Film News

'ടെലിഗ്രാം' ഒടിടി പ്ലാറ്റ്‌ഫോം അല്ല, അതിലൂടെ സിനിമ കാണുന്നത് കുറ്റകൃത്യം; ബിനു പപ്പു പ്രതികരിക്കുന്നു

മോഹൻലാൽ നായകനായ തരുൺ മൂർത്തി ചിത്രം 'തുടരും' കഴിഞ്ഞ ദിവസമാണ് വാഗമണിലേക്ക് പോയ ഒരു ടൂറിസ്റ്റ് ബസ്സിൽ പ്രദർശിപ്പിക്കുകയുണ്ടായത്. വ്യാജപതിപ്പ് കാണുന്നവരെ നിയമപരമായി തന്നെ നേരിടുമെന്ന് ചിത്രത്തിലെ അഭിനേതാവും, കോ-ഡയറക്റ്ററുമായ ബിനു പപ്പു ക്യു സ്റ്റുഡിയോയോട്. ചിത്രത്തിന്റെ വ്യാജപതിപ്പ് ബസ്സിൽ പ്രദർശിപ്പിച്ചതിന്റെ ദൃശ്യങ്ങൾ സമീപത്ത് കൂടി പോയ മറ്റ് വാഹനത്തിൽ ഉള്ളവർ പകർത്തുകയും, ചിത്രത്തിന്റെ അണിയറപ്രവർത്തകരെ അറിയിക്കുകയും ചെയ്തതിനെ തുടർന്നാണ് നിയമനടപടികൾ ആരംഭിച്ചത്. എന്നാൽ 'പൈറസി' തടയുക എന്നത് പ്രേക്ഷകർ തന്നെ എടുക്കേണ്ട തീരുമാനം ആണെന്നും, ഒരു പരിധിയിൽ കൂടുതൽ പൈറസി നിർത്തലാക്കുക എന്നത് അസാധ്യമാണെന്നും ബിനു പപ്പു പറയുന്നു. 'ടെലിഗ്രാം' പലരും ഒരു ഒടിടി പ്ലാറ്റ്ഫോം ആയാണ് കാണുന്നത്. ടെലിഗ്രാം വഴി ലഭിക്കുന്ന സിനിമകൾ കാണുന്നത് കുറ്റകൃത്യമാണെന്ന് ആളുകൾക്ക് അറിയില്ലെന്നും, ആ അവബോധം സമൂഹത്തിന് നൽകണമെന്നും ബിനു പപ്പു പറഞ്ഞു.

എങ്ങനെയാണ് പൈറേറ്റഡ് കോപ്പിയുടെ പ്രചരണം തടയാൻ സാധിക്കുക?

സിനിമയുടെ പൈറേറ്റഡ് കോപ്പികൾ നിർത്തലാക്കുക, തടയുക എന്നത് അസാധ്യമാണ്. നമ്മൾ അത് കാണില്ല എന്ന് എല്ലാവരും തീരുമാനിച്ചാൽ അത് സാധിക്കുകയും ചെയ്യും.

ആരെങ്കിലും എന്നോട് ലിങ്ക് വേണോ എന്ന് ചോദിച്ചാൽ, വേണ്ട എന്ന് പറഞ്ഞാൽ മതി. ഒടിടിയിലോ തിയറ്ററിലോ സിനിമ കണ്ടോളാം എന്ന നിലപാട് ആളുകൾ എടുത്താൽ 'പൈറസി' നിർത്തലാക്കാം. 'തുടരും' എന്ന ഒരു സിനിമയ്ക്ക് വേണ്ടി മാത്രമല്ല ഈ പ്രവർത്തി. സിനിമ വ്യവസായത്തെ മുഴുവനായും ബാധിക്കുന്ന ഒരു പ്രശ്നമാണ് ഇത്. ഞാൻ ഈ സിനിമയിൽ മാത്രം ജോലി ചെയ്യുന്ന ഒരാളല്ല. മലയാളം ഇൻഡസ്ട്രിയിൽ വർക്ക് ചെയ്യുന്ന ഒരാളാണ്. ഏത് ഭാഷയിലുള്ള ചിത്രമാണെങ്കിലും പൈറേറ്റഡ് കോപ്പി കാണരുത്, കാരണം ഒരു സിനിമയ്ക്ക് പിന്നിൽ ഒരുപാട് പ്രയത്നമുണ്ട്. അതിനും അപ്പുറത്ത് കാശ് മുടക്കാൻ നിൽക്കുന്ന ഒരാളുണ്ട്. ഈ കലയെ സ്നേഹിക്കുന്ന ഒരാളാകുമല്ലോ സിനിമയെടുക്കുന്നത്. 'പൈറസി' അയാൾക്ക് നഷ്ടമുണ്ടാക്കുകയല്ലേ ചെയ്യുന്നത്. അത് ശരിയല്ലല്ലോ.

ഞങ്ങളുടെ ഒരു സുഹൃത്തിനോട് അദ്ദേഹം സിനിമയിലേക്ക് വന്ന സമയത്ത്, സൗദി വെള്ളക്ക എന്ന സിനിമ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്ന് പറഞ്ഞു. അത് ഒടിടിയിൽ വന്നിട്ടുണ്ട് എന്ന് ഞാൻ പറഞ്ഞു. അപ്പോൾ അവൻ എന്നോട് തന്നെ ചോദിച്ചത്, ടെലിഗ്രാം ലിങ്ക് ഉണ്ടോ ചേട്ടാ എന്നാണ്. അത് നേരിട്ട് എന്നോടാണ് ചോദിച്ചത്. ഞാൻ ആകെ വണ്ടർ അടിച്ച് പോയിട്ടുണ്ട്.
ബിനു പപ്പു

150 കോടിയും കടന്ന് മുന്നേറുമ്പോൾ ഇതൊരു തിരിച്ചടിയല്ലേ?

ഇത് ഹിറ്റ് ചാർട്ടിൽ ഉള്ള സിനിമയായത് കൊണ്ടല്ല ഞങ്ങൾ ഇതിൽ ഒച്ചയെടുക്കുന്നതും, ഇതിന് പുറകെ പോകുന്നതും, പൊലീസിൽ പരാതി നൽകുന്നതും. ഏത് ഭാഷയിലുള്ള സിനിമയാണെങ്കിലും, അതിന് പുറകിൽ ഒരുപാട് പേരുടെ പ്രയത്നമുണ്ട്. ഞങ്ങളുടെ സിനിമയാണെങ്കിൽ മാത്രമേ ആളുകൾ നമ്മളെ അപ്പ്രോച്ച് ചെയ്യുകയുള്ളൂ. ഗാഥാ വിജയൻ എന്നയാൾ 'തുടരും' കണ്ടിരുന്നു, അതുകൊണ്ട് അവർക്ക് മനസ്സിലായി അതിപ്പോൾ തിയറ്ററിലുള്ള സിനിമയാണ് എന്ന്. ആ ടൂറിസ്റ്റ് ബസ്സിൽ പ്ലേ ചെയ്യുന്നത്, പൈറേറ്റഡ് കോപ്പി ആണെന്നും, അത് തെറ്റ് ആണ് എന്നും അവർ തിരിച്ചറിഞ്ഞു. അവർ അതിന്റെ വീഡിയോ എടുത്ത്, ആ വണ്ടിയുടെ നമ്പറിനോട് കൂടെ എനിക്കും, രജപുത്രയ്ക്കും അയച്ചു. എന്തോ ഭാഗ്യത്തിന് ഞാൻ അത് രാത്രി തന്നെ കണ്ടു. അപ്പോൾ തന്നെ രഞ്ജിത്തേട്ടനെ വിളിക്കുകയും ചെയ്തു.

അതേ പോലെ പ്രൊഡക്ഷൻ കൺട്രോളർ ഡിക്‌സൺ ചേട്ടന്റെ പരിചയത്തിലുള്ളൊരാൾ ട്രെയിനിൽ ഇരുന്ന് ഒരാൾ 'തുടരും' കാണുന്നത് കണ്ടു. അദ്ദേഹം അപ്പോൾ തന്നെ ഡിക്‌സൺ ചേട്ടനെ വിളിച്ചു പറഞ്ഞു, തുടർന്ന് ആ വീഡിയോ കണ്ടു കൊണ്ടിരുന്ന ആളെ തൃശ്ശൂരിൽ വച്ച് പൊലീസ് പിടിക്കുകയും ചെയ്തു.

ഇവരെല്ലാം ഇത് പൊതുമധ്യത്തിൽ ഇരുന്ന് കാണുന്നത് അവർക്ക് പൈറേറ്റഡ് കോപ്പി കാണുന്നത് നിയമലംഘനമാണ് എന്ന് അറിയാത്തത് കൊണ്ടാണ്. അവർ ചെയ്യുന്നത് ഒരു ക്രൈം ആണ് എന്ന അവബോധം ആളുകൾക്ക് നൽകണം. അത് ആളുകൾ മനസ്സിലാക്കുകയാണെങ്കിൽ പൈറേറ്റഡ് കോപ്പി കാണുന്നവരുടെ അളവ് കുറയും.

തിയറ്ററുകൾക്ക് എന്ത് ചെയ്യാൻ സാധിക്കും?

ഇപ്പോഴുള്ള മൊബൈൽ ഫോണുകളുടെ ക്വാളിറ്റി നമുക്കറിയാമല്ലോ. സാംസങിന്റെ S23 -യുടെ സൂം ലെൻസ് എന്താണ്. പണ്ട് ഒരു ക്യാമറായി പോകേണ്ട സ്ഥാനത്ത് ഇപ്പോൾ പോക്കെറ്റിലിട്ടാണ് പോകുന്നത്. അതെങ്ങനെ തടയാൻ സാധിക്കും? മൊബൈൽ ഫോൺ തിയ്യറ്ററിനകത്തേക്ക് കൊണ്ട് വരാൻ പാടില്ല എന്ന നിയമം കൊണ്ട് വരാൻ പറ്റില്ലല്ലോ. അതാണ് പറഞ്ഞത്, സ്വയം തിരുത്തുക എന്നതാണ് പോംവഴി.

ടെലിഗ്രാം ഒരു ഒടിടി പ്ലാറ്റ്ഫോം അല്ല. ടെലിഗ്രാമിൽ സിനിമ കാണുന്നത് തെറ്റ് ആണ്, ക്രൈം ആണ് എന്നത് ഒരുപാട് പേർക്ക് അറിയില്ലായിരുന്നു. ഞങ്ങളുടെ ഒരു സുഹൃത്തിനോട് അദ്ദേഹം സിനിമയിലേക്ക് വന്ന സമയത്ത്, സൗദി വെള്ളക്ക എന്ന സിനിമ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്ന് പറഞ്ഞു. അത് ഒടിടിയിൽ വന്നിട്ടുണ്ട് എന്ന് ഞാൻ പറഞ്ഞു. അപ്പോൾ അവൻ എന്നോട് തന്നെ ചോദിച്ചത്, ടെലിഗ്രാം ലിങ്ക് ഉണ്ടോ ചേട്ടാ എന്നാണ്. അത് നേരിട്ട് എന്നോടാണ് ചോദിച്ചത്. ഞാൻ ആകെ വണ്ടർ അടിച്ച് പോയിട്ടുണ്ട്. അന്നാണ് അവന് മനസ്സിലാകുന്നത് ഇത് ക്രൈം ആണ് എന്നത്. അവരുടെ തെറ്റല്ല ഇത്, അവർക്ക് അതിനെ പറ്റി അറിയാഞ്ഞിട്ടാണ്.

ഇതിന് പിന്നിലുള്ള എഫേർട്ട് എന്ന് പറയുന്നത് ആളുകളുടെ അധ്വാനം മാത്രമല്ല. കളർഗ്രേഡ് ചെയ്ത്, അതിന് വേണ്ട മ്യൂസിക് നൽകി ഒരു പ്രേക്ഷകന് സിനിമ കാണുമ്പോൾ അയാൾക്ക് എത്രത്തോളം അനുഭവിച്ചറിയാൻ ആകും എന്നാണ് ഞങ്ങൾ കാണിച്ചു കൊടുക്കുന്നത്. അവർ ആ സിനിമ ഭംഗിയായി കാണാനാണ് അത്രയും പണി ഞങ്ങളെടുക്കുന്നത്. നല്ല ക്വാളിറ്റിയിൽ കാണേണ്ട ഒരു സിനിമ വളരെ മോശം ക്വാളിറ്റിയിൽ കാണുമ്പോൾ തീർച്ചയായും വിഷമമുണ്ട്. സങ്കടമാണ്, ദേഷ്യം കൊണ്ട് കാര്യമൊന്നുമില്ല.

ഡോൾബി അറ്റ്മോസ്റ്റിൽ, അല്ലെങ്കിൽ ഡോൾബി ഡിജിറ്റലിലേക്ക് ഒക്കെ മാറ്റി ഒരു സിനിമ ഞങ്ങളെത്തിക്കുമ്പോൾ അത് തിയറ്ററിൽ പോയി കാണാമല്ലോ. അത് ഒടിടിയിലും വരുന്നുണ്ട്. ഈ തിയറ്ററിനും ഒടിടിയ്ക്കും ഇടയിൽ എന്തിനാണ് ടെലിഗ്രാം?

നിയമനടപടി

കയ്യോടെ പിടിച്ച ആളുകളെ നിയമപരമായാണ് നേരിടുന്നത്.

സോഴ്സ് അപ്പോഴും അറിയില്ലല്ലോ ?

സോഴ്സ് ഒരുപക്ഷെ ഒരു ഗ്രൂപ്പ് ആകാം, അങ്ങനെയുള്ള സിനിമ ഗ്രൂപ്പുകളൊക്കെയുണ്ട്. അല്ലെങ്കിൽ മറ്റാരെങ്കിലും നൽകുന്നതായിരിക്കാം. അങ്ങനെ കണ്ടെത്തിയാൽ അത് ബ്ലോക്ക് ചെയ്യാൻ സാധിക്കുമല്ലോ. ഇത് കണ്ടാൽ പൊലീസ് പിടിക്കും, പിടിച്ചാൽ നിങ്ങളുടെ പേരിൽ ഒരു പൊലീസ് കേസ് ഉണ്ടാകും എന്ന് പറയുന്നത് സുഖമുള്ള കാര്യവുമല്ലല്ലോ. ഒരു സിനിമ കണ്ട് പൊലീസ് പിടിച്ചു എന്ന് പറയുന്നത്? നാളെ നിനക്ക് സിനിമയുടെ ലിങ്ക് വേണോ ചോദിച്ചാൽ വേണ്ട എന്ന് പറയാൻ ഒരാൾക്ക് എങ്കിലും തോന്നുമല്ലോ.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT