ആഗോള ബോക്സ് ഓഫീസിൽ മൂന്ന് ദിവസം കൊണ്ട് 50 കോടി പിന്നിട്ട് തരുൺ മൂർത്തി ചിത്രം തുടരും. മോഹൻലാലിനെ നായകനാക്കി രജപുത്ര ഫിലിംസിന്റെ ബാനറിൽ തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും. ഏപ്രിൽ 25 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇന്ന് വെറും മൂന്ന് ദിവസം കൊണ്ടാണ് ആഗോള ബോക്സ് ഓഫീസിൽ 50 കോടി കടന്നത്. ഇതോടെ അതിവേഗ 50 കോടി ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്തേക്ക് ചിത്രം എത്തിയിരിക്കുകയാണ്. മോഹൻലാൽ നായകനായ എമ്പുരാൻ എന്ന ചിത്രമാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ടാക്സി ഡ്രൈവർ ഷൺമുഖൻ എന്ന കഥാപാത്രമായി മോഹൻലാൽ തകർത്ത് ആടി ചിത്രം ഇപ്പോൾ ആരാധകരെ ആവേശത്തിൽ ആഴ്ത്തിയിരിക്കുകയാണ്. പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച മോഹൻലാലിന്റെ പ്രകടനമാണ് സിനിമ മുഴുവനും എന്നാണ് സിനിമ കണ്ട് പ്രേക്ഷകർ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്.
ആദ്യ ദിനത്തിൽ മാത്രം തുടരും ആഗോളതലത്തിൽ 17 കോടിയിലധികം രൂപ നേടിയതായാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിനിമയ്ക്ക് പ്രേക്ഷരിൽ നിന്ന് ലഭിക്കുന്ന സ്വീകാര്യത മുൻനിർത്തി വരും ദിവസങ്ങളിലും ചിത്രത്തിന്റെ കളക്ഷൻ വർധിക്കുമെന്നാണ് വിലയിരുത്തൽ. ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് തിയറ്ററിൽ നിന്നും ലഭിക്കുന്നത്. മോഹൻലാലിന്റെ പെർഫോമൻസിനും ചിത്രത്തിലെ പാട്ടുകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. 20 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന ജോഡി തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്.
പെർഫോമർ എന്ന തരത്തിൽ മോഹൻലാലിന്റെ കംബാക്ക് ആണ് തുടരും എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മോഹൻലാലിനെക്കൂടാതെ ചിത്രത്തില്‍ ശോഭന, പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ഇൻഡസ്ട്രി ഹിറ്റ് ചിത്രമായ എമ്പുരാന്റെ റെക്കോര്‍ഡ് തകര്‍ത്താണ് തുടരും മലയാള സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ കെ ആർ സുനിലും തരുൺ മൂർത്തിയുമാണ്. ഷാജി കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്.