
സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള എം.വി കൈരളി എന്ന കപ്പൽ 1979ൽ ആഴക്കടലിൽ വച്ച് അപ്രത്യക്ഷമായപ്പോൾ പ്രതീക്ഷയറ്റ് പോയത് 50 ലേറെ കുടുംബങ്ങളാണ്. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദുരൂഹമായ കപ്പൽ തിരോധാനങ്ങളിലൊന്നാണ് കേരള ഷിപ്പിംഗ് കോർപ്പറേഷൻ കീഴിലുള്ള എംവി കൈരളിയുടേത്. 1979 ജൂൺ 30-ന് മർഗോവയിൽനിന്ന് 20,538 ടൺ ഇരുമ്പയിരുമായി ജർമ്മനിയിലേക്ക് പുറപ്പെട്ട കപ്പലിനും, കോട്ടയംകാരനായ മരിയാദാസ് ജോസഫ് എന്ന ക്യാപ്റ്റനുള്ളപ്പെടെ 23 മലയാളികൾക്കും ആകെയുണ്ടായിരുന്ന 51 പേർക്കും പിന്നീടെന്ത് സംഭവിച്ചു എന്നത് ഇന്നും അഞ്ജാതമായി തുടരുന്നു. കേരളത്തിന്റെ ആധുനിക നാവിക ചരിത്രത്തിലെ എക്കാലത്തേയും വലിയ നിഗൂഢതയായ എം.വി കൈരളി തിരോധനത്തെ ആസ്പദമാക്കിയുള്ള സിനിമ ജൂഡ് ആന്തണിയുടെ സംവിധാനത്തിൽ ഒരുങ്ങുകയാണ്. ഇന്ത്യയുടെ ഓസ്കാർ എൻട്രിയായിരുന്നു 2018ന് ശേഷം ജൂഡിന്റെ സംവിധാനത്തിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയായിരിക്കും എംവി കൈരളി. നെറ്റ്ഫ്‌ളിക്‌സിലൂടെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ സീരീസുകളിലൊന്നായ ''ബ്ലാക്ക് വാറന്റ്'' എന്ന ജയിൽ ത്രില്ലറിന്റെ വിജയത്തിന് ശേഷം കോൺഫ്‌ളൂവസ് മീഡിയ ഒരുക്കുന്ന ചിത്രം കൂടിയാണ് എംവി കൈരളി. കേരളത്തെ നടുക്കിയ ഏറ്റവും വലിയ കപ്പൽ തിരോധാനം 9 വർഷത്തെ ഗവേഷണ പിൻബലത്തിനൊപ്പമാണ് സ്ക്രീനിലേക്ക് എത്തുന്നത്.
ജൂഡ് ആന്റണിക്കൊപ്പം അമേരിക്കൻ എഴുത്തുകാരനായ ജെയിംസ് റൈറ്റും രാജ്യത്തെ മുൻനിര ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും എഴുത്തുകാരനും കോൺഫ്‌ളൂവൻസ് മീഡിയയുടെ സ്ഥാപകനുമായ ജോസി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. എം.വി. കൈരളിയുടെ ക്യാപ്റ്റനായ മാരിയദാസ് ജോസഫിനെക്കുറിച്ച് മകൻ, ലെഫ്റ്റനന്റ് കേണൽ തോമസ് ജോസഫ് (റിട്ട.) എഴുതിയ പുസ്തകമാണ് ഈ സിനിമക്ക് ആധാരം. അഴിമുഖം ബുക്‌സ് പ്രസിദ്ധീകരിച്ച, 'മാസ്റ്റർ മറൈനർ' എന്ന, ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ്, മലയാളം പതിപ്പുകൾ ഓഗസ്റ്റ് 25-ന് കൊച്ചിയിൽ പ്രകാശനം ചെയ്യും. ഇതിനൊപ്പം സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാകും.
ഹോളിവുഡ് സാങ്കേതിക വിദഗ്ധർക്കൊപ്പം ഇന്ത്യയിൽ നിന്നുള്ള മികച്ച ടെക്നീഷ്യൻസിനെയും അണിനിരത്തിയാകും ഈ സിനിമ.വിസ്മയ മോഹൻലാൽ കേന്ദ്രകഥാപാത്രമായി ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന തുടക്കം എന്ന സിനിമയാണ് ജൂഡ് ആന്തണി ജോസഫ് അടുത്തതായി സംവിധാനം ചെയ്യുന്നത്.
എം.വി. കൈരളിയിലെ യാത്രികർക്കുള്ള ആദരവും ഒരിക്കലും അവസാനിക്കാത്ത ഈ ദുരൂഹതയ്ക്ക് ഒരു ചലച്ചിത്രപരമായ ഒരു പരിസമാപ്തിയും നൽകാനുള്ള ശ്രമവുമാണ് ഈ സിനിമയെന്ന് ജൂഡ് ആന്റണി ജോസഫ് പറഞ്ഞു.
നോർവേയിൽ നിർമ്മിച്ചതും കേരള ഷിപ്പിംഗ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ളതുമായ, ഒരു ആധുനിക ചരക്ക് കപ്പലായിരുന്നു എം.വി. കൈരളി. 1979 ജൂൺ 30-ന് ഇരുമ്പയിരുമായി ഈ കപ്പൽ ഗോവയിൽ നിന്ന് യാത്ര തുടങ്ങി. ഒരു സ്ത്രീയും അവരുടെ ചെറിയ കുട്ടിയുമടക്കം 51 പേർ കപ്പലിലുണ്ടായിരുന്നു. ജൂലൈ മൂന്നിന് അവസാന സന്ദേശം അയച്ച ശേഷം കപ്പൽ എന്നെന്നേക്കുമായി അപ്രത്യക്ഷമായി. ജിബൂട്ടിയിലേക്കുള്ള യാത്രയിലായിരുന്നു അപ്പോൾ കപ്പൽ. അവിടെ നിന്നായിരുന്നു അന്തിമ ലക്ഷ്യമായ കിഴക്കൻ ജർമ്മനിയിലെ റോസ്റ്റോക്കിലേക്ക് തിരിക്കേണ്ടിയിരുന്നത്. കപ്പൽ അപ്രത്യക്ഷമായതിനെത്തുടർന്ന് ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചത് കേരളമായിരുന്നു, കാരണം കപ്പലിലുണ്ടായിരുന്ന 23 പേരും കേരളത്തിൽ നിന്നുള്ളവരായിരുന്നു. ഉദ്യോഗസ്ഥരുടെ ഹൃദയശൂന്യമായ നിസംഗതയെ അംഗീകരിക്കാൻ തീരത്ത് കാത്തിരുന്ന അവരുടെ ബന്ധുക്കൾ തയ്യാറായില്ല. തങ്ങളുടെ മാനസിക വ്യഥകളോടും സാമ്പത്തിക പ്രയാസങ്ങളോടും പടവെട്ടി അവർ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. അവരുടെ അശ്രാന്ത പരിശ്രമം വിവിധ ഭൂഖണ്ഡങ്ങളിലായി, പല തലങ്ങളിലായി, വ്യാപിച്ച് കിടക്കുന്ന രാഷ്ട്രീയ, കോർപ്പറേറ്റ്, അന്താരാഷ്ട്ര ഗൂഢാലോചനകൾ പുറത്ത് കൊണ്ടുവന്നു.
ജീവിതത്തിലുടനീളം നീണ്ടു നിന്ന ഒരു വ്യഥക്കവസാനം വരുത്താനാണ് ഈ പുസ്തകമെഴുതിയത് എന്ന് 'ദി മാസ്റ്റർ മറൈന'റിന്റെ രചയിതാവ്, ലെഫ്റ്റനന്റ് കേണൽ തോമസ് ജോസഫ് (റിട്ട.) പറഞ്ഞു.''കാണാതായ കൈരളി എന്ന കപ്പൽ ഒരു 15-കാരനായ കുട്ടിയുടെ ജീവിതത്തിൽ സൃഷ്ടിച്ച ആഘാതം ചെറുതല്ല, അവന്റെ അച്ഛനെയും വഴികാട്ടിയെയും എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. കപ്പൽ തട്ടിക്കൊണ്ടുപോയതാകാം എന്ന തരത്തിൽ വന്ന തുടർച്ചയായ റിപ്പോർട്ടുകളും മാധ്യമ ഊഹാപോഹങ്ങളും കാരണം, ആ കപ്പലിലുണ്ടായിരുന്നവരുടെ കുടുംബങ്ങൾ ദിവസങ്ങളോളം, ആഴ്ചകളോളം, വർഷങ്ങളോളം ദുരിതത്തിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും അകപ്പെട്ടു. ഈ ഭയാനകമായ സംഭവത്തിന് 45 വർഷങ്ങൾക്ക് ശേഷമെങ്കിലും ഒരു പരിസമാപ്തിയുണ്ടാക്കാനുള്ള ശ്രമം മാത്രമാണ് 'ദി മാസ്റ്റർ മറൈനർ' എന്ന പുസ്തകം. എനിക്ക് മാത്രമല്ല, ഇന്നും അവരുടെ പ്രിയപ്പെട്ടവർ തിരിച്ചെത്തുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആ 49 കുടുംബങ്ങൾക്കും വേണ്ടിയുള്ളതാണ് ഈ പുസ്തകം.''
സസ്പെൻസും മനുഷ്യബന്ധങ്ങളിലെ നാടകീയതയും ഈ ചിത്രത്തിൽ സമന്വയിക്കുന്നു. ഒമ്പത് വർഷം നീണ്ട കഠിനമായ ഗവേഷണമാണ് ഇതിന് അടിസ്ഥാനം. ധൈര്യം, അതിജീവനശേഷി, സത്യാന്വേഷണം എന്നീ വിഷയങ്ങളിലേക്ക് കടന്നുചെല്ലുന്നതോടൊപ്പം, ഭരണസംവിധാനങ്ങളുടെ പരാജയങ്ങളുടെയും അവ മൂടിവെക്കുന്നതിനുള്ള ശ്രമങ്ങളുടേയും ഇത് മനുഷ്യജീവിതത്തിലുണ്ടാക്കിയ നഷ്ടങ്ങളെയും കഥ പരിശോധിക്കുന്നു.
ദീർഘകാലമായി കൈരളിയുടെ കഥ സിനിമയാക്കുന്നതിന് വേണ്ടിയുള്ള ഗവേഷണത്തിലായിരുന്നു കോൺഫ്‌ളുവൻസ് മീഡിയയുടെ സംഘമെന്ന്, ചിത്രത്തിന്റെ സഹ രചയിതാവ് കൂടിയായ കോൺഫ്‌ളുവൻസ് മീഡിയ സ്ഥാപകൻ ജോസി ജോസഫ് പറഞ്ഞു. 'വർഷങ്ങളുടെ ഗവേഷണത്തിന് ശേഷം, തോമസ് സാറിന്റെ പുസ്തകത്തിന്റെ സഹായത്തോടെ എം.വി. കൈരളിയെക്കുറിച്ചുള്ള ആധികാരികമായ ഒരു കഥ തയ്യാറാക്കാൻ ഞങ്ങൾക്ക് സാധിച്ചു. ഈ സിനിമ സംവിധാനം ചെയ്യാൻ ജൂഡിനേക്കാൾ പറ്റിയ മറ്റൊരാളില്ല. കപ്പലിന്റെ യാത്രയിൽ മാത്രം ഒതുങ്ങാത്ത, കുടുംബങ്ങളുടെ ദുരന്തങ്ങളിലേക്ക് കൂടി വ്യാപിക്കുന്ന, എം.വി. കൈരളിയുടെ യഥാർത്ഥ കഥ വലിയ സ്‌ക്രീനിലേക്ക് കൊണ്ടുവരുന്നത് ഒരു ഉത്തരവാദിത്തം കൂടിയാണ്. നീതിയെക്കുറിച്ചുമുള്ള പുതിയ ചർച്ചകൾക്കുള്ള അവസരമായി ഇത് മാറുമെന്നും പ്രതീക്ഷിക്കുന്നു.''
ജൂഡിനെ ഈ സംരംഭത്തിൽ സഹായിക്കാൻ അന്താരാഷ്ട്ര തലത്തിലുള്ള പ്രതിഭകളുമായി ചർച്ചയിലാണെന്ന് ജോസി ജോസഫ് പറഞ്ഞു. ഇത് സിനിമയെ ആഗോള നിലവാരം ഉയർത്തിപിടിക്കാൻ സഹായകരമായും. കേരളം, മുംബൈ,അന്തരാഷ്ട്ര തുറമുഖങ്ങൾ കേന്ദ്രീകരിച്ചുള്ള ലൊക്കേഷനുകൾ എന്നിവിടങ്ങളിലാകും ചിത്രീകരണം. അന്വേഷണാത്മകവും ഗുണനിലവാരമുള്ളതുമായ ഉള്ളടക്കങ്ങൾ എല്ലാ പ്ലാറ്റ്‌ഫോമുകളിലൂടെയും അവതരിപ്പിക്കാൻ ലക്ഷ്യമിടുന്ന ഒരു കണ്ടന്റ് സ്റ്റുഡിയോയാണ് കോൺഫ്‌ളൂവൻസ് മീഡിയ. കോൺഫ്ളുവൻസ് മീഡിയയുടെ നിർമ്മാണ പങ്കാളിത്തത്തിൽ ബ്ലാക്ക് വാറണ്ട് രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്.