ചൈനീസ് ബോക്സ് ഓഫീസിൽ രജിനികാന്ത് ചിത്രം 2.O മറികടന്ന് വിജയ് സേതുപതി ചിത്രം 'മഹാരാജ'. നിതിലൻ സ്വാമിനാഥൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് വിജയ് സേതുപതി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'മഹാരാജ' ദിവസങ്ങൾക്ക് മുമ്പാണ് ചൈനയിൽ പ്രദർശനം ആരംഭിച്ചത്. പിന്നാലെ ചൈനീസ് ബോക്സ് ഓഫീസിൽ നിന്നും വലിയ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. 2024 നവംബർ 29-ന് ചൈനയിൽ റിലീസ് ചെയ്ത ചിത്രം 40,000 സ്‌ക്രീനുകളിലാണ് പ്രദർശിപ്പിച്ചത്. റിലീസിനെത്തി വെറും മൂന്ന് ദിവസം കൊണ്ട് 25 കോടി രൂപയാണ് ചിത്രം ചൈനയിൽ നിന്ന് മാത്രമായി നേടിയതെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഒരു തമിഴ് ചിത്രം ചൈനീസ് ബോക്സ് ഓഫീസിൽ നിന്ന് നേടുന്ന ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡാണ് മഹാരാജ സ്വന്തമാക്കിയത്.
ചൈനീസ് സിനിമാ വിപണിയിൽ നിന്ന് 22 കോടിയോളം രൂപ ബോക്സ് ഓഫീസ് വിജയം നേടിയ രജനികാന്ത് - ഷങ്കർ ചിത്രം ‘2.0’യെ മറികടന്നാണ് ‘മഹാരാജ’ ചൈനയിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ ജപ്പാനിലേക്ക് കൂടി സിനിമയുടെ റിലീസ് വ്യാപിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്അണിയറപ്രവർത്തകർ. ചൈനയ്ക്ക് പിന്നാലെ ജപ്പാനിലും സിനിമ റിലീസ് ചെയ്യുന്നതിലൂടെ ചിത്രം അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ചർച്ചയാകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
ഒരു സസ്പെൻസ് ത്രില്ലർ ഴോണറിലെത്തിയ മഹാരാജ തിയറ്ററുകളിൽ നിന്ന് മികച്ച വിജയമാണ് കൈവരിച്ചത്. ചിത്രത്തിൽ അനുരാഗ് കശ്യപാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. സെൽവം എന്ന കഥാപാത്രമായാണ് അനുരാഗ് കശ്യപ് എത്തിയത്. വിജയ് സേതുപതി നായകനായി 100 കോടി ക്ലബ്ബിൽ എത്തിയ ആദ്യ ചിത്രം കൂടിയായിരുന്നു മഹാരാജ. സേതുപതിയുടെ അമ്പതാമത് ചിത്രമായിരുന്നു മഹാരാജ. കേരളത്തിൽ നിന്ന് മാത്രം 8 കോടി രൂപയാണ് ചിത്രം നേടിയത്.
മഹാരാജയിൽ മംമ്ത മോഹൻദാസ്, നട്ടി നടരാജ്, അഭിരാമി, അരുൾ ദോസ്, മുനിഷ്കാന്ത്, ബോയ്സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പാഷൻ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറിൽ സുദൻ സുന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സില്‍ തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ കാണാം.