Film News

ചേട്ടൻ പൂസല്ല, മാസ്സാണ്; വിനായകൻ ആടിത്തകർത്ത 'തെക്ക് വടക്കി'ലെ ആദ്യഗാനം 'കസ കസ' എത്തി

വിനായകനും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന കഥാപാത്രമായി എത്തുന്ന 'തെക്ക് വടക്ക്' എന്ന ചിത്രത്തിലെ ആദ്യഗാനമെത്തി. 'കസ കസ' എന്ന് തുടങ്ങുന്ന ഗാനത്തിൽ ആടിത്തകർക്കുന്ന വിനായകനാണ് ഹൈലൈറ്റ്. വീട്ടിൽ നടക്കുന്ന ആഘോഷവും അതിൽ പങ്കെടുക്കുന്ന മറ്റ് കഥാപാത്രങ്ങളെയുമാണ് ഗാനത്തിന്റെ പശ്ചാത്തലമായി കാണാൻ കഴിയുന്നത്. വിനായകന്റെ കഥാപാത്രത്തിന് വിജയാശംസകൾ നേർന്നുള്ള ബോർഡുകളും കാണാം. ആഘോഷത്തിൽ ഒത്തുകൂടിയ കഥാപാത്രങ്ങളുടെ ആവേശമാണ് പാട്ടിലുടനീളമുള്ളത്. സാം സിഎസ്സാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ആന്റണി ദാസൻ, സാം സി എസ്, യദു കൃഷ്ണൻ, പ്രസീദ കളരിക്കൽ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

വിനായകനും സുരാജ് വെഞ്ഞാറമ്മൂടിനുമൊപ്പം എട്ട് സോഷ്യൽ മീഡിയ താരങ്ങൾ ഒന്നിക്കുന്ന തെക്ക് വടക്ക് ഒക്ടോബർ നാലു മുതൽ തിയറ്ററുകളിലെത്തും. ഷമീർ ഖാൻ, മെൽവിൻ ജി ബാബു, വരുൺ ധാര, സ്നേഹ വിജീഷ്, ശീതൾ ജോസഫ്, വിനീത് വിശ്വം, മെറിൻ ജോസ്, അനിഷ്മ അനിൽകുമാർ എന്നീ യുവതാര നിരയാണ് ചിത്രത്തിലാണ്. ഗുരുവായൂർ അമ്പല നടയിൽ, വാഴ എന്നീ സിനിമകൾക്കു ശേഷം സോഷ്യൽ മീഡിയയിൽ നിന്നും ഇത്രയധികം താരങ്ങൾ ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

ജയിലറിനു ശേഷം മറ്റൊരു വ്യത്യസ്തമായ ഗെറ്റപ്പിലാണ് വിനായകൻ ചിത്രത്തിലുള്ളത്. സുരാജ് വെഞ്ഞാറമ്മൂടും വിനായകനും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. സിനിമയിൽ റിട്ടയേർഡ് കെഎസ്ഇബി എഞ്ചിനീയറായ മാധവനാണ് വിനായകൻ. അരിമിൽ ഉടമ ശങ്കുണ്ണിയായി സുരാജും. കഷണ്ടിയും നരച്ച കൊമ്പൻ മീശയുമായി പെട്ടെന്ന് തിരിച്ചറിയാത്ത ഭാവഭേദമാണ് വിനായകന്റേത്. നരയും പല്ലിലെ പ്രത്യേകതയും സുരാജിനേയും വേറിട്ടു നിർത്തുന്നു.

എസ്. ഹരീഷിന്റെ രചനയിൽ പ്രേം ശങ്കറാണ് സംവിധാനം. അൻജന ടോക്കീസ്- വാർസ് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ അൻജന ഫിലിപ്പ് നിർമ്മിക്കുന്നു. കോട്ടയം രമേഷ്, നന്ദിനി, മഞ്ജുശ്രീ, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ, മനോജ് തുടങ്ങി നൂറോളം അഭിനേതാക്കൾ ചിത്രത്തിലുണ്ട്.

മ്യൂസിക്: സാം സിഎസ്, ഡിഒപി: സുരേഷ് രാജൻ, എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ ഡിസൈൻ: രാഖിൽ, വരികൾ: റഫീഖ് അഹമ്മദ്, ലക്ഷ്മി ശ്രീകുമാർ, കോസ്റ്റ്യൂം: ആയിഷ സഫീർ, മേക്കപ്പ്: അമൽ ചന്ദ്രൻ, ആക്ഷൻ: മാഫിയ ശശി, ഡാൻസ്: പ്രസന്ന മാസ്റ്റർ, ശബ്ദ മിശ്രണം: അജിത് എ ജോർജ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ശബ്ദലേഖനം: നിധിൻ ലൂക്കോസ്, കാസ്റ്റിങ് ഡയറക്ടർ: അബു വളയംകുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, പ്രൊഡക്ഷൻ കൺട്രോളർ: സജി ജോസഫ്, ഫിനാൻസ് കൺട്രോളർ: അനിൽ ആമ്പല്ലൂർ, ഡിസൈൻ: പുഷ് 360- തുടങ്ങിയവരാണ് അണിയറയിൽ.

ഫാർസ് ഫിലിം ആണ് ഗ്ലോബൽ റിലീസ് ചെയ്യുന്നത്. ശ്രീപ്രിയയുടെ സഹകരണത്തിൽ കേരളത്തിലും റിലീസ് ചെയ്യും. തിങ്ക് മ്യൂസിക്കിലൂടെ നാല് ഗാനങ്ങൾ ആസ്വാദകരിലെത്തും. ജാസി ഗിഫ്റ്റ്, ആൻ്റണി ദാസൻ, സാം സി.എസ് തുടങ്ങിയവരാണ് ഗായകർ.

'Vismaya Mohanlal' എന്ന് എഴുതിയിരിക്കുന്നത് ലാലേട്ടൻ തന്നെ: അനീഷ് ഗോപാൽ അഭിമുഖം

ഷൂട്ട് ചെയ്യുന്ന സമയത്ത് പോലും 'ഹിസ് ഹൈനസ് അബ്ധുള്ള'യുടെ ക്ലൈമാക്സ് എഴുതിയിട്ടില്ലായിരുന്നു: ജഗദീഷ്

മൈക്ക് തട്ടി കണ്ണ് നൊന്തു വെള്ളവും വന്നു, മാധ്യമപ്രവർത്തകനെ എല്ലാവരും കുറ്റപ്പെടുത്തുന്നത് കണ്ടാണ് മോഹൻലാൽ ഫോണിൽ വിളിച്ചത്: സനിൽ കുമാർ

എന്‍റെ ജീവിതത്തിലെ ആദ്യത്തെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ചോക്ലേറ്റ് ആയിരുന്നു: സംവൃത സുനില്‍

കടകളിലെ ക്യുആര്‍ കോഡ് തട്ടിപ്പിന് പിടി വീഴും | Money Maze

SCROLL FOR NEXT