുരുളി .കള്ളു കുടിച്ചും വെടിയിറച്ചി തിന്നും ജീവിക്കുന്ന കുറച്ച് ജനങ്ങൾ മാത്രമേ അവിടെ താമസിക്കുന്നുള്ളു. ഇവരുടെ ഇടയിലേക്കാണ് ആന്റണിയും ഷാജിവനും കടന്നുചെല്ലുന്നത്.

പല കുറ്റങ്ങൾ ചെയ്തവർ ഒരുമിച്ച് താമസിക്കുന്ന ഒരിടമാണ് ചുരുളി .( രണ്ട് ഭാര്യമാരെ ചവിട്ടിക്കൊന്ന ആൾ മുതൽ നാടുവിട്ട് കുടിയേറിപ്പാർത്തവരും, ഒളിച്ച് താമസിക്കുന്നവരും കൊലപാതകികളും ഗുണ്ടകളും വരെ അവിടെയുണ്ട് ).ഒരാൾ തന്നെ പല പേരുകളിലാണ് ചുരുളിയിൽ അറിയപ്പെടുന്നത് . പുറം ലോകവുമായി ചുരുളിയെ ബന്ധിപ്പിക്കുന്ന മരപ്പാലം കടന്നാണ് ആന്റണിയും ഷാജിവനും ചുരുളിയെന്ന അപരിചിത ഭൂമികയിലേക്ക് പ്രവേശിക്കുന്നത്.ചുരുളി യിൽ എത്തുന്നതോടെ അവർ മറ്റൊരു മനുഷ്യരായി പരിണമിക്കുന്നു .ഷാപ്പിലിരുന്ന് കള്ളുകുടിച്ചും പാട്ടു പാടിയും ലൈംഗിക ജീവിതം ആഘോഷിച്ചും തെറി പറഞ്ഞും വേട്ടയാടിയും അവർ ചുരുളിയിലെ മനുഷ്യരാവുന്നു.

ചുരുളി

പച്ചയായ മനുഷ്യജീവിതം നയിക്കുന്നവരാണ് ചുരുളിയിലെ ജനത. അവർ സ്വതന്ത്രരാണ്. യാതൊരു തരത്തിലുള്ള സദാചാര ചിന്തകളും അവരെ തീണ്ടിയിട്ടില്ല. മനുഷ്യരുടെ അടിസ്ഥാന വാസനകളും കാമനകളും അവിടെ മദിച്ചു നിൽക്കുന്നതായി നാം കാണുന്നു .ഇവരുടെ കൂട്ടത്തിലേക്ക് എത്തുന്നതോടെ ആന്റണിയിലും ഷാജീവനിലുമുള്ള ആന്തരികചോദനകൾ ഉണരുന്നു.വന്യതയിൽ അവരുടെ മൃഗീയ വാസനകൾ പുറത്തു ചാടുന്നു. ഹിംസയുടെ മുഖം പതിയെ വെളിപ്പെടുന്നു. പോലീസ് യൂണിഫോം അഴിച്ചു വെക്കുന്നതോടെ ഇരുവരും പുറം ലോകത്തിന്റെ കെട്ടുപാടുകളിൽ നിന്നും സ്വതന്ത്രരാകുന്നു. അടക്കിപ്പിടിച്ച ആഗ്രഹങ്ങൾ കുതറി പുറത്തു ചാടുന്നു.

മാടനെ പിടിക്കാൻ ചെന്ന തിരുമേനിയുടെ കഥ പറഞ്ഞുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. അതിന്റെ തുടർച്ചയിലാണ് സിനിമ തീരുന്നതും. പരിഷ്കൃതനായ തിരുമേനിക്ക് അപരിഷ്കൃതനായ മാടനെ പിടിച്ചു കിട്ടിയേ മതിയാവൂ . ഈ കഥ സിനിമക്ക് മറ്റൊരു മാനം നൽകുന്നുണ്ട്.മാടനെ അന്വേഷിച്ചിറങ്ങുന്ന തിരുമേനിക്ക് വഴിയിൽനിന്ന് പന്ത് പോലെന്തോ കിട്ടുന്നു.തിരുമേനി അതെടുത്തു കുട്ടയിൽ വെക്കുന്നു. യഥാർത്ഥത്തിൽ അത് മാടൻതന്നെയായിരുന്നു. മാടൻ തിരുമേനിയെ വഴിതെറ്റിക്കുന്നു. തന്റെ കുട്ടയിൽ ഉള്ളത് മാടൻ തന്നെയാണ് എന്ന് തിരിച്ചറിയാത്ത നമ്പൂതിരിയും കുറ്റവാളികൾ തങ്ങൾക്കുള്ളിൽ തന്നെ ഉണ്ടെന്നു തിരിച്ചറിയാത്ത നിയമപാലകരും ചുരുളിയിൽ ഒന്നായിത്തീരുന്നു.പോസ്കോ കേസും കൊലപാതകവും വേട്ടയാടലും ജോയിയിൽ മാത്രമല്ല പോലീസുകാരിലും സമന്വയിക്കപ്പെടുന്നു.നിയമം സംരക്ഷിക്കേണ്ടവർ തന്നെ കുറ്റവാളികളായി പരിണമിക്കുന്നു. അധികാരത്തിന്റെ മേലങ്കിയാണ് ഇതിന് അവർ ഉപയോഗിക്കുന്നത്. നീതിക്കുവേണ്ടി പ്രവർത്തിക്കേണ്ടവർ അനീതിയുടെ വാഹകരായി മാറുന്നു. ഇങ്ങനെ കുറ്റം ചെയ്തവരെയും അത് അന്വേഷിക്കുന്നവരേയും ഒന്നാക്കി മാറ്റുന്ന ചാക്രികത 'ചുരുളി' യിൽ ആവിഷ്കരിക്കപ്പെടുന്നു. ഇതിനെ സൂചിപ്പിക്കാൻ അനേകം ഇമേജുകൾ ലിജോ ഉപയോഗപ്പെടുത്തുന്നുണ്ട്.

സ്ഥലം, കാലം, സമയം എന്നിവയെ അട്ടിമറിക്കുന്ന തരത്തിലുള്ള ഭ്രമാത്മകമായ അവതരണ രീതിയാണ് ചുരുളിയുടെ ആഖ്യാന സവിശേഷത. Time Travel, Time Loop, എന്നീ സങ്കൽപ്പക്ക വെച്ചുള്ള വായനയും ചുരുളിയ്ക്ക് സാധ്യമാണെന്ന് തോന്നുന്നു. തീചാമുണ്ഡി, മാടൻ പോലുള്ള മിത്തുകളും ഐതീഹ്യങ്ങളും Aliens( അന്യഗ്രഹജീവി)പോലുള്ള സങ്കല്പങ്ങളും മികച്ച രീതിയിൽ കഥാഗതിയോട് വിളക്കിച്ചേർത്ത കൊണ്ട് ഫാന്റസിയെന്നോ മാജിക്കൽ റിയലിസമെന്നോ സർറിയലിസ്റ്റിക് എന്നോ വിളിക്കാവുന്ന സങ്കൽപ്പങ്ങളും അവതരിപ്പിച്ചു കൊണ്ട് ചുരുളിയിൽ കാഴ്ചക്കാരെ കുരുക്കിയിടുന്നു ലിജോ .വിനോയ് തോമസിന്റെ കഥയിൽ നിന്നും തികച്ചും ഭിന്നമായ കഥാന്ത്യമാണ് പ്രേക്ഷകർക്ക് വേണ്ടി ലിജോ ഒരുക്കുന്നത്.

മധുനീലകണ്ഠന്റെ ഛായാഗ്രഹണം ചുരുളിയെ ദൃശ്യഭംഗിയുള്ള ഒരു കലാസൃഷ്ടിയാക്കി മാറ്റുന്നു. കാനനഭംഗിയും ദുർഘടമായ മലമ്പാതകളും അരുവികളും മൂടൽ മഞ്ഞും തണുപ്പും മഴയും ഇടിയും പക്ഷികളുടെയും ചീവിടുകളുടെയും ശബ്ദവും കഥയുടെ പശ്ചാത്തലമായി മനോഹരമായി ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു.ശ്രീരാഗിന്റെ ശബ്ദമിശ്രണം ,ദീപു ജോസഫിന്റെ എഡിറ്റിംഗ് , VFS, ആർട്ട് വർക്ക് എന്നിങ്ങനെ ചുരുളിയെ ഒരു മികച്ച കലാസൃഷ്ടി ആക്കി മാറ്റുന്നതിൽ എല്ലാ വിഭാഗങ്ങൾക്കും മുഖ്യപങ്കുണ്ട്.

മിസ്റ്ററി - സയൻസ് ഫിക്ഷൻ ഗണത്തിൽപ്പെടുത്താവുന്ന സിനിമയാണ് ചുരുളി .ജെല്ലിക്കെട്ടിലും ചുരുളിയിലും മനുഷ്യനെയാണ് ലിജോ കേന്ദ്രസ്ഥാനത്തു നിർത്തുന്നത്.ഇരുകാലികൾ നാൽക്കാലികളായി പരിണമിച്ചതിന്റെ ദൃശ്യാവിഷ്കാരമായിരുന്നു ജെല്ലിക്കെട്ട്.വേട്ടയാടിയും കൂട്ടംചേർന്നും നടന്നിരുന്ന അപരിഷ്കൃതരായ കാട്ടു മനുഷ്യർ പരിഷ്കൃതരായ നാട്ടുമനുഷ്യരായി പരിണമിച്ചതിന്റെ ചരിത്രമാണല്ലോ മനുഷ്യന്റെ പരിണാമ ചരിത്രം.അതിന്റെ തിരിച്ചിടലാണ് ചുരുളി .മനുഷ്യരിലെ ആദിമവാസനകളും കാമനകളും കാടിന്റെ വന്യതയിൽ വെളിപ്പെടുന്നു. അപരിഷ്കൃതരായ നഗര മനുഷ്യരിൽ നിന്ന് തികച്ചും പ്രാകൃതരായ കാട്ടു മനുഷ്യനിലേക്കുള്ള പിന്മടക്കമാണ് ചുരുളിയിൽ ലിജോ ആവിഷ്കരിക്കുന്നത്.ആ മടക്കമാവട്ടെ അവന്റെ ആദിമചോദനകളിലേക്കുള്ള മടക്കം കൂടിയാണ്.അധികാരം, കുറ്റകൃത്യം, നിയമവാഴ്ച, നീതി എന്നിവയെ സംബന്ധിച്ച് കാതലായ ചില വിഷയങ്ങൾ കൂടി ഇതോടൊപ്പം ചുരുളഴിയപ്പെടുന്നുണ്ട്.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT