നോർത്ത് ഇന്ത്യയിൽ ഒരു ഹിന്ദി സിനിമയ്ക്ക് പകരം മാർക്കോ പ്രദർശിപ്പിക്കുന്നതായി കേട്ടുവെന്നും അത് താൻ ആഗ്രഹിച്ചിട്ടുണ്ടെന്നും ഉണ്ണി മുകുന്ദൻ. അന്യഭാഷാ ചിത്രങ്ങൾ ഇവിടെ വന്ന് കഴിയുമ്പോൾ ഡിസ്ട്രിബൂട്ടേഴ്സ് മലയാള സിനിമകളെ തഴയുന്നത് താൻ കണ്ടിട്ടുണ്ട്. ഓഡിയൻസിനെ സംബന്ധിച്ച് നല്ല സിനിമകൾ അവർ കാണും. ആരോഗ്യകരമായ മത്സരം ഇതിനിടയിലുണ്ട്. എന്നാലും ഇൻഡസ്ട്രിയിൽ നിൽക്കുന്ന ഒരാൾ എന്ന നിലയിൽ സ്വന്തം ഇൻഡസ്ട്രിയിൽ നിന്ന് നമുക്ക് ഇങ്ങനെ കഴിയുന്നില്ലല്ലോ എന്ന് ആലോചിച്ചിട്ടുണ്ട്. അന്യഭാഷ ചിത്രങ്ങൾ ഇവിടെ വന്ന് ഓളമുണ്ടാക്കുന്നത് പോലെ മലയാളം സിനിമ മറ്റ് സ്ഥലങ്ങളിൽ പോയി വിജയമുണ്ടാക്കണം എന്ന് ആഗ്രഹിച്ചിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദൻ ഗോൾഡ് 101.3 എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മാർക്കോയുടെ ഹിന്ദി പതിപ്പിന് ഉത്തരേന്ത്യയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വരുൺ ധവാൻ ചിത്രം ബേബി ജോണിന്റെ സ്ക്രീൻ കൗണ്ടുകൾ പോലും സ്വന്തമാക്കിയാണ് മാർക്കോ ഹിന്ദിയിൽ മുന്നേറുന്നത്. മാർക്കോയുടെ ഹിന്ദി പതിപ്പ് മാത്രം 10 കോടിയിലധികം നേടിയെന്നാണ് പല ട്രേഡ് അനലിസ്റ്റുകളും വ്യക്തമാക്കുന്നത്. കേരള ബോക്സ് ഓഫീസിൽ മാത്രം 40 കോടിയിലധികം രൂപയാണ് മാർക്കോ നേടിയത്. തമിഴ്, തെലുങ്ക് തുടങ്ങിയ പതിപ്പുകളിലും ചിത്രത്തിന് മികച്ച മികച്ച കളക്ഷനാണ് രേഖപ്പെടുത്തുന്നത്.
ഉണ്ണി മുകുന്ദൻ പറഞ്ഞത്:
പിന്നീട് നല്ല സിനിമകൾ മാത്രം ചെയ്‌താൽ പോരാ എന്ന തോന്നൽ വരാൻ തുടങ്ങി. എന്നെ സംബന്ധിച്ച് ചുറ്റുമുള്ളവർ എല്ലാം കളർഫുൾ സിനിമകൾ ആസ്വദിക്കുന്നതാണ് കാണുന്നത്. അന്യഭാഷ ചിത്രങ്ങൾ ഇവിടെ വന്നിട്ട് ചെറിയ ഓളം ഉണ്ടാക്കുന്ന സമയത്ത് നമ്മുടെ സിനിമകൾ മാറ്റിവെച്ച് ഡിസ്‌ട്രിബൂട്ടേഴ്സ് ആ സിനിമകൾ കളിപ്പിക്കുന്ന അവസ്ഥയുണ്ട്. നമ്മുടെ ഇൻഡസ്ട്രിയിൽ തന്നെ ഇങ്ങനെ ആയാൽ എങ്ങനെ ശരിയാകും എന്ന തോന്നൽ എനിക്കുണ്ടായിരുന്നു. ഒരു മലയാള സിനിമ അതുപോലെ അവിടെ പോയി വിജയിക്കണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. ഇങ്ങനെ പറയുന്നത് ശരിയല്ല. എന്നായാലും ഒരു ഹിന്ദി പടം മാറ്റി മാർക്കോ കളിപ്പിച്ചു എന്നാണ് ഞാൻ കേട്ടത്. അങ്ങനെയൊക്കെ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്.
മുൻപ് വലിയ ഒരു അന്യഭാഷാ സിനിമ വന്നപ്പോൾ മലയാളത്തിലെ എല്ലാ സിനിമകളും മാറ്റി ആ സിനിമ കളിപ്പിച്ചിട്ടുണ്ട്. അത് നല്ലതാണ്. ഓഡിയൻസിനെ സംബന്ധിച്ച് നല്ല സിനിമകൾ മാത്രമേ അവർ കാണുള്ളൂ. പക്ഷെ ഇൻഡസ്ട്രിയുടെ ഉള്ളിൽ നിന്ന് ഞാൻ അത് കാണുമ്പോൾ നമുക്ക് അങ്ങനെ പറ്റുന്നില്ലല്ലോ എന്ന് ആലോചിച്ചിട്ടുണ്ട്.