Film News

വിശാൽ കൃഷ്ണമൂർത്തിക്ക് അലീനയുടെ അറിയാക്കഥ പറഞ്ഞു കൊടുത്ത ദേവദൂതനിലെ ഫാദർ സ്തേവ ആര്?

24 വർഷങ്ങൾക്ക് ശേഷം ദേവദൂതൻ വീണ്ടും ബി​ഗ് സ്ക്രീനിൽ എത്തുമ്പോൾ തിയറ്ററുകളിൽ നിറഞ്ഞ ആവേശവും കയ്യടിയുമാണ്. ഒപ്പം കുടുതൽ മിഴിവോടെ 4 കെ റെസലൂഷ്യനിൽ എത്തിയ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെക്കുറിച്ചും അറിയാൻ പ്രേക്ഷർ വലിയ താൽപര്യം കാണിക്കുന്നുമുണ്ട്. ദേവദൂതനിലെ അലീനയുടെ ഭുതകാലം അറിയുന്ന മർമ്മ പ്രധാനമായ രം​ഗത്തിൽ അഭിനയിച്ച ഫാദർ സ്തേവയാണ് ഈ ലിസ്റ്റിൽ ഇപ്പോൾ അടുത്തതായി എത്തിയിരിക്കുന്നത്. വാർദ്ധക്യം വേ​ഗത കുറച്ച സ്വരത്തിൽ അലീന എന്ന പെൺകുട്ടിയുടെ കാലങ്ങൾ നീണ്ട കാത്തിരിപ്പിനെയും അവളുടെ തിരിച്ചെത്താത്ത പ്രണയത്തെയും വിശാൽ കൃഷ്ണമൂർത്തിക്ക് വിവരിച്ച് നൽകുന്ന ഫാദർ സ്തേവയുടെ മുഖം സിനിമ കണ്ട പ്രേക്ഷകർ ആരും തന്നെ മറന്നിട്ടുണ്ടാവില്ല. കേരളശ്ശേരി രാമൻകുട്ടി വാര്യർ എന്ന നടനാണ് ദേവദൂതനിലെ ഫാദർ സ്തേവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രം റീ റിലിസ് ചെയ്തതിന് പിന്നാലെ സിനിമ കണ്ട പലരും ചിത്രത്തിലെ ഫാദർ സ്തേവയുടെ പ്രകടനത്തെക്കുറിച്ച് എടുത്തു പറയുന്നുണ്ട്. കേരളശ്ശേരി രാമൻകുട്ടി വാര്യരുടെ കൊച്ചു മകനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ മുത്തച്ഛനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്. രാമൻകുട്ടി വാര്യർ ഏറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആളുകൾ ഇപ്പോഴും അദ്ദേഹത്തെ ഓർക്കുന്നത് ഫാ.സ്തേവ എന്ന കഥാപാത്രത്തിലൂടെയാണ് എന്നും ചിത്രം ഇപ്പോൾ തിയറ്ററിൽ സ്വീകരിക്കപ്പെടുന്നതിലും മുത്തച്ഛന്റെ സീനിനെക്കുറിച്ച് ആളുകൾ സംസാരിക്കുന്നതിലും ഒരുപാട് സന്തോഷം തോന്നുന്നുണ്ടെന്നും രാമൻകുട്ടി വാര്യരുടെ കൊച്ചു മകൻ അരുൺ വാര്യർ ഫേസ് ബുക്ക് ​ഗ്രൂപ്പിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

മോഹൻലാലിനും സിബി മലയിലിനുമൊപ്പം രാമൻകുട്ടി വാര്യരും കൊച്ചു മകൻ അനു വാര്യരും

അരുൺ വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്:

പ്രിയപ്പെട്ടവരേ.. ദേവദൂതൻ വീണ്ടും വാർത്തകളിൽ നിറയുകയാണല്ലോ. ഇറങ്ങിയ സമയത്ത് വേണ്ടത്ര ശ്രദ്ധകിട്ടാതെ പോയ പടം ഇപ്പോൾ ഹൗസ് ഫുള്ളായി ഓടുന്നതിൽ സന്തോഷിക്കുന്നവരിൽ ഞാനും ഞങ്ങളുടെ മുഴുവൻ കുടുംബാംഗങ്ങളും ഉണ്ട്. സിനിമയിൽ പ്രധാനമായ ഒരു വേഷമായ ഫാദർ സ്തേവ ചെയ്തത് എന്റെ മുത്തശ്ശൻ കേരളശ്ശേരി രാമൻകുട്ടി വാര്യരാണ്. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആളുകൾ ഇപ്പോഴും അദ്ദേഹത്തെ ആദ്യം ഓർക്കുന്നത് ഫാദർ സ്തേവയിലൂടെ ആണ്. സോഷ്യൽ മീഡിയയിൽ പലയിടത്തും ആ സീനിനെക്കുറിച്ച് ആളുകൾ സംസാരിക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷമുണ്ട്. മുത്തശ്ശനെ വീണ്ടും ബിഗ് സ്‌ക്രീനിൽ കാണാൻ പറ്റുന്നതിന്റെ സന്തോഷത്തിലാണ്.

ഓട്ടൻ തുള്ളൽ കലാകാരനായിരുന്ന കേരളശ്ശേരി രാമൻകുട്ടി വാര്യർ 1982 -ൽ ശ്രീകുമാരൻ തമ്പിയുടെ ഗാനം എന്ന ചിത്രത്തിൽ സംഭാഷണമില്ലാത്ത ചെറിയൊരു വേഷം അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം സിനിമയിലെത്തുന്നത്. ഒടുവിൽ ഉണ്ണികൃഷ്ണനാണ് സുകൃതം സിനിമയിലേക്ക് രാമൻകുട്ടി വാര്യരെ പരിചയപ്പെടുത്തുന്നത്. മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന് നാടൻ ചികിത്സ നിർദേശിക്കുന്ന വൈദ്യരായാണ് സുകൃതത്തിൽ രാമൻകുട്ടി വാര്യർ അഭിനയിച്ചത്. തുടർന്ന് സല്ലാപം, തൂവൽക്കൊട്ടാരം, സിന്ദൂരരേഖ, ഈ പുഴയും കടന്ന്, ബാലേട്ടൻ എന്നിവയുൾപ്പെടെ ഇരുപത്തിയഞ്ചോളം സിനിമകളിൽ അഭിനയിച്ചു. വാർധക്യത്തിലും കലാരംഗത്ത് സജീവമായിരുന്ന അദ്ദേഹം 2018 ജനുവരി 26 ന് അന്തരിച്ചു.

സിബി മലയില‍ിന്റെ സംവിധാനത്തിൽ 2000-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ദേവദൂതൻ. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറായിരുന്നു ചിത്രം നിർമിച്ചത്. വിശാൽ കൃഷ്ണമൂർത്തിയെന്ന ലോകപ്രശസ്തനായ മ്യൂസിക് കമ്പോസറും അയാളിലേക്ക് സം​ഗീതം നിറച്ച കോളജും പശ്ചാത്തലമായ ചിത്രമായിരുന്നു ദേവദൂതൻ. വിശാൽ കൃഷ്ണമൂർത്തിയിലെ സം​ഗീതജ്ഞന്റെ പിറവിക്കും വളർച്ചക്കും കാരണമാകുന്ന സെവൻ ബെൽസ് എന്ന സം​ഗീതോപകരണവും അതിനെ ബന്ധിപ്പിച്ച് നിൽക്കുന്ന അനശ്വരമായൊരു പ്രണയകഥയുമായിരുന്നു ദേവദൂതന്റെ ഇതിവൃത്തം. വിദ്യാസാ​ഗർ ദേവദൂതന് വേണ്ടിയൊരുക്കിയ പാട്ടുകളും സന്തോഷ് തുണ്ടിയിലിന്റെ ഛായാ​ഗ്രഹണവും സിനിമയുടെ അവതരണ മികവിനൊപ്പം പിൽക്കാലത്ത് ചർച്ച ചെയ്യപ്പെട്ടു. മോഹൻലാൽ-സിബി മലയിൽ കൂട്ടുകെട്ടിലെത്തിയ മികച്ച ചിത്രങ്ങളുടെ പട്ടികയിലാണ് ദേവദൂതന് സ്ഥാനം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT