
പേരൻപ് സിനിമയ്ക്കായി വെറും അഞ്ച് മിനിറ്റ് മാത്രമാണ് താൻ മമ്മൂട്ടിയോട് കഥ പറഞ്ഞതെന്നും അപ്പോൾ തന്നെ മമ്മൂട്ടി ഈ റോൾ ചെയ്യാമെന്ന് ഉറപ്പ് തന്നുവെന്നും സംവിധായകൻ റാം. അദ്ദേഹത്തിന് ഇതുവരെ ചെയ്യാത്ത, പുതിയ കാര്യങ്ങൾ ചെയ്യാൻ ഭയങ്കര താൽപര്യമാണ്. അത്തരമൊരു അഭിനിവേശം അദ്ദേഹത്തിനുണ്ട് എന്ന് തനിക്ക് അറിയാമായിരുന്നു എന്നും അതുകൊണ്ടാണ് കഥ പറയാൻ പോകാം എന്ന് തീരുമാനിച്ചതും എന്ന് ക്യു സ്റ്റുഡിയോയോട് റാം പറഞ്ഞു.
സംവിധായകൻ റാമിന്റെ വാക്കുകൾ
പേരൻപ് ചെയ്യുകയാണെങ്കിൽ അത് മമ്മൂട്ടിയെപ്പോലെയുള്ള ഒരു നടനെ വെച്ചേ ചെയ്യൂ എന്ന് നേരത്തെ ഉറപ്പിച്ചിരുന്നു. അല്ലെങ്കിൽ ഞാനത് ചെയ്യില്ലായിരുന്നു. മമ്മൂട്ടിയോട് വെറും 5 മിനിറ്റ് മാത്രമാണ് ആദ്യം നരേറ്റ് ചെയ്തത്. അതിനുശേഷം അദ്ദേഹം ഓക്കെ ആണെങ്കിൽ മാത്രം ബാക്കി പറയാം എന്നാണ് ഞാൻ പറഞ്ഞത്. കാരണം, ആ റോൾ അദ്ദേഹത്തെപ്പോലെ ഒരാൾ എങ്ങനെ എടുക്കുമെന്ന് അറിയില്ലല്ലോ. അദ്ദേഹം പക്ഷെ, ബാക്കി കൂടി പറയാനാണ് പറഞ്ഞത്. അദ്ദേഹത്തിന് ഇതുവരെ ചെയ്യാത്ത, പുതിയ കാര്യങ്ങൾ ചെയ്യാൻ ഭയങ്കര താൽപര്യമാണ്. അത്തരമൊരു അഭിനിവേശം അദ്ദേഹത്തിനുണ്ട് എന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടാണ് നരേറ്റ് ചെയ്യാം എന്ന് തീരുമാനിച്ചതും. ആദ്യത്തെ അഞ്ച് മിനുറ്റിൽ തന്നെ അദ്ദേഹം ഓക്കെ പറഞ്ഞു. അതിന് ശേഷമാണ് കഥ പൂർണമായും ഡെവലപ്പ് ചെയ്തത് പോലും.
പേരൻപിൽ മകളുടെ കൂടെ കളിക്കുന്ന മമ്മൂട്ടിയുടെ ഒരു രംഗമുണ്ട്. അത് സിംഗിൾ ഷോട്ടിൽ എടുക്കാൻ കാരണം മറ്റൊന്നാണ്. ഒന്നാമത്, അന്ന് എന്റെ കയ്യിൽ ഒരേയൊരു ക്യാമറ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അന്ന് രണ്ടോ മൂന്നോ ക്യാമറ ഉണ്ടായിരുന്നെങ്കിൽ മൂന്ന് ആങ്കിളുകളിൽ ഷൂട്ട് ചെയ്യാമായിരുന്നു. ആ സീനിൽ മമ്മൂട്ടി ചെയ്യുന്നത് ഒരു കൺടിന്വസ് പ്രോസസാണ്. അത് ഒരിക്കൽ മാത്രമേ ചെയ്യാൻ സാധിക്കൂ. രണ്ടാമത് ഒരു തവണ കട്ട് വിളിച്ച് വീണ്ടും ചെയ്യിപ്പിച്ചാൽ അതിന്റെ ഫീൽ പോകും. അതുകൊണ്ടാണ് അത് സിംഗിൾ ഷോട്ടിൽ കാണിച്ചത്. സംവിധായകൻ റാം പറയുന്നു.