Film News

ഉണ്ട ചിത്രീകരണത്തിനായ് വനം നശിപ്പിച്ചത് അന്വേഷിക്കണം, വനഭൂമി പൂര്‍വസ്ഥിതിയിലാക്കണം

THE CUE

മമ്മൂട്ടി നായകനായ ഉണ്ട എന്ന സിനിമയുടെ ചിത്രീകരണത്തിനായി കാസര്‍ഗോഡ് കാറഡുക്ക റിസര്‍വ് വനഭൂമിയില്‍ പരിസ്ഥിതി നാശമുണ്ടാക്കിയെന്ന പരാതിയില്‍ അന്വേഷണം നടത്തി നടപടി വേണമെന്ന് ഹൈക്കോടതി. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കും സിനിമാ നിര്‍മ്മാണ കമ്പനിക്കുമെതിരെ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. വനഭൂമി പൂര്‍വസ്ഥിതിയിലാക്കുന്നതും അന്വേഷണവും നാല് മാസത്തിനകം പൂര്‍ത്തിയാക്കണം. കാറഡുക്കയില്‍ വനഭൂമി നശിപ്പിച്ചത് വനംവകുപ്പ് തടഞ്ഞില്ലെന്നാരോപിച്ച് പെരുമ്പാവൂരിലെ ആനിമല്‍ ലീഗല്‍ ഫോഴ്‌സ് ഇന്റഗ്രേഷന്‍ സംഘടന നല്‍കിയ ഹര്‍ജിയിലാണ്് ഉത്തരവ്.

ഛത്തീസ് ഗഡില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തുന്ന മലയാളി പോലീസ് സംഘം നേരിട്ട യാതനകള്‍ പ്രമേയമാക്കിയാണ് ഉണ്ട എന്ന ചിത്രം. സിനിമയിലെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത് കാറഡുക്ക റിസര്‍വ് ഫോറസ്റ്റിലാണ്. വനഭൂമിയുടെ പാരിസ്ഥിതിക പ്രത്യേകതയും ആവാസ വ്യവസ്ഥയും പരിഗണിക്കാതെ വലിയ തോതില്‍ ചുവന്ന മണ്ണ് എത്തിച്ച് റോഡ് ഉണ്ടാക്കിയതും സെറ്റുകള്‍ക്ക് വേണ്ടി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതും ചിത്രീകരണ ഘട്ടത്തില്‍ തന്നെ വിവാദമായിരുന്നു. കാസര്‍ഗോഡ് ഡിഎഫ്ഒക്കെതിരെയും ഈ ഘട്ടത്തില്‍ ആരോപണമുണ്ടായിരുന്നു. റിസര്‍വ് ഫോറസ്റ്റില്‍ മണ്ണടിച്ചതിനും റോഡ് വെട്ടിയതിനും നൈതല്‍ എന്ന പരിസ്ഥിതി സംഘടനാ പ്രവര്‍ത്തകര്‍ ഷൂട്ടിംഗ് ഘട്ടത്തില്‍ രംഗത്ത് വന്നിരുന്നു.

ഗ്രാവലിട്ട് റോഡുണ്ടാക്കി വനഭൂമിയില്‍ മാറ്റം വരുത്തിയത് പൂര്‍വസ്ഥിതിയിലാക്കിയിട്ടില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ചെലവ് നിര്‍മാതാക്കളില്‍നിന്ന് ഈടാക്കണമെന്നും ജസ്റ്റിസ് ഷാജി പി ചാലി നിര്‍ദേശിച്ചു. കേന്ദ്ര സര്‍ക്കാരിന് അന്വേഷണം നടത്താന്‍ വേണ്ട സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണമെന്നും ഗ്രാവല്‍ നീക്കുമ്പോള്‍ പരിസ്ഥിതിയെ ബാധിക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഷൂട്ടിങ്ങിനുവേണ്ടി വനഭൂമി അനുവദിച്ചത് ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം.

ചിത്രത്തിന്റെ പ്രദര്‍ശനാനുമതി തടയണമെന്ന നിര്‍ദേശം കോടതി അംഗീകരിച്ചില്ല. വനംവകുപ്പില്‍ നിയമാനുസൃതമായി അനുമതി വാങ്ങിയിരുന്നതിനാല്‍ അനധികൃതമായി ചിത്രീകരിച്ചെന്ന് പറയാനാകില്ല. സെന്‍സര്‍ നടപടി പൂര്‍ത്തിയാക്കിയാണ് സിനിമ തിയറ്ററുകളിലെത്തിയതെന്നും കോടതി വ്യക്തമാക്കി. ഗ്രാവലിട്ട് റോഡ് നിര്‍മ്മിച്ചപ്പോള്‍ വനനശീകരണമുണ്ടായെന്നും അനുമതി ദുരുപയോഗം ചെയ്‌തോ എന്ന് വനംവകുപ്പ് പരിശോധിച്ചതായി കാണുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി

കാസര്‍ഗോഡ് കാറഡുക്ക പാരത്ഥക്കൊച്ചി റിസര്‍വ് വനമേഖലയില്‍ ചിത്രീകരണത്തിനായി റോഡ് ഉണ്ടാക്കാന്‍ അറുപത് ലോഡ് ചെമ്മണ്ണിറക്കിയെന്നും ഇത് ഗുരുതര നിയമലംഘനമാണെന്നും നെയ്തല്‍ ഉള്‍പ്പെടെയുള്ള പരിസ്ഥിതി സംഘടനകള്‍ നേരത്തെ ആരോപിച്ചിരുന്നു. വനനശീകരണം നടത്തിയെന്ന ആരോപണത്തിന് തെളിവായി ചിത്രങ്ങളും ഹര്‍ജിക്കാരന്‍ കോടതിക്ക് കൈമാറിയിരുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT