variyamkunnath kunjahammed haji original photo here
variyamkunnath kunjahammed haji original photo here 
Film News

ഇതാണ് യഥാര്‍ത്ഥ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ഫോട്ടോ പുറത്തുവിട്ട് എഴുത്തുകാരന്‍

മലബാര്‍ കലാപത്തിന്റെ നായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ത്ഥ ചിത്രം പുറത്തുവിട്ട് ജീവചരിത്രകാരന്‍. 'സുല്‍ത്താന്‍ വാരിയംകുന്നന്‍' എന്ന ജീവചരിത്രകൃതിയുടെ രചയിതാവ് റമീസ് മുഹമ്മദാണ് പുസ്തകത്തിന്റെ കവര്‍ ചിത്രമായി വാരിയംകുന്നന്റെ ഫോട്ടോ പുറത്തുവിട്ടത്. വാരിയംകുന്നന്‍ എന്ന സിനിമയുടെ സഹരചയിതാവ് കൂടിയാണ് റമീസ്.

പത്ത് വര്‍ഷമായി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള ഗവേഷണത്തിലായിരുന്നുവെന്നും ഈ ഗവേഷണ കാലയളവില്‍, അജ്ഞാതമായിരുന്ന പല വിവരങ്ങളും രേഖകളും ലഭിക്കുകയുണ്ടായെന്നും റമീസ് നേരത്തെ പറഞ്ഞിരുന്നു. അതില്‍ എറ്റവും പ്രധാനപ്പെട്ടതാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോ. രക്തസാക്ഷിയായിട്ട് നൂറ് വര്‍ഷമായിട്ടും ലഭ്യമല്ലാതിരുന്ന ഫോട്ടോ ഫ്രഞ്ച് ആര്‍ക്കൈവുകളില്‍ നിന്നാണ് ലഭിച്ചത്. 1921ല്‍ നടന്ന ചില യുദ്ധങ്ങളുടെയടക്കമുള്ള അപൂര്‍വഫോട്ടോകളും പുസ്തകത്തിലുണ്ട്.

റമീസ് മുഹമ്മദ് നേരത്തെ പറഞ്ഞത്

കഴിഞ്ഞ പത്ത് വർഷങ്ങളായി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള ഗവേഷണത്തിലാണ് ഞാനടങ്ങുന്ന ഒരു റിസർച്ച് ടീം. ഈ ഗവേഷണ കാലയളവിൽ, അജ്ഞാതമായിരുന്ന പല വിവരങ്ങളും രേഖകളും ദൈവാനുഗ്രഹത്താൽ ഞങ്ങൾക്ക് ലഭിക്കുകയുണ്ടായി. അതിൽ എറ്റവും പ്രധാനപ്പെട്ടതാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോ. രക്തസാക്ഷിയായിട്ട് നൂറ് വർഷമായിട്ടും ലഭ്യമല്ലാതിരുന്ന ആ അമൂല്യനിധി ഫ്രഞ്ച് ആർക്കൈവുകളിൽ നിന്നാണ് ഞങ്ങൾക്ക് ലഭിച്ചത്. അതിനു പുറമേ വേറെയും അനേകം അമൂല്യമായ ചിത്രങ്ങൾ പലയിടത്തുനിന്നുമായി ഞങ്ങൾക്ക് ലഭിച്ചു. 1921ൽ നടന്ന ചില യുദ്ധങ്ങളുടെയടക്കമുള്ള അപൂർവഫോട്ടോകൾ അവയിലുൾപ്പെടും.

എറ്റവും ഞെട്ടിച്ച മറ്റൊരു പ്രധാന രേഖയായിരുന്നു വാരിയംകുന്നൻ അമേരിക്കയിലേക്ക് അയച്ച സന്ദേശം. ശക്തവും സുന്ദരവുമായ ഭാഷയിൽ എഴുതിയ ആ സന്ദേശം അന്നത്തെ അമേരിക്കൻ പത്രങ്ങളിൽ വാർത്തയായിരുന്നു. അതു പോലെ ബ്രിട്ടൺ, ഓസ്റ്റ്രേലിയ, ഫ്രാൻസ്, യു എസ് എ, കാനഡ, സിംഗപ്പൂർ മുതലായ അനേകം രാജ്യങ്ങളുടെ ന്യൂസ് ആർക്കൈവുകളിൽ വാരിയംകുന്നനെയും അദ്ദേഹത്തിന്റെ പോരാട്ടത്തെയും പരാമർശിക്കുന്ന ഒട്ടനവധി രേഖകളും ഫോട്ടോകളും എല്ലാം കണ്ടെത്താൻ കഴിഞ്ഞു എന്നതും വളരെയധികം അഭിമാനമായി കരുതുന്നു. ഇതെല്ലാം വാരിയംകുന്നനും അദ്ദേഹത്തിന്റെ സമരവും എത്രമാത്രം അന്താരാഷ്ട്രശ്രദ്ധ കരസ്ഥമാക്കിയിരുന്നു എന്നതിന്റെ നേർചിത്രങ്ങളാണ്.

ഈ കണ്ടെത്തലുകളെല്ലാം ഇത്രയും കാലം ഞങ്ങളുടേത് മാത്രമായിരുന്നു. എന്നാൽ ഇനിയത് അങ്ങനെയല്ല. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് ഞാൻ എഴുതിയ ജീവചരിത്രപുസ്തകത്തിലൂടെ ഈ രേഖകളെല്ലാം എല്ലാവരുമായും ഞങ്ങൾ പങ്കുവയ്ക്കുകയാണ്. ‘സുൽത്താൻ വാരിയംകുന്നൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകത്തിന്റെ മുഖചിത്രം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർഥഫോട്ടോ ആയിരിക്കും. അതെ, വാരിയംകുന്നന്റെ ഫോട്ടോ മുഖചിത്രമാക്കി ആദ്യമായി ഒരു പുസ്തകം ഇറങ്ങുകയാണ്.

മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ ഹാളില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കൊച്ചുമകള്‍ വാരിയംകുന്നത്ത് ഹാജറയാണ് പുസ്തകം പ്രകാശനം ചെയ്തത്.

വാരിയംകുന്നന്‍ എന്ന പേരില്‍ റമീസ് മുഹമ്മദും ഹര്‍ഷദും തിരക്കഥയെഴുതുന്ന ചിത്രം ആഷിക് അബു സംവിധാനം ചെയ്യുമെന്ന രീതിയിലാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. പൃഥ്വിരാജ് സുകുമാരന്‍ ആയിരുന്നു വാരിയംകുന്നന്‍. ആഷിക് അബുവും പൃഥ്വിരാജും ഈ സിനിമയില്‍ നിന്ന് പിന്‍മാറിയിരുന്നു. സിനിമയുമായി മുന്നോട്ട് പോകുമെന്ന് നിര്‍മ്മാതാക്കളും തിരക്കഥാകൃത്തുക്കളും അറിയിച്ചിരുന്നു.

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

ശ്രദ്ധ നേടി ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ്

ദുബായ് സൂഖ് മദീനത്ത് ജുമൈറയില്‍ 'ലിയാലി' തുറന്നു

ആദ്യ ദിനം നൂറിലധികം എക്സ്ട്രാ ഷോകളുമായി നിവിൻ പോളിയുടെ മലയാളീ ഫ്രം ഇന്ത്യ

'ഇത്രയും ഗംഭീരവും മികച്ചതുമായ സിനിമക്ക് ആദ്യമായി സാക്ഷ്യം വഹിക്കാൻ പോകുന്നു' ; സൂര്യ ചിത്രം കങ്കുവയെ കുറിച്ച് ജ്യോതിക

SCROLL FOR NEXT