തരുൺ മൂർത്തിയുടെ സൂപ്പർഹിറ്റ് ചിത്രം ‘ഓപ്പറേഷൻ ജാവ’ക്ക് രണ്ടാം ഭാഗം വരുന്നു. ഈ അപ്ഡേറ്റിനെ മലയാള സിനിമാപ്രേമികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ‘ഓപ്പറേഷൻ കംബോഡിയ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നു എന്നത് വലിയൊരു സർപ്രൈസ് ഫാക്ടറായിരുന്നു. ഇപ്പോഴിതാ ആ ചിത്രത്തിന്റെ വിശേഷങ്ങൾ ക്യൂ സ്റ്റുഡിയോയുമായി പങ്കുവെക്കുകയാണ് തരുൺ.
ഓപ്പറേഷൻ ജാവ ഫ്രാഞ്ചൈസിലെ അടുത്ത ചിത്രം
‘ഓപ്പറേഷൻ ജാവ’ പറഞ്ഞ് അവസാനിപ്പിച്ചത് to be continued... എന്ന രീതിയിലായിരുന്നു. വി സിനിമാസിന്റെ അരവിന്ദ്, ‘ഓപ്പറേഷൻ ജാവ’യ്ക്ക് ഒരു രണ്ടാം ഭാഗം ആലോചിക്കുന്നതിനെക്കുറിച്ച് ഇടയ്ക്കൊക്കെ പറയാറുണ്ടായിരുന്നു. ‘തുടരും’ എന്ന സിനിമയുടെ റിലീസിന് ശേഷം ‘ഓപ്പറേഷൻ കംബോഡിയ’ എന്ന സിനിമയുടെ ആശയം ഞാൻ പറഞ്ഞു. അങ്ങനെയാണ് ഈ പ്രോജക്റ്റിലേക്ക് എത്തിയത്.
‘ഓപ്പറേഷൻ ജാവ’യെക്കാൾ വലിയ സ്കെയിലിലുള്ള സിനിമയാണിത്. അതിനാലാണ് വി സിനിമാസിനൊപ്പം വേൾഡ് വൈഡ് സിനിമാസും, ഞാനും ഹരീന്ദ്രനും ചേർന്നുള്ള ദി മാനിഫെസ്റ്റേഷൻ സ്റ്റുഡിയോയും ചേർന്ന് ഈ സിനിമ നിർമ്മിക്കാൻ തീരുമാനിച്ചത്. എന്നെ സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന വി സിനിമാസിനും, ഹരി ചേട്ടനും, നൗഫലിനും, എന്റെ ടീമിനുമുള്ള എന്റെ നന്ദിയും സ്നേഹവുമാണ് ‘ഓപ്പറേഷൻ കംബോഡിയ’.
റിയലിസ്റ്റിക്കും സിനിമാറ്റിക്കുമായിരിക്കും ‘ഓപ്പറേഷൻ കംബോഡിയ’
എന്റെ സിനിമകളിൽ ഒരു semi-realistic അപ്രോച്ച് എപ്പോഴും ഉണ്ടാകും. പ്രേക്ഷകർക്ക് ലൈഫുമായി കണക്ട് ചെയ്യാൻ വേണ്ടിയാണ് ഞാൻ റിയലിസ്റ്റിക് എലമെന്റുകൾ ചേർക്കുന്നത്. അതിന് അപ്പുറം ഫൈറ്റ് സീനുകളായാലും ടെൻഷൻ മൊമെന്റുകളായാലും സിനിമാറ്റിക്കായി ചെയ്യുവാനാണ് എനിക്ക് ഇഷ്ടം. ‘ഓപ്പറേഷൻ കംബോഡിയ’യിലും അതേ semi-realistic അപ്രോച്ചാണ്.
യഥാർത്ഥ സംഭവങ്ങളാണ് പശ്ചാത്തലം
യഥാർത്ഥ സംഭവങ്ങൾ ഈ ചിത്രത്തിലും പശ്ചാത്തലമായി വരും. ‘ഓപ്പറേഷൻ ജാവ’യിൽ ആദ്യ 40 മിനിറ്റ് ഒരു സംഭവത്തെക്കുറിച്ചും പിന്നെ മറ്റൊരു സംഭവത്തെക്കുറിച്ചും, അങ്ങനെ ഒന്നിലധികം ഇൻസിഡന്റ്സിലൂടെയാണ് പോകുന്നത്. എന്നാൽ ‘ഓപ്പറേഷൻ കംബോഡിയ’യിൽ ഒരേയൊരു സംഭവത്തെ ആസ്പദമാക്കി കഥ മുന്നോട്ട് പോകും. ചില എപ്പിസോഡുകൾ ഇടയ്ക്കു വന്നുപോകാം.
ഒപിജെ ഫ്രാഞ്ചൈസിലേക്ക് പൃഥ്വിരാജ് വരുമ്പോൾ
‘ജാവ’ ഇറങ്ങിയ സമയത്ത്, ആ സിനിമയെക്കുറിച്ച് ഏറ്റവും അധികം സംസാരിച്ചവരിൽ ഒരാളായിരുന്നു പൃഥ്വിരാജ്. രണ്ടാം ഭാഗമുണ്ടെങ്കിൽ അതിന്റെ ഭാഗമാകണമെന്ന് അദ്ദേഹം അന്നേ ആഗ്രഹം പങ്കുവെച്ചിരുന്നു. എന്നാൽ പല കാരണങ്ങളാൽ ഒന്നിച്ച് സിനിമ ചെയ്യുന്നത് വൈകി.
‘കംബോഡിയ’യുടെ വർക്കുകൾ ആരംഭിക്കുമ്പോൾ വേൾഡ് വൈഡ് സിനിമാസിന്റെ നൗഫലിനോട്, "ഈ സിനിമയിൽ രാജു (പൃഥ്വിരാജ്) വന്നാൽ അടിപൊളിയായിരിക്കും" എന്ന് ഞാൻ പറഞ്ഞു. രാജു നിരവധി സിനിമകളിൽ തിരക്കിലായതിനാൽ ഡേറ്റുകൾ കിട്ടുമോ എന്ന ആശങ്കയുണ്ടായിരുന്നു. പക്ഷേ, സിനിമയുടെ ഐഡിയ കേട്ടപ്പോൾ ഏറെ എക്സൈറ്റഡായാണ് അദ്ദേഹം പ്രതികരിച്ചത്.
"ഇത് നമ്മുടെ കരിയറിലെ ശ്രദ്ധേയമായ സിനിമയാകാനുള്ള സാധ്യതയുണ്ട്" എന്നാണ് രാജു പറഞ്ഞത്. ആ ആവേശത്തിന്റെ ഭാഗമായിട്ടാണ് ഈ സിനിമ ഇത്ര പെട്ടെന്ന് അനൗൺസ് ചെയ്തത്. അവസാനമായി ഞങ്ങൾ തമ്മിൽ നടന്ന സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞത് "Super excited to start this project!" എന്നാണ്.
തരുൺ മൂർത്തി — നിർമ്മാതാവിലേക്ക്
ഞാൻ മലയാള സിനിമയിലെത്തിയത് അഞ്ച് വർഷം മുൻപാണ്. ചെയ്ത മൂന്ന് സിനിമകളെയും പ്രേക്ഷകർ ഏറ്റെടുത്തു. കരിയറിന്റെ തുടക്കം മുതൽ എന്റെ കൂടെയുണ്ടായിരുന്ന സഹസംവിധായകരെ പിന്തുണയ്ക്കണം എന്നതാണ് നിർമ്മാണ കമ്പനി തുടങ്ങാനുള്ള ആശയത്തിന് പിന്നിലെ കാരണം.
ഹരി ചേട്ടനും (ഹരീന്ദ്രൻ) ഞാനും ചേർന്നാണ് ഈ നിർമ്മാണ കമ്പനി തുടണ്ടിയതും. അദ്ദേഹത്തെക്കുറിച്ച് പറയുകയാണെങ്കിൽ കരിയറിന്റെ പല ഘട്ടങ്ങളിലും ഹരി ചേട്ടൻ എന്നെ സപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് സമയത്താണ് ജാവ റിലീസ് ചെയ്തത്. അന്ന് ആ ചിത്രം വിതരണം ചെയ്യുകയും ആ സിനിമയ്ക്ക് വലിയ സാധ്യതയുണ്ടെന്ന് പ്രൂവ് ചെയ്യുകയും ചെയ്തത് അദ്ദേഹമാണ്. സൗദി വെള്ളക്കയുടെ സമയത്തും അദ്ദേഹം എനിക്കൊപ്പമുണ്ടായിരുന്നു. എന്തിനേറെ തുടരും എന്ന സിനിമയിലേക്ക് വന്നാൽ എന്നെ രഞ്ജിത്തേട്ടന് സജസ്റ്റ് ചെയ്തത് പോലും അദ്ദേഹമാണ്.
‘ടോർപിഡോ’യ്ക്ക് പിന്നാലെ ‘കംബോഡിയ’
‘ടോർപിഡോ’യുടെ പ്രീ-പ്രൊഡക്ഷൻ നടക്കുകയാണ്. കാസ്റ്റിംഗ് പൂർത്തിയായി. അടുത്ത ജനുവരി-ഫെബ്രുവരിയിൽ ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതി. ‘ടോർപിഡോ’ കഴിഞ്ഞാൽ ഉടൻ ‘ഓപ്പറേഷൻ കംബോഡിയ’ തുടങ്ങും. അടുത്ത വർഷം നവംബർ-ഡിസംബർ മാസങ്ങളിൽ ആരംഭിക്കാനാണ് പ്ലാൻ. തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റ് മാത്രമേ പൂർത്തിയായിട്ടുള്ളൂ, അതിൽ കൂടി വർക്ക് ചെയ്യണം.
സൗഹൃദത്തിന്റെ, സ്നേഹത്തിന്റെ റീ-യൂണിയൻ
ലുക്മാനും ഞാനും ഇടയ്ക്കു പറയാറുണ്ട്: "മൂന്ന്-നാല് വർഷം കൂടുമ്പോൾ ഒത്തുകൂടാൻ കഴിയുന്ന, ഒരു റീ-യൂണിയൻ പോലെയുള്ള സിനിമയായിരിക്കും ഇത്." എന്റെ സുഹൃത്തുക്കൾക്കും, പ്രൊഡക്ഷൻ ഹൗസിനും, ടെക്നീഷ്യന്മാർക്കും, എന്റെ സ്വപ്നങ്ങൾക്ക് പിന്തുണയായ എല്ലാവർക്കും ഈ സിനിമ ഒരു റീ-യൂണിയൻ തന്നെയാണ്. ‘കംബോഡിയ’ നല്ല രീതിയിൽ എത്താൻ കഴിഞ്ഞാൽ കുറച്ചു വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു റീ-യൂണിയൻ സിനിമ ചെയ്യാനാകും.