അഭിനേതാക്കൾ സിനിമകൾ നിർമ്മിക്കരുത് എന്ന് പറയാൻ ആർക്കും അവകാശമില്ലെന്ന് നടൻ ഉണ്ണി മുകുന്ദൻ. നല്ല സിനിമകൾ ചെയ്യണം എന്ന ആഗ്രഹത്തോടെ നിർമാതാവായ ഒരാളാണ് താൻ എന്നും തന്റെ പൈസയ്ക്ക് തനിക്ക് ഇഷ്ടമുള്ള സിനിമ നിർമിക്കുന്നത് തന്റെ അവകാശമാണെന്നും ആരും അത് ചോദ്യം ചെയ്യാതെയിരിക്കുക എന്നതാണ് അടിസ്ഥാന മര്യാദ എന്നും ഉണ്ണി മുകുന്ദൻ ഗെറ്റ് സെറ്റ് ബേബിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്സ് മീറ്റിൽ പറഞ്ഞു.
ഉണ്ണി മുകുന്ദൻ പറഞ്ഞത്:
നല്ല സിനിമ ചെയ്യണം എന്ന് ആഗ്രഹിച്ച് പ്രൊഡ്യൂസർ ആയ ഒരാളാണ് ഞാൻ. എന്റെ പൈസ, എന്റെ ഇഷ്ടത്തിനാണ് ഞാൻ സിനിമ എടുക്കുന്നത്. അത് എന്റെ അവകാശമാണ്. ആ പൈസ കൊണ്ട് ഞാൻ എന്ത് ചെയ്താലും ആരും എന്നോട് അതിനെക്കുറിച്ച് ചോദ്യം ചോദിക്കാതെ ഇരിക്കുക എന്നതാണ് ഒരു അടിസ്ഥാന മര്യാദ. ഞാൻ നിർമിച്ച സിനിമകളൊക്കെ നല്ലതാണെന്നാണ് എന്റെ വിശ്വാസം. എനിക്ക് എന്റെ നഷ്ടവും ലാഭവും ആരോടും ചർച്ച ചെയ്യേണ്ടതിന്റെ ആവശ്യം ഇല്ല. എന്നാലും ഞാൻ പറയുകയാണ് നമ്മൾ ഒരു നടനോട് നിങ്ങൾ സിനിമ നിർമിക്കാൻ പാടില്ലെന്ന് പറയാൻ പാടില്ല. എന്റെ അവകാശങ്ങളാണ് അതെല്ലാം. എനിക്ക് ചില അവകാശങ്ങളുണ്ട്. എനിക്ക് മാത്രമല്ല എല്ലാവർക്കും. ആ പ്രസ്താവനയോട് ഞാൻ യോജിക്കുന്നില്ല. അത് ശരിയുമല്ല. ഇതൊരു ഫ്രീ സ്പേയ്സ് ആണ്. സീറോ ബഡ്ജറ്റിലും ഇവിടെ സിനിമ ചെയ്യാം. പുതിയ ആൾക്കാരെ വച്ചും സിനിമ ചെയ്യാം. ഇതിന് ഒരു റൂൾ ബുക്ക് ഇല്ല. ഇവിടെ ആര് സിനിമ ചെയ്യണം എന്നതിൽ ഒരു ബെഞ്ച് മാർക്ക് ഇല്ല. ഞാൻ പോലും സിനിമ പഠിച്ചിട്ട് വന്ന് സിനിമ നടൻ ആയ ഒരാൾ അല്ല. പ്രൊഡക്ഷൻ എന്താണെന്ന് പോലും എനിക്ക് അറിയില്ല. ഞാൻ എന്റെ എക്സ്പീരിയൻസ് കൊണ്ട് ഇങ്ങനെ ആയി തീർന്നതാണ്. അത്തരത്തിലുള്ള കാര്യങ്ങളോട് എനിക്ക് വിയോജിപ്പ് ഉണ്ട്. നല്ല സിനിമ എടുക്കാൻ വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്, ശമ്പളം ഞാൻ വാങ്ങാറില്ല സഹോദരാ, കാരണം ഞാൻ എന്റെ കമ്പനിയിൽ തന്നെയാണ് കാലങ്ങളായിട്ട് വർക്ക് ചെയ്യുന്നത്. അഞ്ചുവർഷമായി അങ്ങനെ തന്നെയാണ് ചെയ്യുന്നത്.