Film News

ഞാൻ എന്ന ഫിലിം മേക്കർ ഉണ്ടായതിൽ നിഷാദ് യൂസഫിന്റെ പങ്ക് വളരെ വലുതാണ്, നിഷാദിന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രമാണ് തുടരും: തരുൺ മൂർത്തി

എഡിറ്റർ നിഷാദ് യൂസഫിന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രമാണ് തുടരും എന്ന് സംവിധായകൻ തരുൺ മൂർത്തി. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. തുടരും എന്ന സിനിമ തുടങ്ങി പത്ത് ദിവസങ്ങൾക്ക് ശേഷമാണ് നിഷാദ് യൂസഫ് ചിത്രത്തിലേക്ക് വരുന്നത് എന്നും ചിത്രത്തിൽ ലാലേട്ടനൊപ്പം നിഷാദ് അഭിനയിച്ചിട്ടുണ്ടെന്നും തരുൺ മൂർത്തി പറയുന്നു. നിഷാദ് മരണപ്പെട്ട ശേഷം ചിത്രത്തിന്റെ എഡിറ്റ് സ്പോട്ട് എഡിറ്റർ ആയ ഷെഫീഖിനെ ഏൽപ്പിക്കാം എന്ന് തീരുമാനിത്തിന് പിന്നിലുള്ള ധൈര്യം പോലും തനിക്ക് നിഷാദ് സമ്മാനിച്ചതാണെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ തരുൺ മൂർത്തി പറഞ്ഞു.

തരുൺ മൂർത്തി പറഞ്ഞത്:

തരുൺ മൂർത്തി എന്ന ഫിലിം മേക്കർ ഉണ്ടായതിൽ നിഷാദ് യൂസഫിന്റെ പങ്ക് വളരെ വലുതാണ്. കഴിഞ്ഞ രണ്ട് സിനിമകൾക്കും എന്റെ നട്ടെല്ലായിരുന്നു നിഷാദ്. ആ രണ്ട് ചിത്രങ്ങളുടെയും താളം ഞാൻ തീരുമാനിക്കുന്നത് നിഷാദിന്റെ ധൈര്യപ്പുറത്താണ്. സൗദി വെള്ളക്ക കഴിഞ്ഞപ്പോൾ ഞങ്ങൾ ഒരു ബ്രേക്ക് എടുക്കാം, രണ്ട് പേരും വേറെ ചിത്രങ്ങൾ ചെയ്യാം, എന്നിട്ട് വീണ്ടും ഒത്തുകൂടാം എന്നൊക്കെ തീരുമാനിച്ചതാണ്. തുടരും ആദ്യ ഘട്ടങ്ങളിൽ ഒന്നും നിഷാദിന്റെ പേര് ഡിസ്കഷനിൽ ഇല്ലായിരുന്നു. ഈ സിനിമയുടെ കഥ പോലും ഞങ്ങൾ സംസാരിച്ചിരുന്നില്ല. പല എഡിറ്റേഴ്‌സുമായും സംസാരിച്ചെങ്കിലും, ഒരു പോയിന്റ് കഴിഞ്ഞപ്പോൾ എനിക്ക് ഒരു കോൺഫിഡൻസ് കുറവ് വന്നു. എന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ, അമൂല്യമായ സിനിമയിൽ നിഷാദിന്റെ കയ്യൊപ്പില്ലെങ്കിൽ ഞാൻ എടുക്കുന്ന ഏറ്റവും മണ്ടൻ തീരുമാനം ആയിപ്പോകുമോ എന്ന പേടി എനിക്കുണ്ടായി. നിഷാദ് എനിക്കത്രയും പ്രധാനപ്പെട്ട ആളാണ്. ഷൂട്ട് തുടങ്ങി പത്ത് ദിവസങ്ങൾക്ക് ശേഷമാണ് നിഷാദ് ഇൻ ആവുന്നത്.

ഷൂട്ട് ചെയ്യുന്ന സമയത്ത് തന്നെ അദ്ദേഹം വോയിസ് നോട്ടുകൾ അയക്കുമായിരുന്നു, കട്ടുകൾ ഇങ്ങനെ പ്ലാൻ ചെയ്യാം എന്നൊക്കെ പറഞ്ഞ്. അതനുസരിച്ച് ഞാൻ ചില സീനുകൾ കൂടുതൽ എടുത്തിട്ട് പോലുമുണ്ട്. ഞങ്ങൾ എഡിറ്റിങ് ടേബിളിൽ ഇരിക്കുമ്പോഴാണ് നാഷണൽ അവാർഡ് പ്രഖ്യാപിക്കുന്നത്. ആ സമയത്തേക്ക് ഞങ്ങൾ ഇതിന്റെ ഒരു പേസിങ് ഒക്കെ സെറ്റ് ചെയ്ത് വച്ചിരുന്നു. നിഷാദ് ഈ സിനിമയിൽ ലാലേട്ടനൊപ്പം ഒരു ചെറിയ വേഷവും ചെയ്തിട്ടുണ്ട്. അതിന് വന്നപ്പോൾ ഞാൻ സ്പോട്ട് എഡിറ്റ് ചെയ്യാൻ വന്ന ഷെഫീഖിനെ ഒന്ന് നോക്കി വച്ചോളാൻ പറഞ്ഞു. സാധാരണഗതിയിൽ നിഷാദ് സ്പോട്ട് എഡിറ്റ് ഫോളോ ചെയ്യുന്ന ഒരാളല്ല. നിഷാദിന് അദ്ദേഹത്തിന്റെ രീതിയിൽ തന്നെ കട്ട് ചെയ്യാൻ ആണ് ഇഷ്ടം. പക്ഷെ അന്ന് നിഷാദ് ഷൂട്ടിങ് കഴിഞ്ഞ ശേഷം ഷഫീഖിന്റെ അടുത്ത് പോയി, അവൻ കട്ട് ചെയ്തത് എല്ലാം കണ്ടു നോക്കി. എന്നിട്ട് എന്നോട് വന്ന് പറഞ്ഞു, 'എടോ എനിക്ക് പണി എളുപ്പാടോ, ഞാൻ ചെയ്യുന്ന പോലെയാണ് അവൻ ചെയ്ത് വച്ചിരിക്കുന്നത്'.

അത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് നിഷാദ് വിട്ട് പോയത്. നിഷാദ് പോയ ശേഷം ഞാൻ ഈ സിനിമയിലെടുത്ത ഏറ്റവും പ്രധാനപ്പെട്ട തീരുമാനം ആയിരുന്നു ഷെഫീഖിനെ ഈ സിനിമ ഏൽപ്പിക്കുക എന്നുള്ളത്. അതിനുള്ള ധൈര്യം എനിക്ക് തന്നത്, നിഷാദ് പോയപ്പോഴും ഞാൻ പതറാതിരുന്നത്, രണ്ട് ദിവസം മുൻപ് നിഷാദ് പറഞ്ഞ ആ കാര്യമാണ്. നിഷാദ് എന്താണോ എനിക്ക് കഴിഞ്ഞ രണ്ട് സിനിമകളിലും തന്നത്, അത് ഷഫീഖ് എനിക്ക് ഈ സിനിമയിൽ തന്നിട്ടുണ്ട്. നിഷാദിന്റെ ബ്ലെസിംഗ്‌ ഉള്ള സിനിമ തന്നെയാണ് ഇത്. തരുൺ മൂർത്തി പറഞ്ഞു

ആദ്യം സംവിധാനം ചെയ്യാനിരുന്ന സിനിമയില്‍ പൊലീസ് കഥാപാത്രങ്ങളേ ഇല്ലായിരുന്നു: ഷാഹി കബീര്‍

ലാലേട്ടനൊപ്പം കോമഡി പടവും പൃഥ്വിരാജിനൊപ്പം ഒരു ത്രില്ലർ സിനിമയും ധ്യാനിന്റെ മനസ്സിലുണ്ട്: വിശാഖ് സുബ്രഹ്മണ്യം

സീനിയേഴ്‌സും ജൂനിയേഴ്‌സും ഒരുപോലെ കയ്യടി നേടുന്നു; ചിരിയുടെ ജൈത്രയാത്രയുമായി "ധീരൻ"

പേരന്‍പിന്‍റെ കഥ മമ്മൂട്ടി ഓക്കെ പറഞ്ഞത് വെറും അഞ്ച് മിനിറ്റില്‍, അതിനൊരു കാരണമുണ്ടായിരുന്നു: സംവിധായകന്‍ റാം

തിര പോലെ വ്യത്യസ്‍തമായ സിനിമ, വിനീത് ശ്രീനിവാസന്റെ ത്രില്ലർ ചിത്രം പൂജ റിലീസായി എത്തും: വിശാഖ് സുബ്രഹ്മണ്യം അഭിമുഖം

SCROLL FOR NEXT