അവസാന ചിത്രമായ ജനനായകന്റെ ഓഡിയോ ലോഞ്ച് ആഘോഷമാക്കി നടൻ വിജയ്. പരിപാടി മലേഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംപിടിച്ചിട്ടുണ്ട്. മലേഷ്യയിൽ ഏറ്റവും അധികവും ആളുകൾ പങ്കെടുത്ത പരിപാടി എന്ന റെക്കോർഡാണ് സിനിമ സ്വന്തമാക്കിയത്. തനിക്കായി എല്ലാം നൽകിയ ആരാധകർക്ക് വേണ്ടിയാണ് സിനിമ ഉപേക്ഷിക്കുന്നത് എന്ന് വിജയ് ഓഡിയോ ലോഞ്ചിൽ പറഞ്ഞു.
‘നിങ്ങളോടുള്ള നന്ദി ഞാന്‍ ഒരു വാക്കില്‍ നിര്‍ത്തില്ല. ഞാൻ സിനിമയിലേക്ക് വരുമ്പോൾ കരുതിയിരുന്നത് ഞാനിവിടെ ചെറിയൊരു മണൽവീട് കെട്ടുകയാണെന്നാണ്. എന്നാൽ നിങ്ങളെല്ലാവരും ചേർന്ന് അതൊരു കൊട്ടാരമാക്കി മാറ്റി. ഒരു കോട്ട തീർക്കാൻ എന്നെ സഹായിച്ചു. 33 വർഷം ഒരാളെ പിന്തുണയ്ക്കുക എളുപ്പമല്ല. നിങ്ങൾക്ക് വേണ്ടി നിന്ന് നിങ്ങളോട് നന്ദി അറിയിക്കണമെന്നാണ് ആഗ്രഹം. എനിക്കുവേണ്ടി എല്ലാം ഉപേക്ഷിച്ച ആരാധകർക്കുവേണ്ടി ഞാൻ സിനിമ തന്നെ വിട്ടുനൽകുന്നു,' വിജയ് പറഞ്ഞു.
'നിങ്ങൾക്ക് ജീവിതത്തിൽ വിജയിക്കാൻ എപ്പോഴും സുഹൃത്തുക്കൾ തന്നെ വേണമെന്നില്ല, ശക്തനായ ശത്രുവും വേണം. ശക്തനായ എതിരാളിയുണ്ടാവുമ്പോഴേ നിങ്ങൾ ശക്തരാവുകയുള്ളൂ. ചെറിയ സഹായമോ സദ്പ്രവൃത്തിയോ ഭാവിയിൽ ഗുണംചെയ്യും. ആരേയും ബുദ്ധിമുട്ടിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യരുത്', എന്നും വിജയ് പറഞ്ഞു.
അതേസമയം ജനനായകൻ പൊങ്കൽ റിലീസായി ജനുവരി ഒമ്പതിന് റിലീസ് ചെയ്യും. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന സിനിമയിൽ പൂജ ഹെഗ്‌ഡെ, മമിത ബൈജു, ബോബി ഡിയോൾ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന സിനിമയുടെ സംഗീത നിർവഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്.