ഒരു കലാകാരെ പിടിച്ച് ജയിലിൽ ഇട്ടത് കൊണ്ട് സിനിമയിലെ ലഹരി ഉപയോഗം തടയാൻ സാധിക്കില്ല എന്ന് നടൻ ടിനി ടോം. ലഹരി മൂലമോ അല്ലാതെയോ ഒരു പെൺകുട്ടിക്ക് ഒരു പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ അമ്മ സംഘടന അത് അന്വേഷിക്കും എന്നും പക്ഷേ എല്ലാവരും അമ്മയുടെ നെഞ്ചത്തേക്ക് കയറുന്നത് എന്തിനാണെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നും ടിനി ടോം പറഞ്ഞു. വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ടിനി ടോം.
ടിനി ടോം പറഞ്ഞത്:
സിനിമ മേഖല എല്ലാവരും ഉറ്റ് നോക്കുന്ന ഒരു സ്ഥലം ആണ്. ഒരു കലാകാരനെ പിടിച്ച് അകത്തിട്ടത് കൊണ്ട് ഇവിടെ ഒരിക്കലും ലഹരി ഇല്ലാതെ ആകുന്നില്ല. അതൊരു നല്ല കലാകാരനെ ഇല്ലാണ്ട് ആക്കുകയേ ഉള്ളൂ. ഒരു വിഷ ചെടി ഉണ്ടെങ്കിൽ അതിന്റെ ഒരു ഇല അല്ല പറിച്ച് കളയേണ്ടത്, അതിന്റെ വേരാണ് പറിച്ച് കളയേണ്ടത്. പക്ഷേ ഒരു പെൺകുട്ടിക്ക് ഇത് മൂലമോ അല്ലാതെയോ ഒരു പ്രശ്നം ഉണ്ടായിട്ടുണ്ട് എങ്കിൽ അത് അമ്മ അന്വേഷിക്കണം. എല്ലാവരും അമ്മയുടെ നെഞ്ചത്തേക്ക് കയറുന്നത് എന്തിനാണ് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. എന്ത് ദ്രോഹമാണ് ജനങ്ങളോട് അമ്മ എന്ന സംഘടന ചെയ്തത്. എന്നെയും അൻസിബയെയും പോലെയുള്ള സാധാരണക്കാർക്ക് അവിടെ മുൻഗണനയും സ്ഥാനവും തരുന്നുണ്ടെങ്കിൽ അവിടെ ഒരു പവർ കമ്മറ്റിയും ഇല്ല.
സാധാരണ ഒരു കുട്ടിയായ അൻസിബയെയാണ് ഇപ്പോൾ ഇതിനെക്കുറിച്ച് അന്വേഷിക്കാൻ അമ്മ ഏർപ്പെടുത്തിയിരിക്കുന്നത്. അല്ലെങ്കിൽ സീനിയർ ആയിട്ടുള്ളൊരു ആർട്ടിസ്റ്റിനെ അല്ലേ ഏൽപ്പിക്കേണ്ടത്. അൻസിബയും ആ കുട്ടിയെപ്പോലെ തന്നെ സിനിമയിൽ വന്നൊരാളാണ്. ഇവർ ഒരേ വേവ് ലെങ്ത്തിലുള്ള ആളുകൾ ആണെങ്കിൽ ഇതിനെക്കുറിച്ച് അൻസിബയ്ക്ക് കൃത്യമായി അന്വേഷിച്ച് കണ്ടു പിടിക്കാൻ സാധിക്കും. അതിന് വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. എന്റെ അടുത്തിരുന്ന ഈ കുട്ടി പറഞ്ഞില്ലേ നല്ല ഫ്രണ്ട്ലി ആയിരുന്നു എന്ന്. രണ്ട് മൂന്ന് മാസം കഴിഞ്ഞിട്ട് മാറ്റി പറഞ്ഞാൽ എന്ത് ചെയ്യും? ഓരോ സിനിമ കഴിയുമ്പോഴും എല്ലാവരുടെയും അടുത്ത് നിന്നും ഒരു കുഴപ്പവും ഇല്ല എന്ന സർട്ടിഫിക്കറ്റ് NOC വാങ്ങിവയ്ക്കണം.