Film Review

പെരിയാറിനെ പിന്തുടരുന്ന അസുരന്‍ 

കെ സി ഷൈജല്‍

ദലിത്‌ - കീഴാള രാഷ്രീയം സംസാരിക്കുന്ന മികച്ചൊരു സിനിമയാണു വെട്രിമാരന്റെ 'അസുരൻ'. നമ്മുടേത്‌ ദേവപക്ഷമല്ല, അസുരപക്ഷമാണു എന്ന് പ്രഖ്യാപിച്ച പെരിയാറിനെയാണു 'അസുരൻ' പിൻപറ്റുന്നത്‌. പടത്തിന്റെ പേരിൽത്തന്നെ പോരാട്ടത്തിന്റെ സൂചനകളുണ്ട്‌. നിലനിൽക്കുന്ന വരേണ്യവ്യവസ്ഥയുടെ ഒരു തിരിച്ചിടലാണു അസുരനെ മുന്നിൽ നിർത്തുന്നതിലൂടെ വെട്രിമാരൻ നിർവഹിക്കുന്നത്‌. 'ഇന്ദുലേഖ', 'ധർമ്മരാജ' തുടങ്ങിയ തലക്കെട്ടുകളുടെ കൊട്ടാരങ്ങളിൽ നിന്നും 'ഓടയിൽ നിന്നു', 'തോട്ടിയുടെ മകൻ' തുടങ്ങിയ കുടിലുകളിലേക്ക്‌ മലയാള സാഹിത്യം ഇറങ്ങിവന്നതുപോലൊരു വിപ്ലവം ഈ പേരിടലിൽ തന്നെ അരങ്ങേറുന്നു. പടം റിലീസ്‌ ചെയ്ത സമയത്തെയും ഇതിനോട്‌ ചേർത്ത്‌ വേണം വായിക്കുവാൻ.

ശിവസാമി എന്ന ദരിദ്ര ദലിത്‌ കർഷകനും കുടുംബവും കടന്നുപോകുന്ന സഹനത്തിന്റെയും സമരത്തിന്റെയും നാൾവഴികളാണു 'അസുരൻ' അടയാളപ്പെടുത്തുന്നത്‌. തമിഴ്‌നാട്ടിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ കൃഷി ചെയ്ത്‌ ജീവിച്ചുവരുന്ന ശിവസാമിയുടെ സ്വന്തമായുള്ള ഇത്തിരി മണ്ണിലേക്ക്‌ വടക്കുറാൻ നരസിമ്മൻ എന്ന ജന്മിയുടെ കണ്ണെത്തുന്നതോടെയാണു ആ കുടുംബത്തിന്റെ സ്വാസ്ഥ്യം നഷ്ടമാകുന്നത്‌. ഭൂമിയുടെ അവകാശം ആത്മാഭിമാനത്തിന്റെ അവകാശം കൂടിയാണെന്ന് തിരിച്ചറിയുന്ന ശിവസാമിയുടെ മൂത്തമകൻ മുരുഗൻ നിലം വിട്ടുനൽകുന്നതിനു എതിരു നിൽക്കുന്നതോടെ ഇരുകൂട്ടർക്കുമിടയിൽ രൂപപ്പെടുന്ന രക്തരൂക്ഷിതമായ സംഘർഷമാണു സിനിമയുടെ തുടർന്നുള്ള പ്രമേയം.

ജാതീയവും വർഗപരവുമായ വിവേചനങ്ങളുടെയും അടിച്ചമർത്തലുകളുടെയും ചെറുത്തുനിൽപുകളുടെയും നിരവധി ചിത്രങ്ങൾ 'അസുരനി'ൽ കാണാം.

തുല്യനീതിയ്ക്ക്‌ വേണ്ടി ശബ്ദമുയർത്തുവാൻ, വിവേചനങ്ങളെ ചോദ്യം ചെയ്യുവാൻ, ധീരമായി പ്രതികരിക്കുവാൻ, തയ്യാറാകുന്ന ദലിതനെ മേലാളവർഗ്ഗം എവ്വിധം ക്രൂരവും മനുഷ്യത്വരഹിതവുമായാണു കൈകാര്യം ചെയ്യുക എന്നതിന്റെ വിവരണമാണു ഈ സിനിമയിലെ ഏറ്റവും നടുക്കുന്ന സീൻ. തന്റെ പിതാവിനെ കഠിനമായി അപമാനിച്ച നരസിമ്മന്റെ മുഖത്ത്‌ ചെരിപ്പൂരി അടിച്ച മുരുഗനെ വേട്ടയാടിപ്പിടിച്ച്‌ ക്രൂരമായി ഭേദ്യം ചെയ്ത്‌ കൊന്ന് പുറമ്പോക്കിൽ നായ്ക്കൾക്ക്‌ ഭക്ഷണമായി എറിഞ്ഞുകൊടുക്കുകയാണു തമ്പുരാക്കന്മാർ. മുരുകന്റെ കീറിപ്പറിഞ്ഞ ജഡം നായ്ക്കളെ ആട്ടിയോടിച്ച് ആർത്തനാദത്തോടെ ‌ മാറോടണയ്ക്കുന്ന ശിവസാമിയുടെ ചാരത്തേക്ക്‌ ആർത്തലച്ച്‌ വരുന്ന ഭാര്യ പച്ചൈയമ്മാൾ, മകന്റെ വികൃതമാക്കപ്പെട്ട കബന്ധത്തിൽ മുഖം കാണാതെ അലമുറയിട്ട്‌ മോഹാലസ്യപ്പെടുന്ന രംഗം ഹൃദയഭേദകമാണു. "അവന്റെ മുഖമെവിടെ" എന്നവർ ആവർത്തിച്ചു ചോദിക്കുന്നുണ്ട്‌. അവനു, ദലിതനു, അവന്റെ സ്വപ്നങ്ങൾക്ക്‌, ആഹ്ലാദങ്ങൾക്ക്‌, ആത്മാഭിമാനത്തിനു, ആത്മരോഷങ്ങൾക്ക്‌, മുഖമില്ലെന്ന് ; അഥവാ അങ്ങനെയൊരു മുഖം വിടർന്നാൽ അത്‌ പറിച്ചുമാറ്റപ്പെടുമെന്ന്, ഉജ്വലമായി വിളിച്ചുപറയുകയാണു ഈ നെഞ്ചുകീറുന്ന രംഗത്തിലൂടെ വെട്രിമാരൻ.

ദലിതൻ ചെരിപ്പിടുന്നതിനെച്ചൊല്ലി നടക്കുന്ന സംഘർഷം മറ്റൊരുദാഹരണമാണു. മാരിയമ്മാൾ എന്ന യുവതി തനിക്ക്‌ പ്രണയ സമ്മാനമായി ലഭിച്ച ഒരു ജോഡി ചെരിപ്പ്‌ ധരിച്ച്‌ പുറത്തിറങ്ങിയപ്പോൾ ആ ഗ്രാമത്തിലെ മേൽജാതി യുവാക്കൾ കുപിതരാവുകയും അതേ ചെരിപ്പ്‌ തലയിൽപ്പേറി തെരുവിലൂടെ അവൾ വലിച്ചിഴക്കപ്പെടുകയും ചെയ്യുന്നു. ഇത്‌ ചോദ്യം ചെയ്യുന്ന അവളുടെ കാമുകന്റെ കുടിലും കുടുംബവും ചുട്ടെരിക്കപ്പെടുകയും അത്‌ വലിയൊരു സംഘർഷത്തിലേക്ക്‌ വളരുകയുമാണു. ചെരിപ്പ്‌ ഒരേസമയം തിക്ത യാഥാർഥ്യങ്ങളുടെയും നുറുങ്ങു സ്വപ്നങ്ങളുടെയും ഉശിരാർന്ന പോരാട്ടങ്ങളുടെയും പ്രതീകമാവുകയാണിവിടെ. ചെരിപ്പിട്ട്‌ നടന്നതിന്റെ പേരിലും കല്യാണപ്പന്തിയിൽ കസേരയിലിരുന്നതിന്റെ പേരിലുമൊക്കെ ദലിതരെ മർദ്ദിച്ചവശരാക്കിയ വാർത്തകൾ ഏതാനും മാസങ്ങൾക്ക്‌‌ മുൻപ്‌ പോലും വായിച്ചതിന്റെ ഓർമ്മകൾ ഈ രംഗത്തിനൊപ്പം മനസ്സിലേക്ക്‌ ഓടിയെത്തുക സ്വാഭാവികം മാത്രം.

റിയലിസത്തിന്റെ ശക്തിയും നാടകീയതയുടെ സൗന്ദര്യവും സുന്ദരമായി സംയോജിപ്പിച്ചുകൊണ്ടാണു സംവിധായകൻ ദലിതനുഭവങ്ങളുടെ വേദനിപ്പിക്കുന്ന നേർക്കാഴ്ചകൾ സാധ്യമാക്കുന്നത്‌. ശിവസാമിയുടെ ജീവിതത്തിലെ രണ്ട്‌ വ്യതിരിക്ത ഘട്ടങ്ങളും വ്യക്തിത്വത്തിന്റെ രണ്ട്‌ വിരുദ്ധഭാവങ്ങളും ഫ്ലാഷ്‌ ബാക്കിന്റെ അപൂർവ്വ സുന്ദരമായ പ്രയോഗത്തിലൂടെ അവതരിപ്പിക്കുകയും കഥ കൃത്യമായി ആവശ്യപ്പെടുന്ന സന്ദർഭത്തിൽ ഈ വിഭിന്നതകളെ ഏകാത്മകമാക്കുകയും ചെയ്യുന്ന മനോഹരമായ ഒരു നറെയ്റ്റീവ്‌ ടെക്നിക്‌ കൂടി ഉപയോഗപ്പെടുത്തുന്നതോടെ 'അസുരനെ' മികച്ചൊരു ദൃശ്യാനുഭവമാക്കി മാറ്റുകയാണു വെട്രിമാരൻ.

ശിവസാമിയുടെ രണ്ട്‌ കാലങ്ങളെ, രണ്ട്‌ ഭാവങ്ങളെ, സുന്ദരമായി അവതരിപ്പിക്കുവാൻ ധനുഷിനു സാധിക്കുന്നു. അണ്ടർ ആക്റ്റിങ്ങിന്റെ സൗന്ദര്യവും ശബ്ദ നിയന്ത്രണവും രൗദ്രഭാവങ്ങളുടെ വർധിതപ്രവേഗങ്ങളും സമ്മേളിക്കുന്ന സൂപ്പർ പെർഫോമൻസ്‌. രൂപത്തിലും ഭാവത്തിലും മൊഴിയിലും തനിത്തങ്ക തമിഴ്‌ തായയിലേക്ക്‌ കൂടുമാറ്റം നടത്തുന്ന മഞ്ജു വാര്യരുടെ പച്ചൈയമ്മാൾ അവരുടെ കരിയർ ബെസ്റ്റ്‌ പ്രകടനങ്ങളിലൊന്നാണു. രചനാവേളയിൽ കുറെക്കൂടി ആ കഥാപാത്രത്തെ വികസിപ്പിച്ചിരുന്നുവെങ്കിൽ ധനുഷിന്റെ സ്റ്റാർ വാല്യു പോലും പിന്നിലായിപ്പോകുംവിധം പച്ചൈയമ്മാൾ പൂണ്ടുവിളയാടിയേനെ. ശിവസാമിയുടെ ഇളയമകനായി വന്ന കെൻ കരുണാസ്‌ ഉൾപ്പെടെയുള്ള മറ്റ്‌ അഭിനേതാക്കളും നന്നായിട്ടുണ്ട്‌. ജി.വി. പ്രകാശ്‌ കുമാറിന്റെ സംഗീതവും വേൽരാജിന്റെ ഛായാഗ്രഹണവും ആർ രാമറിന്റെ ചിത്രസംയോജനവും പടത്തെ ഏറെ സുന്ദരമാക്കുന്നു. കളർടോണിന്റെ മികവുറ്റ പ്രയോഗവും 'അസുരന്റെ' എടുത്തുപറയേണ്ട സവിശേഷതകളിലൊന്നാണു.

വിദ്യ നേടുക, അതിലൂടെ അധികാരം കൊയ്യുക - ദലിതന്റെ വിമോചനമാർഗമായി അംബേദ്കറുടെ ഈ വിഖ്യാതബോധനം ആവർത്തിച്ചുകൊണ്ടാണു 'അസുരനു' തിരശ്ശീല വീഴുന്നത്‌. പാ രഞ്ജിത്തും മാരി സെൽവരാജും വെട്രിമാരനും മറ്റും വാനിലേക്കുയർത്തിപ്പിടിക്കുന്നത്‌ ഇതേ വിമോചനസ്വപ്നങ്ങളുടെ നീലപ്പതാക തന്നെയാണ്‌.

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT