മോഹൻലാലിനെ നായകനാക്കി നർമ്മത്തിന് പ്രാധാന്യം നൽകുന്ന ഒരു സിനിമയും പൃഥ്വിരാജിനൊപ്പം ഒരു ത്രില്ലർ ചിത്രവും സംവിധാനം ചെയ്യുവാൻ ധ്യാൻ ശ്രീനിവാസൻ ആഗ്രഹിക്കുന്നുണ്ട് എന്ന് നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം. ഈ അടുത്ത് തിരുവനന്തപുരത്ത് വെച്ച് കണ്ടപ്പോൾ ഇരുസിനിമകളുടെയും കഥ തന്നോട് പറഞ്ഞുവെന്നും ഇരുകഥകളും തനിക്ക് ഏറെ ഇഷ്ടമായെന്നും വിശാഖ് പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിശാഖ് സുബ്രഹ്മണ്യം.
രണ്ടാഴ്ചയ്ക്ക് മുമ്പ് തിരുവനന്തപുരത്ത് വെച്ച് കണ്ടപ്പോൾ രണ്ടുപേരെ വെച്ച് സിനിമ ചെയ്യണമെന്ന് ധ്യാൻ ആഗ്രഹം പറഞ്ഞു. അതിൽ ഒന്ന് ലാലേട്ടനൊപ്പം ഒരു കോമഡി സബ്ജക്ട് ആയിരുന്നു. മറ്റൊന്ന് പൃഥ്വിരാജിനൊപ്പമായിരുന്നു, അതൊരു ത്രില്ലർ പശ്ചാത്തലത്തിലുള്ള കഥയാണ്. രണ്ട് കഥകളും എനിക്ക് ഇഷ്ടമായി.
എന്നാൽ രസകരമായ കാര്യം എന്തെന്നാൽ ഇവർ രണ്ടുപേരോടും ധ്യാൻ കഥ പറഞ്ഞിട്ടില്ല. ഒന്ന് ഇരുന്ന് ഈ രണ്ട് സ്ക്രിപ്റ്റും ഫുള്ളാക്കിയിട്ട് അവരോട് പോയി പറയാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ധ്യാൻ നിരവധി സിനിമകളിൽ അഭിനയിക്കുന്നുണ്ടല്ലോ. അതിനാൽ സ്ക്രിപ്റ്റ് എഴുതാൻ സമയം കിട്ടുന്നില്ല. ലവ് ആക്ഷൻ ഡ്രാമ മുതൽ നിരവധി ഐഡിയാസ് ധ്യാനിന് ഉണ്ട്.