Film News

ലോക പ്രശസ്ത തബല വാദകന്‍ ഉസ്താദ്‌ സാക്കീര്‍ ഹുസൈന്‍ അന്തരിച്ചു

ലോക പ്രശസ്ത തബല വാദകന്‍ ഉസ്താദ് സാക്കീര്‍ ഹുസൈന്‍ അന്തരിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 73 വയസായിരുന്നു. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഒരാഴ്ചയിലേറെ ചികിത്സയിലായിരുന്നു. ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മലയാളത്തിൽ മോഹൻലാൽ നായകനായി എത്തിയ വാനപ്രസ്ഥം എന്ന ചിത്രത്തിന് സം​ഗീതം നൽകിയത് സാക്കീര്‍ ഹുസൈന്‍ ആയിരുന്നു. അതില്‍ തബല വായിച്ചിരിക്കുന്നതും സക്കീര്‍ ഹുസൈൻ തന്നെയാണ്.

1951ല്‍ മുംബൈയിലാണ് സാക്കിര്‍ ഹുസൈന്റെ ജനനം. 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയ പ്രതിഭയായിരുന്ന അദ്ദേഹം തന്റെ വഴി സം​ഗീതമാണെന്ന് കുട്ടിക്കാലത്ത് തന്നെ തിരിച്ചറിഞ്ഞിരുന്നു. തബലയെക്കുറിച്ചുള്ള ആദ്യ പാഠങ്ങൾ പകര്‍ന്നുനല്‍കിയത് പിതാവും തബലിസ്റ്റുമായ അള്ളാ രഖാ ഖാനായിരുന്നു. ഐതിഹാസിക പോപ്പ് ബാന്‍ഡ് 'ദി ബീറ്റില്‍സ്' ഉള്‍പ്പെടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി സഹകരിച്ചിട്ടുണ്ട്. 1999-ല്‍ യുണൈറ്റഡ് നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ആര്‍ട്സ് നാഷണല്‍ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി. അമേരിക്കയിലെ പരമ്പരാഗത കലാകാരന്‍മാര്‍ക്കും സംഗീതജ്ഞര്‍ക്കും നല്‍കുന്ന ഏറ്റവുമുയര്‍ന്ന ബഹുമതിയാണിത്. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.

കഴിഞ്ഞ ഗ്രാമി പുരസ്‌കാര വേദിയിലും സാക്കിര്‍ ഹുസൈന്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. മികച്ച ഗ്ലോബല്‍ മ്യൂസിക്ക് പെര്‍ഫോമന്‍സ്, മികച്ച കണ്ടംപററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം പങ്കിട്ടത്. വാനപ്രസ്ഥത്തെ കൂടാതെ ഇന്‍ കസ്റ്റഡി, ദ്‌ മിസ്റ്റിക്‌ മസ്‌ച്യുര്‍, മിസ്റ്റര്‍ ആന്‍ഡ്‌ മിസിസ്‌ അയ്യര്‍, ഹിന്ദി ചിത്രമായ സാസ, ബ്രിട്ടീഷ്‌ ചിത്രമായ ഹീറ്റ്‌ ആന്‍ഡ്‌ ഡസ്റ്റ്‌, മിസ്‌ ബീട്ടിസ്‌ ചില്‍ഡ്രന്‍, മാന്റോ എന്നീ സിനിമകള്‍ക്കു വേണ്ടിയും അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

ഹീറ്റ് ആന്റ് ഡസ്റ്റ്, ദി പെര്‍ഫക്റ്റ് മര്‍ഡര്‍, മിസ് ബ്യൂട്ടിസ് ചില്‍ഡ്രന്‍, സാസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അപ്പോകാലിപ്‌സ്‌ നൗ ,ലിറ്റില്‍ ബുദ്ധ, എന്നി ചിത്രങ്ങള്‍ക്ക്‌ വേണ്ടി അദ്ദേഹം തബല വായിച്ചിട്ടുണ്ട്‌. അറ്റ്‌ലാന്‍ഡ ഒളിംപിക്‌സിന്റെ (1996) ഉല്‍ഘാടന ചടങ്ങുകള്‍ക്ക്‌ സംഗീതം ചിട്ടപ്പെടുത്തിയതും സാക്കിര്‍ ഹുസൈനാണ്. കൂടാതെ താജ്‌മഹല്‍ ചായയുടെ വാഹ് താജ് എന്ന പരസ്യത്തിന്‌ സംഗീതം നല്‍കി അതില്‍ അഭിനയിച്ചിരിക്കുന്നത്‌ സക്കീര്‍ ഹുസൈനാണ്‌. കഥക് നര്‍ത്തകിയും അധ്യാപികയുമായ അന്റോണിയ മിന്നെകോലയാണ് ഭാര്യ. അനിഷ ഖുറേഷിയും ഇസബെല്ല ഖുറേഷിയുമാണ് മക്കള്‍

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

ഇന്ത്യാവിഷന്‍ പേരും സമാന ലോഗോയും ഉപയോഗിക്കുന്ന മാധ്യമവുമായി ബന്ധമില്ല, വ്യാജ നീക്കത്തിന് എതിരെ നിയമ നടപടി സ്വീകരിക്കും; എം.കെ.മുനീര്‍

'പാതിരാത്രി' റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ 'പൊലീസ് പിടിച്ചു', 'പാതിരാത്രി' പ്രൊമോഷന്‍ വീഡിയോ

ഉള്ളൊഴുക്ക്, ഭ്രമയുഗം.. ഇനി 'പാതിരാത്രി'; പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഛായാഗ്രഹണ മികവുമായി ഷഹനാദ് ജലാൽ

കൊച്ചി കപ്പൽ അപകടം: മത്സ്യങ്ങളിൽ വിഷം കലർന്നിട്ടുണ്ടോ?

SCROLL FOR NEXT