മെലിഞ്ഞിരിക്കുന്നു എന്ന കാരണത്താൽ അവസരം നഷ്ടമായി, ഇന്ന് മഹേഷ് ബാബു അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രത്തി‌‌ൽ നായിക: ദീപ തോമസ് അഭിമുഖം

മെലിഞ്ഞിരിക്കുന്നു എന്ന കാരണത്താൽ അവസരം നഷ്ടമായി, ഇന്ന് മഹേഷ് ബാബു അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രത്തി‌‌ൽ നായിക: ദീപ തോമസ് അഭിമുഖം
Published on

കരിക്കിന്റെ വെബ് സീരീസിലൂടെയും, ഹോം, സുലേഖ മൻസിൽ, പെരുമാനി എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ നടിയാണ് ദീപ തോമസ്. നടൻ മഹേഷ് ബാബു അവതരിപ്പിക്കുന്ന പുതിയ ചിത്രം 'റാവു ബഹദൂറി'ലൂടെ തന്റെ ആദ്യ തെലുങ്ക് സിനിമയ്ക്ക് വേണ്ടി തയ്യാറെടുക്കുകയാണ് ദീപ തോമസ് ഇപ്പോൾ. നിരൂപക പ്രശംസ നേടിയ "C/o കാഞ്ചരപാലം", "ഉമാ മഹേശ്വര ഉഗ്ര രൂപസ്യ" എന്നീ ചിത്രങ്ങൾക്ക് ശേഷം സത്യദേവിനെ നായകനാക്കി വെങ്കിടേഷ് മഹ സംവിധാനം ചെയ്യുന്ന ചിത്രം മാജിക്കൽ റിയലിസം, ഡാർക്ക് കോമഡി തുടങ്ങിയ വിഭാ​ഗത്തിൽ ഒരുങ്ങുന്ന ചിത്രമാണ്. ആദ്യ ചിത്രം തന്നെ വലിയൊരു ബാനറിനും ക്രൂവിനും ഒപ്പമെന്ന സ്വപ്ന തുല്യമായ നേട്ടത്തിന്റെ സന്തോഷത്തിലാണ് ദീപ തോമസ് ഇപ്പോൾ. പുതിയ ചിത്രത്തെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും ദീപ തോമസ് ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.

സൈഡ് ക്യാരക്ടർ അല്ല, ഇനി നായിക

എന്റെ ആദ്യ തെലുങ്ക് സിനിമയാണ് റാവു ബഹദൂർ. സത്യദേവിന്റെ കഥാപാത്രം റാവു ബഹദൂറിന്റെ നായികയായാണ് ഞാൻ സിനിമയിലെത്തുന്നത്. മാജിക്കൽ റിയലിസം, ഡാർക്ക് കോമഡി തുടങ്ങിയ വിഭാ​ഗത്തിൽ ഒരുങ്ങുന്ന ചിത്രമാണ് റാവു ബഹദൂർ. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. ഞാൻ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഇത്. സിനിമയെക്കുറിച്ച് ഇതിൽ കൂടുതലായി ഒന്നും എനിക്ക് ഇപ്പോൾ പറയാൻ സാധിക്കില്ല.

തെലുങ്ക് പഠിച്ചോ?

എനിക്ക് ഒട്ടും അറിയാത്ത ഒരു ഭാഷയാണ് തെലുങ്ക്. റാവു ബഹദൂർ സിങ്ക് സൗണ്ട് ആണ്. അതുകൊണ്ട് തന്നെ സിനിമയ്ക്ക് വേണ്ടി ഞാൻ തെലുങ്ക് പഠിച്ചു. കൂടാതെ സിനിമയുടെ ചിത്രീകരണത്തോട് അടുപ്പിച്ച് ക്യാമ്പും നടന്നിരുന്നു. തെലുങ്ക് ഇപ്പോൾ എനിക്ക് വളരെ ഇഷ്ടമുള്ള ഭാഷയായി കഴിഞ്ഞു. ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ കാത്തിരുന്ന ഒരു നിമിഷമാണ് ഇത്. കാരണം കുറേ വർഷങ്ങൾക്ക് മുമ്പ് തെലുങ്കിൽ ഒരു സിനിമ ചെയ്യുന്നതിന് വേണ്ടി ഞാൻ ഹൈദരബാദിലേക്ക് പോയിരുന്നു. അവിടെ ഫിലിംന​ഗറിൽ അതിന് വേണ്ടി അന്ന് ഫോട്ടോഷൂട്ട് ഒക്കെ നടന്നു. എന്നാൽ ആ സിനിമയിൽ എനിക്ക് അവസരം ലഭിച്ചില്ല. നിങ്ങൾ വളരെ മെലിഞ്ഞിട്ടാണ്, അതിനാൽ നായികയാക്കാൻ സാധിക്കില്ലെന്നാണ് അവർ നൽകിയ മറുപടി. അങ്ങനെ അവിടെ നിന്നും എനിക്ക് തിരിച്ചു വരേണ്ടി വന്നിട്ടുണ്ട്. വർഷങ്ങൾക്കിപ്പുറമാണ് എനിക്ക് ഇങ്ങനെയൊരു അവസരം കിട്ടുന്നത്. അതുകൊണ്ട് തന്നെ എന്റെ ഏറ്റവും വലിയ നേട്ടമാണ് ഇത്. എനിക്ക് സിനിമയൊന്നും വരാതിരുന്ന ഒരു സമയത്താണ് ഈ പ്രൊജക്ട് എന്നിലേക്ക് എത്തുന്നതും.

നായികയായ ആദ്യ സിനിമ തന്നെ മഹേഷ് ബാബുവിന്റെ ബാനറിൽ, എത്രത്തോളം എക്സൈറ്റഡ് ആണ്?

സ്വപ്നം കാണുന്നത് പോലെയുള്ള ഒരു അവസ്ഥയായിരുന്നു അത്. ഇത്രയും വലിയൊരു ബാനറിന്റെ കീഴിൽ പ്രവർത്തിക്കുക എന്നു പറയുന്നത് വലിയൊരു കാര്യമാണല്ലോ? ഇങ്ങനെ ഒരു അവസരം എന്നെത്തേടി എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എനിക്ക് വളരെ ഇഷ്ടപ്പെട്ട നടൻ കൂടിയാണ് മഹേഷ് ബാബു. അദ്ദേഹത്തിന്റെ സിനിമയിൽ ഒരു ഭാ​ഗമാകാൻ സാധിച്ചതിൽ വളരെയധികം സന്തോഷം ഉണ്ട്. ഈ സിനിമയിലെ നായികയ്ക്ക് വേണ്ടി ഒരു ന്യൂ ഫേയ്സ് തേടിയാണ് അവർ എന്നിലേക്ക് എത്തുന്നത്. മഹേഷ് ബാബു ആണ് സിനിമ പ്രസന്റ് ചെയ്യുന്നത് ആദ്യമേ പറഞ്ഞിരുന്നു. പക്ഷേ അന്ന് അത് കൺഫേം ആയിട്ടുണ്ടായിരുന്നില്ല.

കിങ്ഡത്തിന് ശേഷം സത്യദേവിന്റെ മറ്റൊരു പവർഫുൾ കഥാപാത്രമാണോ റാം ബഹദൂർ?

വളരെ സ്ട്രോങ്ങായ പവർഫുൾ ആയ ഒരു കഥാപാത്രമാണ് ഈ ചിത്രത്തിൽ സത്യദേവിന്റേത്. ഒരു രക്ഷയും ഇല്ലാത്ത പെർഫോമൻസ് ആണ് അദ്ദേഹം ഈ സിനിമയിൽ കാഴ്ച വെച്ചിരിക്കുന്നത്. ഈ സിനിമയ്ക്ക് ശേഷം അദ്ദേഹം കുറേക്കൂടി ശ്രദ്ധിക്കപ്പെടും എന്ന് എനിക്ക് തോന്നുന്നുണ്ട്. അത്രത്തോളം രസകരമായി അദ്ദേഹം പെർഫോം ചെയ്തിട്ടുണ്ട്.

ചെറിയ കഥാപാത്രങ്ങളിൽ നിന്ന് നായികയിലേക്ക്, എന്ത് തോന്നുന്നു?

വളരെ അഭിമാനം തോന്നുന്നുണ്ട്. മലയാളത്തിന് പുറത്ത് ഒരു സിനിമ ചെയ്യാൻ സാധിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അതിൽ വളരെ ഹാപ്പി ആണ്. എനിക്കൊരിക്കലും ഒരു നായികാ കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിക്കില്ല എന്നാണ് മലയാള സിനിമയിൽ തന്നെയുള്ള ഒരാൾ എന്നോട് മുമ്പ് പറഞ്ഞിരുന്നത്. നിങ്ങളുടെ മുഖം ഒരു നായികയ്ക്ക് ചേർന്നതല്ലെന്നും ഒരിക്കലും സിനിമയിൽ ഒരു ലീഡ് റോളിലേക്ക് വരാൻ സാധിക്കില്ലെന്നും അയാൾ പറഞ്ഞിരുന്നു. അങ്ങനെ കേൾക്കുമ്പോൾ തീർച്ചയായും നമ്മുടെ ആത്മവിശ്വാസത്തിന് ഒരു ഇടിവ് സംഭവിക്കുമല്ലോ? സഹകഥാപാത്രങ്ങൾ മാത്രമേ ചെയ്യാൻ സാധിക്കൂ എന്നാണ് അന്നെനിക്ക് തോന്നിയത്. എന്നിട്ടും പലപ്പോഴും ഞാൻ അതിന് വേണ്ടി പരിശ്രമിച്ചിരുന്നു. പക്ഷേ ഇന്ന് എന്നെ ലീഡ് ആയി തീരുമാനിച്ച് ഒരു സിനിമ വന്നപ്പോൾ അതെനിക്ക് തന്ന ആത്മവിശ്വാസം ചെറുതല്ല. ഇത് എന്റെ മാത്രമായുള്ള ഒരു നേട്ടമായിട്ടല്ല കാണുന്നത്. നിങ്ങളെ കാണാൻ കൊള്ളില്ല, അല്ലെങ്കിൽ നിങ്ങൾക്ക് ഇത് ചെയ്യാൻ സാധിക്കില്ല എന്നൊക്കെ പറഞ്ഞ് നമ്മളെ താഴ്ത്തിക്കെട്ടുന്ന കുറേ ആൾക്കാർക്ക് ഇടയിൽ ഈ അവസരം വളരെ ഭ​ഗ്യമായാണ് ഞാൻ കാണുന്നത്. സിനിമയിൽ തന്നെ മികച്ച രീതിയിൽ മുന്നോട്ട് പോകണം എന്നാണ് ആ​ഗ്രഹം.

Related Stories

No stories found.
logo
The Cue
www.thecue.in