ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന മണിരത്നം - കമൽ ഹാസൻ ചിത്രം തഗ് ലൈഫിന്റെ ട്രെയ്ലർ പുറത്തു വിട്ടു.തമിഴകത്തെ ഈ വർഷത്തെ ഏറ്റവും വലിയ റിലീസ് ചിത്രമായി ഒരുങ്ങുന്ന തഗ് ലൈഫിൽ കമൽ ഹാസൻ, സിലംബരസൻ, തൃഷ തുടങ്ങി വമ്പൻ താരങ്ങളാണ് അണിനിരക്കുന്നത്. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇതെന്ന പ്രത്യേകതയും തഗ് ലൈഫിനുണ്ട്. തന്റെ ജീവൻ രക്ഷിച്ച ഒരു കുഞ്ഞിന്റെയും കമൽഹാന്റെയും ബന്ധത്തിൽ നിന്നും ആരംഭിക്കുന്ന ട്രെയ്ലർ അവസാനിക്കുന്നത് ഇരുവരുടെയും നേർക്ക് നേർ പോരാട്ടത്തോടെയാണ്. ചിത്രം 2025 ജൂൺ 5 ന് തിയറ്ററുകളിലെത്തും.
ചിത്രത്തിൽ രംഗരായ ശക്തിവേൽ എന്ന കഥാപാത്രത്തെയാണ് കമൽ ഹാസൻ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ അമർ എന്ന കഥാപാത്രമായാണ് സിലംബരസൻ എത്തുന്നത്. നമ്മുടെ ഇരുവരുടെയും തലവര ഒന്നാണെന്ന് ട്രെയ്ലറിന്റെ തുടക്കത്തിൽ ശക്തിവേൽ പറയുന്നത് കഥഗതിയിൽ പിന്നീട് മാറി മറിയുകയാണ്. ശക്തമായ സ്നേഹബന്ധം പിന്നീട് അതിലും ശക്തമായ ശത്രുതയിലേക്ക് പരിണമിക്കുന്നു. സിലമ്പരസന്റെ കഥാപാത്രവും കമൽഹാസനും തമ്മിലുള്ള പോരാട്ടമായിരിക്കും ചിത്രം എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ഒരു ഗ്യങ്സ്റ്റർ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് കമൽഹാസൻ തന്നെയാണ്.
ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രാഹകൻ- രവി കെ ചന്ദ്രൻ, സംഗീത സംവിധായകൻ എ ആർ റഹ്മാൻ, എഡിറ്റർ ശ്രീകർ പ്രസാദ്, ആക്ഷൻ സംവിധായകരായ അൻപറിവ് എന്നിവർ തഗ് ലൈഫിൻ്റെ സാങ്കേതിക സംഘത്തിലുണ്ട്. ചിത്രം തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലായി റിലീസിനെത്തും.