55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ മലയാളികൾ ഒന്നടങ്കം ആവേശത്തിലാണ്. മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിക്കാണ് ഇത്തവണ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. ഭ്രമയുഗം എന്ന സിനിമയിലെ പ്രകടനത്തിലൂടെയാണ് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. മമ്മൂട്ടിയുടെ ഏഴാമത്തെ സംസ്ഥാന പുരസ്‌കാരമാണിത്. കൊടുമൺ പോറ്റിയും ചാത്തനും എന്നീ രണ്ട് കഥാപാത്രങ്ങളെ ഏക ശരീരത്തിലേക്ക് ആവാഹിച്ച്, താരപദവിയും പ്രതിച്ഛായയും മറന്ന് പ്രതിനായകനായി പകർന്നാടിയതിനാണ് മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തതെന്നാണ് ജൂറിയുടെ വിലയിരുത്തൽ.
“കൊടുമൺ പോറ്റിയും ചാത്തനും എന്നീ രണ്ട് കഥാപാത്രങ്ങളെ ഏകശരീരത്തിലേക്ക് ആവാഹിച്ചുകൊണ്ട്, അധികാരത്തിനകത്തെ പൈശാചികതയെ അതിശക്തമായും സൂക്ഷ്മമായും ആവിഷ്കരിച്ച ഭാവാഭിനയ മികവിന്; താരപദവിയും പ്രതിച്ഛായയും മറന്ന്, ഉടലിനെ അഭിനയപരീക്ഷണത്തിന്റെ ഉപാധിയാക്കാനായി എടുത്തണിഞ്ഞ പ്രതിനായകവേഷത്തിന്റെ പകർന്നാട്ട പൂർണ്ണതയ്ക്കാണ് പുരസ്‌കാരം,” എന്ന് ജൂറി വ്യക്തമാക്കി.
മമ്മൂട്ടി ഇപ്പോഴും ചെറുപ്പക്കാരോട് മത്സരിച്ചുകൊണ്ടിരിക്കുകയാണെന്ന് ജൂറി ചെയർമാൻ പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. സീനിയർ ആയതുകൊണ്ടല്ല അദ്ദേഹത്തെ പുരസ്‌കാരത്തിനായി പരിഗണിച്ചത്. അദ്ദേഹത്തിൽ നിന്ന് ചെറുപ്പക്കാർ ഒരുപാട് പഠിക്കാനുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു. അഭിനയത്തിലെ സൂക്ഷ്മത കാണുമ്പോൾ തനിക്ക് അസൂയ തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം തൃശൂർ രാമനിലയത്തിൽ വെച്ച് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനങ്ങൾ നടത്തിയത്. മികച്ച ചിത്രമായി മഞ്ഞുമ്മൽ ബോയ്സ് തെരഞ്ഞെടുക്കപ്പെട്ടു. ചിത്രം ഒരുക്കിയ ചിദംബരമാണ് മികച്ച സംവിധായകൻ. മികച്ച നടിയായി ഷംല ഹംസയെയാണ് തെരഞ്ഞെടുത്തത്. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയമാണ് ഷംലയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. നടന്മാരായ ടൊവിനോ തോമസിനും ആസിഫ് അലിക്കും പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു.