Film Review

ബാലന്‍: അതിജീവനത്തിന് അപ്പുറം ഒരു മനഃശാസ്ത്ര വായന

സിനിമകള്‍ പലപ്പോഴും മനുഷ്യ മനസ്സിന്റെ സങ്കീര്‍ണ്ണതകളെ പ്രതിഫലിപ്പിക്കുന്ന കണ്ണാടികളാണ്. ചില സിനിമകള്‍ ഒരു കഥ പറഞ്ഞ് അവസാനിക്കുമ്പോള്‍, മറ്റു ചിലത് മനുഷ്യന്റെ അനുഭവങ്ങളെയും അവസ്ഥകളെയും പച്ചയായ ജീവിതത്തെയും ആഴത്തില്‍ പകര്‍ത്തിവെക്കുന്നു.

ജിത്തു മാധവന്‍ തിരക്കഥയെഴുതി ചിദംബരം സംവിധാനം ചെയ്ത ബാലന്‍ അത്തരമൊരു സിനിമയാണ്. പുറമേ ഒരു മിസ്റ്ററി ത്രില്ലര്‍ എന്ന രീതിയില്‍ അനുഭവപ്പെടുന്ന ഈ ചിത്രം, ട്രോമ, അമ്മയും മകനും തമ്മിലുള്ള ബന്ധം (Attachment), സ്വത്വ രൂപീകരണം (Identity formation), അതിജീവനം (Survival), തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന മാനസിക ആഘാതങ്ങള്‍ (Intergenerational trauma) എന്നിവയെക്കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചയായി മാറുന്നു.

ട്രോമ: ഭൂതകാലം വര്‍ത്തമാനത്തെ നിയന്ത്രിക്കുമ്പോള്‍

മാനസികാരോഗ്യ മേഖലയിലെ ആധുനിക പഠനങ്ങള്‍ വ്യക്തമാക്കുന്നത്, ട്രോമ അനുഭവങ്ങള്‍ ഒരു വ്യക്തിയുടെ ഓര്‍മ്മകളില്‍ മാത്രം ഒതുങ്ങുന്നില്ല എന്നതാണ്. അത് ആ വ്യക്തി ലോകത്തെ കാണുന്ന രീതിയെയും, ആളുകളെ വിശ്വസിക്കുന്ന രീതിയെയും, സുരക്ഷയെക്കുറിച്ചുള്ള ധാരണകളെയും പുനര്‍നിര്‍മ്മിക്കുന്നു.

സിനിമയിലെ അമ്മയുടെ പെരുമാറ്റം ഈ പശ്ചാത്തലത്തില്‍ വായിക്കാവുന്നതാണ്. അവരുടെ പല തീരുമാനങ്ങളും നിലവിലെ സാഹചര്യങ്ങളേക്കാള്‍ മുന്‍കാല അനുഭവങ്ങളുടെ സ്വാധീനത്തില്‍ രൂപപ്പെടുന്നതായി തോന്നുന്നു. ഭീഷണി (Threat) ഇല്ലാത്ത സാഹചര്യങ്ങളിലും ഭീഷണി പ്രതീക്ഷിക്കുന്ന അവസ്ഥയെ Hypervigilance എന്ന് വിളിക്കുന്നു. ഗുരുതരമായ ട്രോമ അനുഭവങ്ങള്‍ നേരിട്ടവരില്‍ സാധാരണയായി കാണപ്പെടുന്ന ഒരു പ്രതികരണമാണിത്.

ഒരു സൈക്കോളജിക്കല്‍ ലെന്‍സില്‍ അവരുടെ പെരുമാറ്റം അസാധാരണമോ യുക്തിരഹിതമോ അല്ല. മറിച്ച്, അതിജീവനത്തിനായി ഒരിക്കല്‍ വികസിപ്പിച്ചെടുത്ത മാനസിക പ്രതിരോധ സംവിധാനങ്ങളുടെ തുടര്‍ച്ചയാണ്.

അമ്മയുടെ പരിഹരിക്കപ്പെടാത്ത ഭയങ്ങളും വേദനകളും മകന്റെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് സിനിമ സൂക്ഷ്മമായി അവതരിപ്പിക്കുന്നു.

സ്‌നേഹവും ഭയവും: ബന്ധത്തിന്റെ ഭാഷയാകുന്നു

ജോണ്‍ ബോള്‍ബി വികസിപ്പിച്ച അറ്റാച്ച്‌മെന്റ് സിദ്ധാന്തം (Attachment Theory) പ്രകാരം ഒരു കുട്ടിയുടെ മാനസിക വളര്‍ച്ചയ്ക്ക് സുരക്ഷിതമായ ബന്ധങ്ങള്‍ അനിവാര്യമാണ്. മാതാപിതാക്കള്‍ കുട്ടിക്ക് ഒരു 'സുരക്ഷിത താവളം' (Safe Haven) ആയും ലോകത്തെ അന്വേഷിക്കാന്‍ പ്രചോദനം നല്‍കുന്ന 'സുരക്ഷിത അടിത്തറ' (Secure Base) ആയും പ്രവര്‍ത്തിക്കേണ്ടതുണ്ട്.

ബാലന്‍ എന്ന സിനിമയില്‍ അമ്മയും മകനും തമ്മിലുള്ള ബന്ധം ഈ ആശയത്തെ സങ്കീര്‍ണ്ണമായ രീതിയില്‍ അവതരിപ്പിക്കുന്നു. അമ്മയുടെ സ്‌നേഹം സംശയാതീതമാണ്. എന്നാല്‍ ആ സ്‌നേഹം പലപ്പോഴും ഭയത്താല്‍ നിയന്ത്രിക്കപ്പെടുന്നു. കുട്ടിയെ സംരക്ഷിക്കാനുള്ള ശ്രമം ചിലപ്പോഴൊക്കെ കുട്ടിയുടെ സ്വാതന്ത്ര്യത്തെയും സാമൂഹിക വളര്‍ച്ചയെയും നിയന്ത്രിക്കുന്നതായി കാണാം.

കുട്ടികള്‍ മാതാപിതാക്കളുടെ വാക്കുകളില്‍ നിന്നു മാത്രമല്ല, അവരുടെ വികാരങ്ങളില്‍ നിന്നും പഠിക്കുന്നു. ലോകം അപകടകരമാണെന്ന് നിരന്തരം ഭയപ്പെടുന്ന ഒരു രക്ഷിതാവിനൊപ്പം വളരുന്ന കുട്ടിക്ക് ലോകത്തെക്കുറിച്ചുള്ള സുരക്ഷിതത്വബോധം വികസിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാം.

തലമുറകളിലൂടെ സഞ്ചരിക്കുന്ന ട്രോമ

ട്രോമ ഒരു വ്യക്തിയില്‍ അവസാനിക്കുന്നില്ല. അത് കുടുംബബന്ധങ്ങളിലൂടെയും രക്ഷാകര്‍തൃ ശൈലികളിലൂടെയും അടുത്ത തലമുറയിലേക്ക് പകരാന്‍ സാധ്യതയുണ്ട്. ഇതിനെ Intergenerational Transmission of Trauma എന്നാണ് മാനസികശാസ്ത്രത്തില്‍ വിശേഷിപ്പിക്കുന്നത്.

അമ്മയുടെ പരിഹരിക്കപ്പെടാത്ത ഭയങ്ങളും വേദനകളും മകന്റെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് സിനിമ സൂക്ഷ്മമായി അവതരിപ്പിക്കുന്നു. കുട്ടി അനുഭവിക്കുന്ന ലോകം അവന്റെ സ്വന്തം അനുഭവങ്ങള്‍ കൊണ്ടുമാത്രമല്ല, അമ്മയുടെ മാനസിക പരിസ്ഥിതി കൊണ്ടുകൂടി രൂപപ്പെടുന്നതാണ്.

ഇത് നമ്മെ ഒരു പ്രധാന വസ്തുതയിലേക്ക് നയിക്കുന്നു: കുട്ടികളെ വളര്‍ത്തുന്നത് അവരുടെ ഭാവി മാത്രമല്ല, മാതാപിതാക്കളുടെ ഭൂതകാലവും ഉള്‍ക്കൊള്ളുന്ന ഒരു പ്രക്രിയയാണ്.

ബാലനും മാനസികപ്രതിരോധവും

മാനസികാരോഗ്യ ചര്‍ച്ചകളില്‍ ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു പദമാണ് മാനസിക പ്രതിരോധം (Psychological Resilience). പലപ്പോഴും അതിനെ വേദനകളൊന്നും ബാധിക്കാത്ത ഒരു തരം ശക്തിയായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ ആധുനിക developmental psychologyയും ട്രോമ ഗവേഷണങ്ങളും പറയുന്നത് മറ്റൊന്നാണ്. പ്രതിരോധശേഷി എന്നത് വേദന അനുഭവിക്കാതിരിക്കുകയോ, കരയാതിരിക്കുകയോ, ഭയപ്പെടാതിരിക്കുകയോ അല്ല; മറിച്ച് ആ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും ജീവിതവുമായി പൊരുത്തപ്പെട്ട് മുന്നോട്ട് പോകാനും വളരാനുമുള്ള കഴിവാണ്. അമേരിക്കന്‍ മന?ശാസ്ത്രജ്ഞയായ ആന്‍ മാസ്റ്റന്‍ (Ann Masten) പ്രതിരോധശേഷിയെ 'ordinary magic' എന്നാണ് വിശേഷിപ്പിച്ചത്. അതായത്, ചിലര്‍ക്ക് മാത്രം ലഭിക്കുന്ന അസാധാരണ ശക്തിയല്ല അത്; മറിച്ച് സുരക്ഷിതമായ ബന്ധങ്ങള്‍, പ്രതീക്ഷ, പ്രശ്‌നപരിഹാരശേഷി, അര്‍ത്ഥം കണ്ടെത്താനുള്ള കഴിവ് തുടങ്ങിയ സാധാരണ റിസോഴ്‌സുകളില്‍ നിന്നാണ് ഈ പ്രതിരോധശേഷി രൂപപ്പെടുന്നത്.

ബാലന്‍ എന്ന കഥാപാത്രത്തെ ഈ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍, അവന്‍ ഭയപ്പെടുന്നുണ്ട്. ആ ഭയങ്ങള്‍ക്കിടയിലും സാഹചര്യങ്ങളെയും ചുറ്റിലുമുള്ള മാറുന്ന ലോകത്തെയും മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. അവന്‍ ആശയക്കുഴപ്പങ്ങള്‍ അനുഭവിക്കുന്നു, നഷ്ടബോധവും ഏകാന്തതയും നേരിടുന്നു, അവിടെയും പല കാര്യങ്ങളുടെയും അര്‍ത്ഥം കണ്ടെത്താന്‍ ശ്രമിക്കുന്നു. ചുറ്റുപാടുകളില്‍ അവന്‍ ബന്ധങ്ങള്‍ തേടുന്നു, ചോദ്യങ്ങള്‍ ചോദിക്കുന്നു, അനുഭവങ്ങളില്‍ നിന്നും പഠിക്കാന്‍ ശ്രമിക്കുന്നു. ഇവിടെയാണ് മാനസിക പ്രതിരോധം എന്നത് പ്രയാസങ്ങള്‍ക്കിടയിലും ജീവിതവുമായി അര്‍ത്ഥപൂര്‍ണ്ണമായ ബന്ധം നിലനിര്‍ത്തുകയും പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടുകയും ഭാവിയിലേക്കുള്ള പ്രതീക്ഷ കൈവിടാതിരിക്കുകയും ചെയ്യുന്ന ഒരു ചലനാത്മക പ്രക്രിയയുടെ റിസള്‍ട്ടാകുന്നത്.

'അമ്മേ, നമ്മുടെ പുതിയ കഥ എന്താണ്?' എന്ന ചോദ്യത്തിന്റെ മനഃശാസ്ത്രം

ഈ ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ആവര്‍ത്തനങ്ങളിലൊന്നാണ് ബാലന്‍ അമ്മയോട് ചോദിക്കുന്ന ചോദ്യം: 'അമ്മേ, നമ്മുടെ പുതിയ കഥ എന്താണ്?' ആദ്യ കാഴ്ചയില്‍ ഇത് ഒരു കുട്ടിയുടെ നിഷ്‌കളങ്കമായ കൗതുകമായി തോന്നാമെങ്കിലും, മനഃശാസ്ത്രപരമായി നോക്കുമ്പോള്‍ സിനിമയുടെ കേന്ദ്ര ആശയങ്ങളിലൊന്നാണ് ഈ ചോദ്യം.

മനുഷ്യര്‍ തങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നത് വസ്തുതകളിലൂടെ മാത്രമല്ല, കഥകളിലൂടെയാണ്. നാരേറ്റീവ് സൈക്കോളജിയില്‍ (Narrative Psychology) ഗവേഷകര്‍ പറയുന്നത്, ഓരോ വ്യക്തിയും തന്റെ ജീവിതാനുഭവങ്ങളെ ഒരു കഥയായി ക്രമീകരിച്ചാണ് 'ഞാന്‍ ആരാണ്?' എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നത് എന്നതാണ്. കുടുംബങ്ങള്‍ കുട്ടികള്‍ക്ക് പറയുന്ന കഥകള്‍, അവരുടെ ഭൂതകാലത്തെക്കുറിച്ചുള്ള വിവരണങ്ങള്‍, ബന്ധങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ എന്നിവയെല്ലാം കുട്ടിയുടെ വ്യക്തിത്വ രൂപീകരണത്തിന്റെ ഭാഗമാകുന്നു.

സിനിമയില്‍ അമ്മ ബാലനെ സംരക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ പലപ്പോഴും അവന്റെ ലോകത്തെ ചുരുക്കുന്നതായി കാണാം. അവനെ പുറംലോകത്തില്‍ നിന്ന് അകറ്റിനിര്‍ത്താനുള്ള ശ്രമങ്ങള്‍, മറ്റുള്ളവരുമായി ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലുള്ള നിയന്ത്രണങ്ങള്‍, വിവരങ്ങള്‍ മറച്ചുവെക്കല്‍ തുടങ്ങിയവയെല്ലാം ഒരു ട്രോമഇന്‍ഫോംഡ് (TraumaInformed) കാഴ്ചപ്പാടില്‍ മനസ്സിലാക്കേണ്ടതാണ്.

സിനിമയില്‍ അമ്മയും ബാലനും നിരന്തരം പുതിയ സ്ഥലങ്ങളിലേക്കും പുതിയ സാഹചര്യങ്ങളിലേക്കും നീങ്ങുന്നു. ഓരോ തവണയും അമ്മ ഒരു പുതിയ ജീവിതകഥ സൃഷ്ടിക്കുന്നു; പുതിയ പേരുകള്‍, പുതിയ പശ്ചാത്തലങ്ങള്‍, പുതിയ വിശദീകരണങ്ങള്‍. ശ്രദ്ധേയമായ കാര്യം, ബാലന്‍ ഈ കഥകളെ ചോദ്യം ചെയ്യാതെ സ്വീകരിക്കുന്നു എന്നതാണ്. അവന്‍ യാഥാര്‍ത്ഥ്യം അന്വേഷിക്കുന്നില്ല; മറിച്ച് അമ്മ പറയുന്ന കഥകളിലൂടെ ലോകത്തെ മനസ്സിലാക്കുകയാണ്.

വികസന മനഃശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ ഇത് വളരെ സ്വാഭാവികമാണ്. കുട്ടികള്‍ അവരുടെ സ്വയംബോധം രൂപപ്പെടുത്തുന്നത് പ്രധാനമായും ചുറ്റുപാടുകളില്‍ നിന്നുള്ള വിവരണങ്ങളിലൂടെയുമാണ്. അതിനാല്‍ 'നമ്മുടെ പുതിയ കഥ എന്താണ്?' എന്ന ചോദ്യം യഥാര്‍ത്ഥത്തില്‍ 'നമ്മള്‍ ആരാണ്?' അല്ലെങ്കില്‍ 'ഈ ലോകത്തില്‍ നമ്മുടെ സ്ഥാനം എന്താണ്?' എന്ന ആഴത്തിലുള്ള അസ്തിത്വപരമായ ചോദ്യത്തിന്റെ ബാല്യരൂപമാണ്. അത് ഭാവിയിലുണ്ടാകാവുന്ന അസ്തിത്വപരമായ വ്യഥകളുടെ, സംഘര്‍ഷങ്ങളുടെ വിത്തുകൂടിയാണ്.

സിനിമ പുരോഗമിക്കുമ്പോള്‍ ഈ ചോദ്യം കൂടുതല്‍ ഗൗരവമേറിയ അര്‍ത്ഥം കൈവരിക്കുന്നു. കാരണം വ്യക്തിത്വം നിരന്തരം മാറിക്കൊണ്ടിരിക്കുന്ന കഥകളില്‍ മാത്രം അധിഷ്ഠിതമാകുമ്പോള്‍, സ്ഥിരതയുള്ള ഒരു സ്വയംബോധം (Stable Sense of Self) രൂപപ്പെടുത്തുക ബുദ്ധിമുട്ടാകാം. ബാലന്റെ ജീവിതത്തില്‍ പ്രശ്‌നം കഥകളുടെ അഭാവമല്ല; മറിച്ച് കഥകള്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്നു എന്നതാണ്.

സംരക്ഷണവും നിയന്ത്രണവും തമ്മിലുള്ള അതിര്‍ത്തി

മാതാപിതാക്കളുടെ പ്രധാന ഉത്തരവാദിത്തങ്ങളിലൊന്ന് കുട്ടിയെ സുരക്ഷിതമായി വളര്‍ത്തുക എന്നതാണ്. എന്നാല്‍ Developmental Psychology ചൂണ്ടിക്കാണിക്കുന്നത്, സുരക്ഷയും സ്വാതന്ത്ര്യവും തമ്മില്‍ ഒരു സന്തുലനം ആവശ്യമാണ് എന്നതാണ്. അമിതമായ നിയന്ത്രണവും അമിത സംരക്ഷണവും കുട്ടിയുടെ സാമൂഹികവും വൈകാരികവുമായ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

സിനിമയില്‍ അമ്മ ബാലനെ സംരക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ പലപ്പോഴും അവന്റെ ലോകത്തെ ചുരുക്കുന്നതായി കാണാം. അവനെ പുറംലോകത്തില്‍ നിന്ന് അകറ്റിനിര്‍ത്താനുള്ള ശ്രമങ്ങള്‍, മറ്റുള്ളവരുമായി ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലുള്ള നിയന്ത്രണങ്ങള്‍, വിവരങ്ങള്‍ മറച്ചുവെക്കല്‍ തുടങ്ങിയവയെല്ലാം ഒരു ട്രോമഇന്‍ഫോംഡ് (TraumaInformed) കാഴ്ചപ്പാടില്‍ മനസ്സിലാക്കേണ്ടതാണ്. ഇവിടെ നിയന്ത്രണത്തിന്റെ ഉറവിടം അധികാരമല്ല; ഭയമാണ്.

ട്രോമ അനുഭവിച്ച വ്യക്തികള്‍ പലപ്പോഴും അവരുടെ ബന്ധങ്ങളില്‍ വിരുദ്ധമെന്ന് തോന്നുന്ന വികാരങ്ങള്‍ ഒരേസമയം പ്രകടിപ്പിക്കാറുണ്ട്. അവര്‍ക്ക് സ്‌നേഹിക്കാന്‍ കഴിയും, എന്നാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാം.

ട്രോമ അനുഭവിച്ച പല മാതാപിതാക്കളിലും കാണുന്ന ഒരു സവിശേഷതയാണ് 'protective restriction'. ലോകം അപകടകരമാണെന്ന ആഴത്തിലുള്ള വിശ്വാസം കുട്ടിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളെ കൂടുതല്‍ തീവ്രമാക്കുന്നു. എന്നാല്‍ അതേ സമയം കുട്ടിക്ക് സ്വതന്ത്രമായി ലോകത്തെ മനസ്സിലാക്കാനും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനും ആവശ്യമായ അവസരങ്ങള്‍ നഷ്ടപ്പെടാം.

ഈ അര്‍ത്ഥത്തില്‍ ബാലന്‍ ഒരു നിര്‍ണായക ചോദ്യം ഉയര്‍ത്തുന്നു: ഒരു കുട്ടിയെ സുരക്ഷിതനാക്കാനുള്ള ശ്രമം എപ്പോള്‍ അവന്റെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്താന്‍ തുടങ്ങുന്നു?

മാതൃത്വത്തിന്റെ ട്രോമഇന്‍ഫോംഡ് വായന

ഈ സിനിമയുടെ ഒരിടത്തും അമ്മയുടെ കഥാപാത്രത്തെ ലളിതമായ നന്മതിന്മ ചട്ടക്കൂടുകളില്‍ അവതരിപ്പിക്കുന്നില്ല. അവള്‍ ഒരേസമയം സ്‌നേഹിക്കുന്ന അമ്മയും ഭയപ്പെടുന്ന മനുഷ്യനുമാണ്. സംരക്ഷിക്കാന്‍ ശ്രമിക്കുന്നവളും സ്വന്തം ഭൂതകാലത്തിന്റെ തടവുകാരിയുമാണ്.

മാനസികാരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സുപരിചിതമായ ഒരു യാഥാര്‍ത്ഥ്യമാണിത്. ട്രോമ അനുഭവിച്ച വ്യക്തികള്‍ പലപ്പോഴും അവരുടെ ബന്ധങ്ങളില്‍ വിരുദ്ധമെന്ന് തോന്നുന്ന വികാരങ്ങള്‍ ഒരേസമയം പ്രകടിപ്പിക്കാറുണ്ട്. അവര്‍ക്ക് സ്‌നേഹിക്കാന്‍ കഴിയും, എന്നാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാം. അവര്‍ക്ക് കരുതാന്‍ കഴിയും, എന്നാല്‍ വിട്ടുകൊടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകാം. അവര്‍ക്ക് സംരക്ഷിക്കാന്‍ കഴിയും, എന്നാല്‍ അതേ സംരക്ഷണം ചിലപ്പോള്‍ നിയന്ത്രണമായി മാറുകയും ചെയ്യാം.

സിനിമയിലെ അമ്മയെ ഒരു 'നല്ല അമ്മ' അല്ലെങ്കില്‍ 'മോശം അമ്മ' എന്ന ദ്വന്ദ്വത്തില്‍ ഒതുക്കാതെ, ട്രോമയുടെ പശ്ചാത്തലത്തില്‍ പോരാടുന്ന ഒരു മനുഷ്യനായി അവതരിപ്പിക്കുന്നതാണ് സിനിമയുടെ പക്വത.

Conclusion

ബാലന്‍ ഒരു ത്രില്ലര്‍ എന്ന വിഭാഗത്തില്‍ ഒതുങ്ങുന്ന സിനിമയല്ല. സിനിമയിലെ സസ്‌പെന്‍സും രഹസ്യങ്ങളും യഥാര്‍ത്ഥത്തില്‍ ഒരു കുറ്റകൃത്യത്തിന്റെയോ സംഭവത്തിന്റെയോ ചുറ്റുമല്ല നിര്‍മ്മിക്കപ്പെടുന്നത്; മറിച്ച് മനുഷ്യ മനസ്സിന്റെ ആന്തരിക സംഘര്‍ഷങ്ങളുടെയും പറയപ്പെടാത്ത വേദനകളുടെയും ചുറ്റുമാണ്.

ഓരോ മനുഷ്യന്റെയും 'കഥ', അവരുടെ ചരിത്രം, ബന്ധങ്ങള്‍, നഷ്ടങ്ങള്‍, ഭയങ്ങള്‍, അതിജീവന തന്ത്രങ്ങള്‍ എന്നിവയുടെ ആകെത്തുകയാണ്. അതിനാല്‍ ബാലന്‍ ഒരു കുട്ടിയുടെയും അമ്മയുടെയും കഥ മാത്രമല്ല; സുരക്ഷയും ബന്ധവും അര്‍ത്ഥവും തേടുന്ന നിരന്തരമായ യാത്രയുടെ കഥ കൂടിയാണ്.

എന്നെ ഒരു സിനിമയ്ക്കായി ആദ്യമായി സമീപിച്ച എസ്റ്റാബ്ലിഷ്ഡ് ആയ സീനിയർ ഫിലിം മേക്കർ പപ്പേട്ടൻ: റോഷൻ മാത്യു

അണ്ടർ വാട്ടർ ആക്ഷനുമായി 'ധൂമകേതു'; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫസ്റ്റ് ലുക്ക്

Ready For The Big Heist; 'ഐ നോബഡി' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

അത് ai ആയിരുന്നില്ല; നായികയ്‌ക്കൊപ്പം ക്യാമറയും വെള്ളത്തിൽ ചാടി, 'ധൂമകേതു' പോസ്റ്ററിന്റെ മേക്കിങ് വീഡിയോ ശ്രദ്ധ നേടുന്നു

'ട്രാഫിക്ക് അല്ലെങ്കിൽ മറ്റൊരു ട്രെൻഡ് സെറ്റർ'; സഞ്ജയ് അഭിമുഖം

SCROLL FOR NEXT