Film News

ധ്യാനിന്റെ ജന്മദിനത്തിൽ പാക്ക് അപ്പ് വിളിച്ച് വീനിത്, 'വർഷങ്ങൾക്ക് ശേഷം' ചിത്രീകരണം പൂർത്തിയായി

'ഹൃദയം' എന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'വർഷങ്ങൾക്ക് ശേഷം' എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ചിത്രം അടുത്ത വർഷം ഏപ്രിൽ മാസം പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ ഇന്ന് പുറത്തു വിടും. ചെയ്യുന്ന ജോലിയിൽ അഭിനിവേശമുള്ള ആളുകളുടെ ഒരു സൈന്യം എനിക്കുണ്ട് എന്നതിൽ ഞാൻ ദൈവത്തോട് നന്ദിയുള്ളവനാണെന്നും എല്ലാ കാര്യങ്ങളും കൃത്യമായി ആസൂത്രണം ചെയ്താൽ സിനിമാ നിർമ്മാണ പ്രക്രിയ എത്ര മനോഹരമാകുമെന്ന് വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലൂടെ താൻ തിരിച്ചറിഞ്ഞെന്നും വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറ‍ഞ്ഞു. ചിത്രത്തില്‍ നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ നിവിന്റെ പ്രെസന്‍സ് വളരെ പ്രാധാന്യമുള്ളതാണെന്നും ഇത്രയും മാസം കാത്തിരുന്നത് തന്നെ നിവിന്‍ ഈ സിനിമയിലേക്ക് വരാനായിട്ടായിരുന്നുവെന്നും വിനീത് ശ്രീനിവാസന്‍ മുമ്പ് ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

വിനീത് ശ്രീനിവാസന്റെ പോസ്റ്റ്;

ഇന്ന് പുലർച്ചെ, 2 മണിക്ക്, ധ്യാനിന്റെ ജന്മദിനത്തിൽ, ഞങ്ങൾ വർഷങ്ങൾക്ക് ശേഷം ഷൂട്ടിംഗ് പൂർത്തിയാക്കി. ചെയ്യുന്ന കാര്യങ്ങളിൽ അഭിനിവേശമുള്ള ആളുകളുടെ ഒരു സൈന്യം എനിക്കുണ്ട് എന്നതിൽ ഞാൻ ദൈവത്തോട് നന്ദിയുള്ളവനാണ്. ദൈനംദിനവും എല്ലാ കാര്യങ്ങളും കൃത്യമായി ആസൂത്രണം ചെയ്താൽ, സിനിമാ നിർമ്മാണ പ്രക്രിയ എത്ര മനോഹരമാകുമെന്ന് ഞാൻ കണ്ട ഒരു സിനിമയാണിത്. നിങ്ങൾ വെളിച്ചത്തെ ബഹുമാനിക്കുമ്പോൾ, പ്രകൃതിയെ ബഹുമാനിക്കുമ്പോൾ, അത് നിങ്ങൾക്ക് അമൂല്യമായ ഒന്ന് നൽകുന്നു. അത് നിങ്ങൾക്ക് അതിന്റെ മാന്ത്രികത നൽകുന്നു. എന്നെ സംബന്ധിച്ചിടത്തോളം, വർഷങ്ങൾക്കുശേഷം അത് വീണ്ടും മനസ്സിലാക്കാൻ സഹായിക്കുന്നതായിരുന്നു.

ഞങ്ങളുടെ ചിത്രം 2024 ഏപ്രിലിൽ റിലീസ് ചെയ്യും. ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങും.

ഹൃദയത്തിന് ശേഷം മെരിലാൻഡ് സ്റ്റുഡിയോസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യമാണ് ചിത്രം നിർമിക്കുന്നത്. അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, നീതാ പിള്ള, അർജുൻ ലാൽ, ഷാൻ റഹ്മാൻ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ഗായിക ബോംബേ ജയശ്രീയുടെ മകനായ അമൃത് രാമനാഥ് ആണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT