വിമർശകരും നിരൂപകരും മലയാളം സിനിമയ്ക്ക് നൽകിയിട്ടുള്ള 'നല്ല സിനിമ' ടാഗ് വലിയ പരിമിതിയാണ് ഉണ്ടാക്കുന്നതെന്ന് നടൻ ഉണ്ണിമുകുന്ദൻ. അതുകൊണ്ട് തന്നെ മറ്റ് ഇൻഡസ്ട്രികൾക്കില്ലാത്ത ഒരു സമ്മർദ്ദം മലയാളം സിനിമ അനുഭവിക്കുന്നുണ്ട്. ചെയ്യുന്ന സിനിമകളെല്ലാം 'ഗുഡ് സിനിമ' എന്ന ടാഗ് പിന്തുടരുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതായി വരും, അതിലേക്ക് മാത്രം പ്രേക്ഷകരെ എത്തിക്കേണ്ടതായി വരും. പക്ഷെ തന്നെപ്പോലെയുള്ളവർക്ക് അത് ഭാരമായിട്ടാണ് തോന്നുന്നത്. 'ഗുഡ് സിനിമ' ടാഗിൽ മാത്രം സിനിമ ചെയ്യണം എന്ന് നിർബന്ധിക്കരുത് എന്നാണ് നിരൂപകരോട് തനിക്ക് പറയാനുള്ളതെന്ന് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഉണ്ണി മുകുന്ദൻ പറഞ്ഞത്:
മാർക്കോയിൽ കണ്ടിട്ടുള്ള ആക്ഷൻ സീക്വൻസ് ഒരു ഇന്ത്യൻ സിനിമയിൽ മുൻപ് കണ്ടിട്ടുണ്ടാകില്ല. ഒരു മലയാളം സിനിമയിൽ നിന്ന് തീർച്ചയായും ഇത് പ്രേക്ഷകർ പ്രതീക്ഷിക്കില്ല. മലയാളം ഇൻഡസ്ട്രിയെ സംബന്ധിച്ചിടത്തോളം മികച്ച സിനിമകളുടെ പേരിലാണ് ഇന്ഡസ്ട്രിക്ക് പ്രശസ്തി ഉള്ളത്. 'നീറ്റായ ചിത്രങ്ങൾ' എന്ന നിലയിലാണ് മലയാളം ഇൻഡസ്ട്രി അറിയപ്പെടുന്നത്. പക്ഷെ എന്നെപ്പോലെ ഉള്ളവർക്ക് അതൊരു ഭാരമായിട്ടാണ് തോന്നുന്നത്. കാരണം എല്ലാ സിനിമകളിലും 'ഗുഡ് സിനിമ' എന്ന ടാഗ് പിന്തുടരാൻ കഴിയുന്നുണ്ടോ എന്നെനിക്കറിയില്ല. അങ്ങനെയുള്ളപ്പോൾ 'നല്ല സിനിമകൾ' മാത്രം ചെയ്യുന്ന ഒരു സ്ഥലത്തേക്ക് പ്രേക്ഷകരെ കൊണ്ടുവരേണ്ടി വരും. അല്ലെങ്കിൽ ബെഞ്ച്മാർക്ക് ചിത്രങ്ങൾ മാത്രം ചെയ്യേണ്ടി വരും. അങ്ങനെയൊരു പ്രഷർ തെലുങ്ക് ഇൻഡസ്ട്രിക്കോ ഹിന്ദി ഇൻഡസ്ട്രിക്കോ തമിഴ് ഇൻഡസ്ട്രിക്കോ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
ഇതിനിടയിൽ മലയാളത്തിന് ഒരു പ്രത്യേക അറ്റെൻഷൻ കിട്ടുന്നത് ഇങ്ങനെയൊരു ടാഗിങ്ങിലൂടെയാണ്. അതൊരു നല്ല കാര്യം തന്നെയാണ്. പക്ഷെ എല്ലാ തവണയും ഒരേ രൂപത്തിലുള്ള സിനിമകൾ എടുക്കാൻ നിർബന്ധിക്കരുത് എന്നാണ് എല്ലാ ക്രിട്ടിക്കുകളോടും എനിക്ക് റിക്വസ്റ്റ് ചെയ്യാനുള്ളത്. കാരണം ഇതൊരു പരിമിതിയാണ്. എല്ലാ തരത്തിലുള്ള പ്രതീക്ഷകളും പിന്നീട് പരിമിതിയായി മാറുമെന്നുള്ളതാണ്.
ഫെബ്രുവരി 21 ന് റിലീസാകാനിരിക്കുന്ന 'ഗെറ്റ് സെറ്റ് ബേബി'യാണ് ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രം. പാൻ ഇന്ത്യൻ തലത്തിൽ മികച്ച വിജയം നേടിയ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ഫെബ്രുവരി 14 ന് സോണി ലിവിലൂടെ സ്ട്രീമിങ് ആരംഭിക്കും.