'ലൂസിഫർ' എന്ന ചിത്രത്തിൽ മോഹൻലാലിനെ കാണിക്കുന്ന പല ഷോട്ടുകളും ഔട്ട് ഓഫ് ഫോക്കസിൽ എടുത്തിരിക്കുന്നതിന്റെ കാരണം പറഞ്ഞ് നടനും സംവിധായകനുമായ പൃഥ്വിരാജ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് 'ലൂസിഫർ'. ലൂസിഫർ തിയറ്ററിൽ നിന്ന് കണ്ടിറങ്ങിയ സിനിമാറ്റോഗ്രാഫേഴ്സ് ആയ തന്റെ പല സുഹൃത്തുക്കളും ചിത്രത്തിലെ കുറേയധികം ഷോട്ടുകളും ഔട്ട് ഓഫ് ഫോക്കസ് ആണെല്ലോ എന്നു തന്നോട് പറഞ്ഞിരുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു. എന്നാൽ അത് താൻ മനപൂർവം ചെയ്തതാണെന്നും അതിന് പിന്നിൽ ഒരു കാരണമുണ്ടെന്നും പൃഥ്വിരാജ് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പൃഥ്വിരാജ് പറഞ്ഞത്:
ഒരു സംവിധായകൻ എന്ന തലത്തിൽ മോണിറ്ററിലൂടെ മറ്റൊരു അഭിനേതാവിന്റെ പ്രകടനം കാണുമ്പോൾ നിങ്ങൾക്ക് അവരുടെ പ്രോസസ്സ് കൂടി കാണാൻ സാധിക്കും. ഷോട്ടിന് മുമ്പുള്ള അവരുടെ മുഖത്തേക്ക് നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാവും എല്ലാം ആക്ടേഴ്സിനും അവരുടേതായ ഒരു പ്രോസസ്സ് ഉണ്ട് എന്ന്. മോഹൻലാൽ സാർ ഡിസസോസിയേറ്റ് ആണ്. അത് വളരെ ഭംഗിയായാണ്, പക്ഷേ ഫിലിം മേക്കറിന് അത് കുറച്ച് ടഫ് ആണ്. കാരണം ഞാൻ പറയാം. അദ്ദേഹം എനിക്ക് ഏറ്റവും മികച്ച ഒരു ടേക്ക് തന്നു. പക്ഷേ ആ ഷോട്ടിൽ ക്യാമറയുടെ ഫോക്കസ് പോയി. ഞാൻ അദ്ദേഹത്തിനോട് പോയി ഒന്നു കൂടി വേണം സാർ, ഇപ്പോൾ ചെയ്തത് പോലെ തന്നെ മതി, ഞങ്ങൾക്ക് ഫോക്കസ് പോയതാണ് എന്നു പറഞ്ഞു. അദ്ദേഹം ശരിയെന്ന് പറഞ്ഞു. പക്ഷേ അടുത്ത ടേക്കിൽ അദ്ദേഹം തീർത്തും വ്യത്യസ്തമായ മറ്റൊരു ടേക്ക് ആണ് തന്നത്. സാർ ഇതല്ല, കഴിഞ്ഞ ടേക്കിൽ ചെയ്തതാണ് എനിക്ക് വേണ്ടത് എന്ന് ഞാൻ വീണ്ടും പറയും. അദ്ദേഹം ശരി എന്ന് പററയും, ശേഷം പക്ഷേ വീണ്ടും മറ്റൊന്നായിരിക്കും തരിക. അവസാനം അദ്ദേഹം ആദ്യ ടേക്കിൽ എന്താണ് ചെയ്തത് എന്ന് മോണിറ്ററിൽ വന്നു കണ്ടു നോക്കി. ഓഹ് ഇതാണോ വേണ്ടത്. ഒക്കെ എന്നു പറഞ്ഞ് വീണ്ടും ടേക്ക് പോയി. പക്ഷേ അടുത്ത ടേക്കിലും മറ്റൊന്നാണ് തന്നത്. ലൂസിഫറിലെ കുറേയധികം ഷോട്ടുകൾ ഔട്ട് ഓഫ് ഫോക്കസ് ആണ്. എന്റെ സിനിമാറ്റോഗ്രാഫേഴ്സ് ആയ സൂഹൃത്തുക്കൾ ലൂസിഫർ കണ്ടതിന് ശേഷം എന്നോട് പറഞ്ഞത് കുറേയധികം ഷോട്ടുകൾ ഔട്ട് ഓഫ് ഫോക്കസ് ആണെല്ലോ എന്നാണ്. എനിക്കറിയാം. പക്ഷേ ഞാൻ അത് വച്ചത്, അതെല്ലാം അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയത് കൊണ്ടാണ്. മോഹൻലാൽ സാർ അങ്ങനെയാണ്. കുറച്ച് ഡിസസോസിയേറ്റ് ആണ്. എന്നാൽ വിവേക് ഒബ്റോയിലേക്ക് വന്നാൽ അദ്ദേഹം 18 ടേക്കുകൾ എടുത്താൽ അതിൽ നിന്നും ഏത് വേണമെങ്കിലും നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കും. അത്രയും പിൻപോയിന്റ് ആണ് അത്. 18 ടേക്കും ഒരുപോലെ തന്നെയിരിക്കും.