Hema Committee report 
Film News

ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ഈ അന്വേഷണങ്ങൾ നടന്നത്, ഹേമ കമ്മിറ്റി റിപ്പോർട്ട് വൈകുന്നതിൽ വിമൻ ഇൻ സിനിമ കളക്ടീവ്

ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വരാൻ വൈകുന്നതിൽ ആശങ്ക പങ്കിട്ട് വിമൻ ഇൻ സിനിമ കളക്ടീവ്. റിപ്പോർട്ട് പുറത്തു കൊണ്ടുവരാനോ അത് നിർദ്ദേശിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കാനോ കേരളത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നും, അതിനായി മുന്നിട്ടിറങ്ങാൻ സർക്കാറോ സിനിമയിൽ ആധിപത്യം വഹിക്കുന്ന സംഘടനകളോ തയ്യാറല്ലെന്നും ഡബ്ള്യു സി.സി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാനിരിക്കെ നിർമാതാവ് സജി മോൻ പാറയിലിന്റെ ഹർജിയിൽ ഹൈക്കോടതി റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് സ്റ്റേ ചെയ്യുകയായിരുന്നു.

കോടതിക്കാര്യമാണ് എന്ന നിഷേധാത്മക നിലപാടാണ് സർക്കാരിന്റേത്

വയനാടിൻ്റെ ദുരന്തം ഉണ്ടാക്കിയ ഞെട്ടലിൽ നിന്ന് നമ്മൾ ഇനിയും മുക്തരായിട്ടില്ല. അതിനിടയിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരുന്നതിനെതിരെ ഒരു പ്രൊഡ്യൂസർ നൽകിയ സ്റ്റേ വീണ്ടും അടുത്ത മാസം ആറാം തീയ്യതി വരെ നീട്ടിയത്. സമാനതകളിലാത്ത ഈ ദുരിത സാഹചര്യത്തിലാണെങ്കിലും ഇതേ കുറിച്ച് ചിലത് പറയാതിരിക്കാനാവില്ല. നിയമം ഉണ്ട് എന്നത് സ്ത്രീയ്ക്ക് നീതി കിട്ടും എന്നതിൻ്റെ ഉറപ്പല്ല .

നീതിക്കായുള്ള പോരാട്ടം പിന്നെയും ഒരു വലിയ കടമ്പയാണ് . സിനിമയിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അത് ഇരട്ടി ദൂരം സഞ്ചരിയ്ക്കലാണ് . നീതി കിട്ടുന്നു എന്ന പ്രതീതി മാത്രമാണ് അവർക്കായി ബാക്കി നിൽക്കുന്നത്. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നിട്ട് വരുന്ന ഡിസംബറിൽ അഞ്ചു വർഷം തികയും . റിപ്പോർട്ട് പുറത്തു കൊണ്ടുവരാനോ അത് നിർദ്ദേശിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കാനോ കേരളത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. അതിനായി മുന്നിട്ടിറങ്ങാൻ സർക്കാറോ സിനിമയിൽ ആധിപത്യം വഹിക്കുന്ന സംഘടനകളോ തയ്യാറുമല്ല.

സിനിമയിലെ തൊഴിലിടങ്ങളിൽ പണിയെടുക്കുന്ന സ്ത്രീകൾക്ക് നീതി ലഭ്യമാക്കുന്ന കാര്യത്തിൽ കേരളം എന്തു വലിയ പരാജയമാണ് എന്ന് ഈ കാത്തിരുപ്പ് ഓർമ്മിപ്പിക്കുന്നു. നീതിശൂന്യമായ ഈ കാത്തിരിപ്പിന് ഒരു പരിഹാരമായാണ് ആരുടെയും സ്വകാര്യത ലംഘിക്കാത്ത രീതിയിൽ ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടണം എന്ന വിവരാവകാശ കമ്മീഷൻ്റെ നിർദ്ദേശം . അന്യായങ്ങൾ ചെയ്തവരെ അത് സുരക്ഷിതരാക്കി നിർത്തുന്നു . എന്നാൽ അത് പോലും നിയമക്കുരുക്കിലേക്ക് കൊണ്ടു പോയി , റിപ്പോർട്ട് പുറത്തു വരുന്നത് തടഞ്ഞു നിർത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത് . ഈ നിയമക്കുരുക്ക് സിനിമയിലെ മുഴുവൻ സ്ത്രീകൾക്കുമേലും പതിച്ച നീതി നിഷേധത്തിൻ്റെ കുരുക്കാണ്.

അതിൽ നിന്നും പുറത്തുകടന്ന് സ്ത്രീകൾക്ക് നീതി ലഭ്യമാക്കുക എന്ന പ്രാഥമിക ഉത്തരവാദിത്വം സർക്കാറിനാണ് . ഈ കുരുക്കഴിയ്ക്കുക എന്നത് ഡബ്യു.സി.സി.യുടെ മാത്രം കാര്യമാണ് എന്ന മട്ടിൽ മൗനം പൂണ്ടിരിയ്ക്കുകയാണ് സിനിമയിലെ സംഘടനകൾ . അവർക്കും ഇക്കാര്യത്തിൽ തുല്യ ഉത്തരവാദിത്വമാണുള്ളത്. സിനിമയിലെ മഹാഭൂരിപക്ഷം പ്രവർത്തകരെയും തങ്ങളുടെ കുടക്കീഴിൽ അണിനിരത്തിയിട്ടുള്ള ഈ സംഘടനാ സംവിധാനങ്ങൾ ഈ വിഷയത്തിൽ എടുത്തിരിക്കുന്ന മൗനം അന്യായമാണ് . സിനിമയിലെ സ്ത്രീകളുടെ അവകാശങ്ങൾക്കും താല്പര്യങ്ങൾക്കും വിരുദ്ധമാണത്. സിനിമ നിയമവിധേയമായ ഒരു പ്രവർത്തന മണ്ഡലമായി മാറ്റിയെടുക്കാൻ ഈ സംഘടനകളുടെ നിഷേധാത്മക നിലപാട് ഇന്നൊരു തടസ്സമാണ് . അവരത് മാറ്റിയേ തീരൂ.

റിപ്പോർട്ട് പുറത്തു കൊണ്ടുവരുന്ന വിഷയത്തിൽ സർക്കാർ ഇക്കാലമത്രയും കൈക്കൊണ്ട നിലപാടുകൾ തീർത്തും നിഷേധാത്മകമാണ്. വിവരാവകാശ കമ്മീഷൻ അത് പുറത്തു കൊണ്ടുവരുവാൻ ഉത്തരവിട്ടപ്പോഴും അത് ഉറപ്പു വരുത്തുന്ന കാര്യത്തിൽ സർക്കാർ ജാഗ്രത കാട്ടിയിട്ടില്ല. അത് സ്റ്റേ ചെയ്യുന്നതിലേക്ക് എത്തിയപ്പോഴും അത് നീക്കം ചെയ്യാൻ സർക്കാറിൻ്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടൽ ഉണ്ടായിട്ടില്ല . അത് ഞങ്ങളുടെ കാര്യമല്ല , കോടതിക്കാര്യമാണ് എന്ന നിഷേധാത്മക നിലപാടാണ് സർക്കാർ എടുത്തതായി കാണുന്നത്. സർക്കാർ ഈ നിലപാട് തിരുത്തണം. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു കൊണ്ടു വരികയും അതിന്മേൽ നടപടികൾ ഉണ്ടാവുകയും വേണം. അത് വൈകാനിടയാക്കുന്നത് കൊടിയ നീതി നിഷേധമാണ്. ഭരണഘടന അനുശാസിക്കുന്ന നീതിനിർവ്വഹണത്തിലെ ലംഘനമാണ്.

ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ഈ അന്വേഷണങ്ങൾ അത്രയും നടന്നത്. സംസ്ഥാന സർക്കാർ അതിനായി ഒരു കോടിയിലേറെ രൂപ ചിലവിട്ടിട്ടുണ്ട്. അത് എന്തിന് വേണ്ടിയായിരുന്നു എന്ന് എല്ലാവർക്കും ഓർമ്മകൾ ഉണ്ടായിരിക്കേണ്ടതുണ്ട്. അത് പാഴായിപ്പോകാതിരിക്കാനുള്ള ഉത്തരവാദിത്വം നിറവേറ്റപ്പെടേണ്ടതുണ്ട് . നീതിപൂർണ്ണമായ തൊഴിലിടം ഉറപ്പുവരുത്താൻ സർക്കാറിൽ വിശ്വാസമർപ്പിച്ച് കാത്തിരിക്കുന്ന സ്ത്രീ സമൂഹത്തിനായി അടിയന്തരമായി ഇടപെടേണ്ടതുണ്ട് എന്ന് ഡബ്ല്യു .സി. സി. ആവശ്യപ്പെടുന്നു .

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT