വലിയ ക്യാൻവാസിൽ, വലിയ താരനിരയുമായി തിയറ്ററിലെത്തുന്ന വിഷ്ണു മഞ്ചു ചിത്രമാണ് കണ്ണപ്പ. സിനിമയിൽ, പ്രഭാസ്, അക്ഷയ് കുമാർ എന്നിവരെക്കൂടാതെ മോഹൻലാലും ഒരു അതിഥി വേഷത്തിലെത്തുന്നു എന്നത് കൂടിയാണ് ആ സിനിമയെ മലയാളികൾക്കിടയിൽ പ്രിയപ്പെട്ടതാക്കുന്നത്. കണ്ണപ്പയിൽ തനിക്ക് പറ്റിയ ഏക അബദ്ധം ഒരു മോശം വിഎഫ്എക്സ് സൂപ്പർവൈസറെ കൊണ്ടുവന്നു എന്നതാണ് എന്ന് ക്യു സ്റ്റുഡിയോയോട് തുറന്ന് പറയുകയാണ് തെലുങ്ക് നടൻ വിഷ്ണു മഞ്ചു. കണ്ണപ്പ സിനിമയുടെ ഫൂട്ടേജുകൾ അടങ്ങിയ ഹാർഡ് ഡിസ്ക് മോഷണം പോയത് എങ്ങനെയെന്നും എന്താണ് അതിന് പിന്നിൽ സംഭവിച്ചതെന്നും വിഷ്ണു മഞ്ചു പങ്കുവെച്ചു.
വിഷ്ണു മഞ്ചുവിന്റെ വാക്കുകൾ
കണ്ണപ്പ ഷൂട്ട് ചെയ്യുമ്പോൾ ഏറ്റവും വലിയ വെല്ലുവിളി വിഎഫ്എക്സ് ആയിരുന്നു. ഞാൻ വളരെ മോശമായ ഒരു വിഎഫ്എക്സ് സൂപ്പർവൈസറെയാണ് ഹയർ ചെയ്തത്. അതിൽ എനിക്ക് തെറ്റുപറ്റി. ആ ഒരു കാരണം കൊണ്ട് വളരെ ലളിതമാകേണ്ടിയിരുന്ന പലതും സങ്കീർണമായി തീർന്നു. അതെ, എന്റെ ഭാഗത്തു നിന്ന് വന്ന തെറ്റാണത്. അതല്ലാതെ മറ്റെല്ലാ കാര്യങ്ങളും വളരെ നന്നായി തന്നെ മുന്നോട്ട് പോയി.
കണ്ണപ്പ സിനിമയുടെ ഫൂട്ടേജുകൾ അടങ്ങിയ ഹാർഡ് ഡിസ്ക് മോഷണം പോയി എന്ന വാർത്തയെ തുടർന്ന് പ്രൊഡക്ഷൻ കമ്പനി ഒരു പ്രതികരണവും കൊടുത്തിരുന്നില്ല. പക്ഷെ, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. അത് പൊലീസ് പരിശോധനയ്ക്കായി എടുത്തപ്പോഴാണ് എന്റെയും നമ്മുടെ പ്രൊഡക്ഷൻ ഹൗസിന്റെയും പേരുകൾ അവർ ശ്രദ്ധിക്കുന്നത്. അങ്ങനെയാണ് അത് നാഷണൽ ലെവൽ ന്യൂസായി മാറുന്നത്. ആരെയും അറിയിക്കാതെ അത് ഒതുക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ, രജിസ്റ്റർ ചെയ്ത കേസിന് മുകളിൽ നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലല്ലോ.
70 മിനുറ്റോളം വരുന്ന വിഎഫ്എക്സ് ഫൂട്ടേജ് സിനിമയുടെ വിഎഫ്എക്സ് നോക്കിയിരുന്ന കമ്പനി അയച്ചു തരികയും അത് മോഷണം പോവുകയുമാണ് ഉണ്ടായത്. പക്ഷെ, പെട്ടന്ന് തന്നെ പൊലീസ് അത് മോഷ്ടിച്ചവരെ പിടികൂടുകയും ഹാർഡ് ഡിസ്ക് തിരിച്ച് തരികയും ചെയ്തു. വിഎഫ്എക്സ് കമ്പനി ഗ്രേഡിങ് കമ്പനിയിലേക്ക് ഫയലുകള്‍ ആദ്യം ഓൺലൈൻ ട്രാൻസ്ഫർ ചെയ്തു. പക്ഷെ, റിസ്ക് വേണ്ട എന്നുകരുതി ഹാർഡ് ഡിസ്ക്കിലും അയച്ചുകൊടുക്കുകയായിരുന്നു. ഹാർഡ് ഡിസ്കിന് പാസ്‍വേഡ് ഉണ്ടായിരുന്നു. പക്ഷെ, അതൊന്നും ഇക്കാലത്ത് അത്ര സുരക്ഷിതമല്ലല്ലോ.