Film News

താടിയിൽ അടിച്ചു, കുതറി ഓടിയപ്പോൾ പിന്നാലെ എത്തി മർദിക്കാൻ ശ്രമിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ഉണ്ണി മുകുന്ദനെതിരായ വിപിന്റെ പരാതി

നടൻ ഉണ്ണി മുകുന്ദനെതിരെ കേസ് എടുത്ത് കാക്കനാട് ഇൻഫോപാർക്ക് പോലീസ്. തന്നെ മർദിച്ചുവെന്ന് കാണിച്ച് ഉണ്ണി മുകുന്ദന്റെ മുൻ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടനെതിരെ കേസ് എടുത്തിരിക്കുന്നത്. നരിവേട്ട എന്ന ചിത്രത്തെ പ്രശംസിച്ച് പോസ്റ്റിട്ടതിനാണ് നടൻ തന്നെ മർദിച്ചത് എന്നാണ് കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ വിപിൻ കുമാർ പോലീസിന് നൽകിയ പരാതി.

കഴിഞ്ഞ ദിവസമാണ് വിപിൻ‌ കുമാർ പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ആറ് വർഷമായി ഉണ്ണി മുകുന്ദന്റെ മനേജർ ആയി പ്രവർത്തിച്ചിരുന്ന താൻ ഉണ്ണി മുകുന്ദനൊപ്പം പ്രവർത്തിച്ചിരുന്ന കാലയളവിൽ എല്ലാം തന്നെ മാനസികമായ പീഢനവും തേജോവധവും നേരിട്ടിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. ഉണ്ണിക്കൊപ്പം മുൻ കാലങ്ങളിൽ പ്രവർത്തിച്ചിരുന്ന പലർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മാർക്കോ എന്ന ചിത്രത്തിന് ശേഷം റിലീസ് ചെയ്ത ​'ഗെറ്റ് സെറ്റ് ബേബി' എന്ന ചിത്രം പരാജയപ്പെട്ടതിന് ശേഷം ഉണ്ണി കടുത്ത നിരാശയിലായിരുന്നുവെന്നും വിപിൻ പരാതിയിൽ പറഞ്ഞു. ഇക്കാരണം കൊണ്ട് തന്നെ ആ സിനിമയിലെ നായികയുമായും മറ്റ് അണിയറ പ്രവർത്തകരുമായും ഉണ്ണി അസ്വാരസ്യത്തിലാണ് എന്നും വിപിൻ പറയുന്നു. ഒപ്പം അടുത്തിടെ ​ഗോകുലും മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം പിന്മാറിയത് താരത്തിന് ഞെട്ടലുണ്ടാക്കി എന്നും വിപിൻ ആരോപിക്കുന്നു.

ഒരു പ്രമുഖ താരം അനൗൺസ് ചെയ്ത് ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിനിമയിൽ, അതിലെ നിശ്ചയിച്ച താരത്തെ മാറ്റി തന്നെ വച്ച് ആ സിനിമ ചെയ്യണമെന്ന് നിർമാതാവിനോട് ആവശ്യപ്പെടാൻ ഉണ്ണി മുകുന്ദൻ തന്നെ ഏൽപ്പിച്ചുവെന്നും എന്നാൽ അത് നടക്കാതെ വന്നപ്പോൾ തന്നെയും ആ നിർമാതാവിനെയും ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞു എന്നും വിപിൻ പരാതിയിൽ ആരോപിച്ചു. കഴിഞ്ഞയാഴ്ച റിലീസായ ഒരു പ്രമുഖതാരത്തിന്റെ ചിത്രത്തെ അഭിനന്ദിച്ച് താൻ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടതുകാരണം ഉണ്ണി മുകുന്ദന് തന്നോട് വിദ്വേഷമുണ്ടായി എന്നും മനേജർ പദവിയിൽ തുടരേണ്ടതില്ലെന്ന് അറിയിച്ചുവെന്നും താൻ അത് സമ്മതിച്ചുവെന്നും വിപിൻ പറയുന്നു. എന്നാൽ അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം തന്നെ ഫോണിൽ വിളിച്ച് അത്യാവശ്യമായി കാണണമെന്ന് പറയുകയും തന്നെ അപായപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ തന്നെ താൻ താമിസിക്കുന്ന കാക്കനാട് ഫ്ലാറ്റിലെ ആളൊഴിഞ്ഞ പാർക്കിം​ഗിലേക്ക് വിളിച്ചു വരുത്തി തന്നെ മർദിക്കുകയും ചെയ്തു. തന്റെ വിലകൂടിയ കൂളിം​ഗ് ​ഗ്ലാസ് നിലത്തെറിഞ്ഞ് പൊട്ടിച്ചു. ഈ ​ഗ്ലാസ് തന്നത് ഉണ്ണി മുകുന്ദൻ ശത്രുത പുലർത്തുന്ന മറ്റൊരു താരം സമ്മാനിച്ചതാണ്. അത് ഉണ്ണിക്കും അറിയാം. അതുകൊണ്ടുകൂടിയാണ് അത് എറിഞ്ഞുടച്ചത് എന്നും വിപിൻ ആരോപിക്കുന്നു

താടിയിലാണ് ആദ്യം മർദിച്ചത്. കൈകൾ ചേർത്തുപിടിച്ച് മർദിക്കാൻ ശ്രമിച്ചപ്പോൾ കുതറിയോടി. പക്ഷേ ഉണ്ണി മുകുന്ദൻ പിറകെ ഓടിയെത്തി മർദിക്കാൻ ശ്രമിച്ചു. അതുവഴിവന്ന ഫ്ളാറ്റിലെ മറ്റൊരു താമസക്കാരനാണ് പിടിച്ചുമാറ്റിയത്. ഇനി കൺമുന്നിൽ വന്നാൽ തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും വിപിൻ പരാതിയിൽ പറഞ്ഞു. മുമ്പും ഉണ്ണി മുകുന്ദൻ പലരെയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തിട്ടുള്ളത് താൻ ഒപ്പം പ്രവർത്തിച്ചിരുന്ന കാലത്ത് നേരിട്ട് കണ്ട് മനസ്സിലാക്കിയിട്ടുണ്ടെന്നും അതിനാൽ തന്റെ ജീവനും സ്വത്തിനും പോലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇൻഫോപാർക്ക് പോലീസ് ഉണ്ണി മുകുന്ദനെതിരെ കേസ് എടുത്തിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഉണ്ണി മുകുന്ദനെ ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന് ഇൻഫോ പാർക്ക് പൊലീസ് അറിയിച്ചു. അമ്മയിലും ഫെഫ്കയിലും വിപിൻ കുമാർ ഉണ്ണി മുകുന്ദനെതിരെ പരാതി നൽകിയിട്ടുണ്ട്.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT