സൽമാൻ ഖാനെതിരെ 2003 ൽ നടത്തിയ വെളിപ്പെടുത്തലുകൾ തന്റെ സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഏറെ ബാധിച്ചു എന്ന് നടൻ വിവേക് ഒബ്‌റോയ്. സല്‍മാന്‍ ഖാനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ തനിക്ക് അവസരങ്ങള്‍ നഷ്ടമായി. ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങി. എന്നാല്‍, ഇന്ന് സംഭവങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ചിരിവരുമെന്നും വിവേക് ഒബ്‌റോയ് പറഞ്ഞു. പ്രഖർ ഗുപ്തയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഇപ്പോൾ അതോർക്കുമ്പോൾ ചിരി വരുന്നു. ഇന്ന് ഞാൻ അന്ന് എനിക്ക് സംഭവിച്ച കാര്യങ്ങള്‍ ഞാന്‍ ഓര്‍ത്തിരിക്കുകയോ അവയെ കാര്യമാക്കുകയോ ചെയ്യുന്നില്ല. എന്നാല്‍, ആ സംഭവങ്ങളോട് അമ്മയുടേയും അച്ഛന്റേയും പ്രതികരണമാണ് ഇന്നും മറക്കാന്‍ കഴിയാത്തത്. അതും മറക്കാൻ ഞാൻ ശ്രമിച്ചിരുന്നു. കാരണം, ആ ഓര്‍മകള്‍ കൂടുതല്‍ നെഗറ്റീവ് ചിന്തകള്‍ ആണ് നല്‍കിയിരുന്നത്,' വിവേക് ഒബ്‌റോയ് പറഞ്ഞു.
'ഒരു ഘട്ടമെത്തിയപ്പോൾ എന്നെ പലരും ബഹിഷ്കരിക്കാൻ തുടങ്ങി. എനിക്കൊപ്പം ജോലി ചെയ്യാന്‍ ആരും തയ്യാറായില്ല. നേരത്തെ കരാറിൽ ഏർപ്പെട്ടിരുന്ന പല സിനിമകളില്‍ നിന്നും എന്നെ പുറത്താക്കി. ഭീഷണിപ്പെടുത്തുന്ന കോളുകള്‍ പതിവായി. എന്റെ സഹോദരിയ്ക്കും അമ്മയ്ക്കും അച്ഛനും വരെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ കോളുകള്‍ വന്നിരുന്നു. എന്റെ ജീവിതമാകെ താറുമാറായി. ഞാന്‍ വിഷാദത്തിലായി,' വിവേക് പറഞ്ഞു.
2003 ലായിരുന്നു വിവേക് ഒബ്‌റോയ് സൽമാൻ ഖാനെതിരെ വെളിപ്പെടുത്തൽ നടത്തിയത്. സല്‍മാന്‍ ഖാന്‍ തന്നെ വേട്ടയാടുന്നുവെന്നും സിനിമകൾ ഇല്ലാതെയാക്കുന്നു എന്നുമായിരുന്നു മുംബൈയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ വിവേക് ഒബ്‌റോയ് പറഞ്ഞത്.