Film News

ടി.വി.ചന്ദ്രന് ജെ.സി ഡാനിയേൽ പുരസ്‌കാരം , സമാന്തര സിനിമാ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് കരുത്തു പകര്‍ന്ന സംവിധായകനെന്ന് ജൂറി

മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2022ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകൻ ടി.വി ചന്ദ്രന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും ലഭിക്കും. 2021ലെ ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവും സംവിധായകനുമായ കെ.പി കുമാരന്‍ ചെയര്‍മാനും, നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്‍, നടിയും സംവിധായികയുമായ രേവതി എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് എന്നിവർ അം​ഗമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

മലയാളത്തിലെ സമാന്തര സിനിമാ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് കരുത്തു പകര്‍ന്ന സംവിധായകനാണ് ടി.വി ചന്ദ്രന്‍ എന്ന് ജൂറി അഭിപ്രായപ്പെട്ടു.1975ല്‍ 'കബനീനദി ചുവന്നപ്പോള്‍' എന്ന ചിത്രത്തിലൂടെ അഭിനേതാവായി ചലച്ചിത്രരംഗത്ത് എത്തിയ ടി.വി ചന്ദ്രന്‍ സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, നടന്‍ എന്നീ നിലകളില്‍ അരനൂറ്റാണ്ടുകാലമായി നല്ല സിനിമയ്‌ക്കൊപ്പം ഉറച്ച നിലപാടുകളുമായി നിലകൊള്ളുന്നു. മനുഷ്യവിമോചനത്തിനായുള്ള പുരോഗമന രാഷ്ട്രീയ നിലപാടുകളും ശക്തമായ സ്ത്രീപക്ഷ സമീപനങ്ങളും വെച്ചുപുലര്‍ത്തുന്ന 15 മലയാള സിനിമകളും രണ്ടു തമിഴ് സിനിമകളും ഒരുക്കി ദേശീയ, അന്തര്‍ദേശീയ ബഹുമതികളിലൂടെ മലയാള സിനിമയുടെ യശസ്സുയര്‍ത്തിയ ചലച്ചിത്രകാരനാണ് ടി.വി ചന്ദ്രനെന്ന് ജൂറി കൂട്ടിച്ചേര്‍ത്തു.

1993ല്‍ മികച്ച സംവിധായകനുള്ള ദേശീയപുരസ്‌കാരം ഉള്‍പ്പെടെ ഏഴ് ദേശീയ അവാര്‍ഡുകളും 10 കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ടി.വി ചന്ദ്രന്‍ നേടിയിട്ടുണ്ട്. ഒമ്പത് ചിത്രങ്ങള്‍ ഇന്ത്യന്‍ പനോരമയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം സംവിധാനം ചെയ്ത 'ആലീസിന്റെ അന്വേഷണം' ലൊകാര്‍ണോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ലെപ്പേര്‍ഡ് അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. പൊന്തന്‍മാട, മങ്കമ്മ, ഡാനി, ഓര്‍മ്മകളുണ്ടായിരിക്കണം, പാഠം ഒന്ന് ഒരു വിലാപം, സൂസന്ന, കഥാവശേഷന്‍, ആടുംകൂത്ത്, ഭൂമിമലയാളം എന്നിവയാണ് വിവിധ വിഭാഗങ്ങളില്‍ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ച സിനിമകള്‍. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്ന 30ാമത്തെ വ്യക്തിയാണ് ടി.വി ചന്ദ്രന്‍.

സെൻസർ ബോർഡിനും ചിരി നിർത്താനായില്ല!! 'ഇന്നസെന്‍റ് ' സിനിമയ്ക്ക് ക്ലീൻ യൂ സർട്ടിഫിക്കറ്റ്

'മികച്ച സിനിമ, നടീ നടന്മാർക്ക് ഏതെങ്കിലും കാരണം കൊണ്ട് അവാർഡ് നിഷേധിച്ചിട്ടുണ്ടോ?'; പ്രതിഷേധമറിയിച്ച് ശ്രീകാന്ത് ഇ.ജി

എന്ത്‌ കൊണ്ട് മമ്മൂട്ടി മികച്ച നടൻ? ഭ്രമയുഗത്തിലെ പ്രകടനത്തിന് അവാർഡ് നൽകിയതിനെക്കുറിച്ച് ജൂറി

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

Kerala State Film Awards |മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, അവാർഡുകൾ വാരി മഞ്ഞുമ്മൽ ബോയ്സ്

SCROLL FOR NEXT