നടി നൂറിൻ ഷെരീഫും താനുമായി വ്യക്തിപരമായ യാതൊരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്ന് നടി പ്രിയ പി വാര്യർ. അഡാർ ലവ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് പ്രിയ പി വാര്യർ. ചിത്രത്തിലെ കണ്ണിറുക്കൽ സീൻ വൈറൽ ആയതിന് പിന്നാലെ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ താരമായി പ്രിയ മാറിയിരുന്നു. എന്നാൽ പ്രിയ വൈറൽ ആയതിന് പിന്നാലെ ചിത്രത്തിലെ പ്രധാന നടിയായ നൂറിനെ മാറ്റി പകരം നായികയായി പ്രിയയെ അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് നടി പ്രിയ വാര്യർ. തങ്ങൾക്ക് ഇരുവർക്കുമിടെയിൽ യാതൊരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ലെന്നും തങ്ങൾക്ക് ചുറ്റുമുള്ളവർ ക്രിയേറ്റ് ചെയ്തതാണ് അത്തരം വാർത്തകൾ എന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയ പി വാര്യർ പറഞ്ഞു.
പ്രിയ പി വാര്യർ പറഞ്ഞത്:
രണ്ട് പേർക്ക് ഇടെയിലുള്ള പ്രശ്നങ്ങൾ 99.9 ശതമാനം ചുറ്റുമുള്ള ആളുകൾ ഫീഡ് ചെയ്യുന്ന വെറുപ്പാണ് എന്നാണ് എനിക്ക് തോന്നുന്നത്. വ്യക്തിപരമായി പറയുകയാണെങ്കിൽ അന്നാണെങ്കിലും ഞാനും നൂറിനും തമ്മിൽ യാതൊരു പേഴ്സണൽ പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. എനിക്ക് മനസ്സിലായത് ചുറ്റുമുള്ള ചില ആളുകൾ ഉണ്ടാക്കിയെടുത്ത ഒരു കാര്യമാണ് അത്. പിന്നെ അഭിമുഖത്തിലും ഒക്കെ നമ്മൾ കാണുന്നത് ഇത് തന്നെയാണെല്ലോ? തമ്മിൽ തമ്മിൽ സംസാരിക്കാനുള്ള അവസരം ഉണ്ടാകുന്നില്ല. പിന്നീട് വർഷങ്ങൾക്ക് ശേഷം ഞങ്ങൾ തമ്മിൽ സംസാരിച്ചപ്പോഴാണ് ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്ന് മനസ്സിലായത്.
ആദിക് രവിചന്ദർ സംവിധാനം ചെയ്ത ഗുഡ് ബാഡ് അഗ്ലിയാണ് പ്രിയയുടെ തിയറ്ററിൽ എത്തിയിരിക്കുന്ന ചിത്രം. അജിത് കുമാർ നായകനായ ചിത്രത്തിൽ പ്രിയ വാര്യർ അവതരിപ്പിച്ച കഥാപാത്രത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അഭിനന്ദൻ രാമാനുജൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.