തന്റെ സിനിമാ കരിയറിലെ നിര്‍ണായക വഴിത്തിരിവുകളെല്ലാം മമ്മൂട്ടി സിനിമകളിലൂടെയായിരുന്നുവെന്ന് നടൻ സുരേഷ് കൃഷ്ണ. രാക്ഷസരാജാവ്, പഴശ്ശിരാജ, വജ്രം, കുട്ടിസ്രാങ്ക്, ഗാനഗന്ധര്‍വന്‍ തുടങ്ങി ഒട്ടുമിക്ക ചിത്രങ്ങളിലും മമ്മൂട്ടിയോടൊപ്പം സഹനടനായി അഭിനയിച്ചിട്ടുളള വ്യക്തിയാണ് സുരേഷ് കൃഷ്ണ. മമ്മൂക്കയല്ലാതെ മലയാളത്തിൽ മറ്റൊരു മെഗാ സ്റ്റാറില്ലെന്നും ജീവിതം തന്നെ സിനിമയ്ക്കായി മാറ്റിവെച്ച വ്യക്തിയാണ് അദ്ദേഹമെന്നും സുരേഷ് കൃഷ്ണ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു.
രാക്ഷസരാജാവിലെ വില്ലന്‍ വേഷം എനിക്ക് ലഭിച്ച വലിയ ബ്രേക്കായിരുന്നു. അന്ന് ഞാന്‍ വില്ലന്‍ വേഷങ്ങളാണ് കൂടുതലായും ചെയ്തിരുന്നത്. സിനിമയിലെത്തിയതിന് ശേഷമാണ് മമ്മൂക്കയുമായി അടുത്ത് പെരുമാറാന്‍ അവസരങ്ങള്‍ ലഭിച്ചത്. അപ്പോഴൊക്കെ മമ്മൂക്ക എന്നോട് പറയും’ ടാ ചുമ്മാ നിന്ന് അടിവാങ്ങാതെ ഒന്ന് മാറ്റിപ്പിടിക്കെന്ന് ‘ അന്നുമുതൽ മമ്മൂക്കയുടെ അടുത്ത് പോയി ഇരിക്കാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം എനിക്ക് ഉണ്ടായിരുന്നു.
കുട്ടിക്കാലത്ത് പഠിച്ചിരുന്ന സ്‌കൂളില്‍ ചടങ്ങിൽ അതിഥിയായി എത്തിയപ്പോഴും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ചെന്നൈയിലെ ഒരു ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചും അദ്ദേഹത്തെ ദൂരെ നിന്ന് കണ്ടിട്ടുണ്ട്. പിന്നാട് കുറേ കാലങ്ങൾക്ക് ശേഷമാണ് സീരിയലിൽ നിന്ന് സിനിമയിൽ എത്തുന്നതും അദ്ദേഹത്തോടൊപ്പം സിനിമകൾ ചെയ്യുന്നതും. ചരിത്രമായാലും സിനിമയായാലും ഏത് വിഷയത്തെ കുറിച്ചും മമ്മൂക്കയ്ക്ക് കൃത്യമായ ധാരണയുണ്ട്. മാത്രമല്ല ഏതൊരു വിഷയമായാലും സ്വന്തം അഭിപ്രായം തുറന്നുപറയാന്‍ മമ്മൂക്ക തയ്യാറുമാണ്. ചിലർ മനസില്‍ ഒന്നുവെച്ച് മുഖത്ത് മറ്റൊന്ന് പ്രകടമാക്കും, പക്ഷെ മമ്മൂക്ക മനസിലുള്ളത് മുഖത്ത് കാണിക്കും. അദ്ദേഹവുമായുള്ള സംസാരത്തില്‍ നിന്ന് ഞാനത് മനസിലാക്കിയിട്ടുള്ളതാണ്. അറിവിന്റെ സര്‍വകലാശാല എന്ന് വേണമെങ്കിൽ അദ്ദേഹത്തെ വിശേഷിപ്പിക്കാം. ഒരു അഭിനേതാവ് എങ്ങനെ ആരോഗ്യം വ്യക്തിജീവിതം കുടുംബം എല്ലാം കാത്തുസൂക്ഷിക്കണമെന്നതിന് മമ്മൂക്കയൊരു പാഠപുസ്തകമാണ്. ‘മമ്മൂക്കയ്ക്ക് മുന്‍പ് മലയാളത്തില്‍ ഒരു മെഗാസ്റ്റാര്‍ ഉണ്ടായിരുന്നതായി എനിക്കറിയില്ല, ശേഷവും ആ പദവിയിലേക്ക് മറ്റൊരാള്‍ വരുമെന്നും തോന്നുന്നില്ല. കാരണം ജീവിതം തന്നെ സിനിമയ്ക്കായി മാറ്റിവെക്കുക എന്നത് ചെറിയ കാര്യമല്ല. ഭൂരിഭാഗം ആളുകളും അഭിനയിച്ച് കുറച്ച് കാശൊക്കെ കിട്ടിയാല്‍ കണ്ണില്‍ക്കണ്ട ഭക്ഷണമൊക്കെ കഴിച്ച് ജീവിതം ആഘോഷിച്ച് ചെറിയ കാലം കൊണ്ട് അസ്തമിക്കും. എന്നാല്‍ ഇദ്ദേഹം ഇപ്പോഴും ആരോഗ്യം കാത്തുസൂക്ഷിക്കാനെടുക്കുന്ന ചിട്ടകള്‍ കണ്ടാല്‍ നമ്മള്‍ അത്ഭുതപ്പെട്ടുപോകും. സുരേഷ് കൃഷ്ണ പറയുന്നു.